Kerala

പോലിസ് സ്റ്റേഷന് നേരെ കല്ലേറ്; 26 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

പോക്‌സോ കേസില്‍ രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലാതോടെ ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവരാണ് കല്ലേറ് നടത്തിയത്. കല്ലേറിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് വ്യക്തമാക്കി.

പോലിസ് സ്റ്റേഷന് നേരെ കല്ലേറ്; 26 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
X

തിരുവനന്തപുരം: പോക്‌സോ കേസില്‍ യുവാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തിയ 26 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തു. കഴിഞ്ഞ രാത്രിയാണ് സംഭവം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അണമുഖം ഈറോഡ് സ്വദേശികളായ രാജീവ് (24), ശ്രീദേവ് (21) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയെന്നുമാണ് പരാതി. ഇതേത്തുടര്‍ന്ന് ഡിവൈഎഫ്ഐ വഞ്ചിയൂര്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനിലേക്ക് സംഘടിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എസ്ഐയെ കാണണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരോട് ആവശ്യപ്പെട്ടു. ഈസമയം എസ്ഐയുടെ മുറിയില്‍ വേറെ പരാതിക്കാരുണ്ടായിരുന്നു. അവര്‍ പോയശേഷം കാണാമെന്ന് പോലിസുകാര്‍ പറഞ്ഞെങ്കിലും ക്ഷുഭിതരായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് സ്റ്റേഷന് പുറത്തിറങ്ങി ജനാലയ്ക്ക് നേരെ കല്ലേറ് നടത്തിയെന്ന് പോലിസ് പറയുന്നു. ജനാലയുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

ഡിവൈഎഫ്ഐ വഞ്ചിയൂര്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് പോലിസ് പറഞ്ഞു. കല്ലേറിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് വ്യക്തമാക്കി. പോക്‌സോ കേസില്‍ പിടികൂടിയ രണ്ടുപേരെയും റിമാന്റ് ചെയ്തതായും സിഐ അറിയിച്ചു.



Next Story

RELATED STORIES

Share it