Kerala

പ്ലസ്‌വണ്‍ പ്രവേശനം: സവര്‍ണ സംവരണം 12.5 ശതമാനം നല്‍കി ഇടതുസര്‍ക്കാര്‍ സാമൂഹികനീതി തകര്‍ക്കുന്നു- എസ് ഡിപിഐ

ആകെയുള്ള 1,36,424 സീറ്റുകളില്‍ 16,711 സീറ്റുകള്‍ സവര്‍ണവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത് ഏതുമാനദണ്ഡപ്രകാരണമാണെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്രയും സീറ്റുകള്‍ അനുവദിച്ചിരിക്കുന്നതില്‍ അപേക്ഷകര്‍ കേവലം 7,744 പേര്‍ മാത്രം. 8,967 സീറ്റുകള്‍ അപേക്ഷകര്‍ പോലുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു.

പ്ലസ്‌വണ്‍ പ്രവേശനം: സവര്‍ണ സംവരണം 12.5 ശതമാനം നല്‍കി ഇടതുസര്‍ക്കാര്‍ സാമൂഹികനീതി തകര്‍ക്കുന്നു- എസ് ഡിപിഐ
X

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിന് മാനദണ്ഡങ്ങള്‍ മറികടന്ന് സവര്‍ണ സംവരണം 12.5 ശതമാനം നല്‍കിയ ഇടതുസര്‍ക്കാരിന്റെ സവര്‍ണ പ്രീണനം പ്രതിഷേധാര്‍ഹമാണെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പിണറായി സര്‍ക്കാര്‍ നടപടി സാമൂഹിക നീതി തകര്‍ക്കുന്നതും പിന്നാക്കവിഭാഗങ്ങളോടുള്ള വെല്ലുവിളിയുമാണ്. ആകെയുള്ള 1,36,424 സീറ്റുകളില്‍ 16,711 സീറ്റുകള്‍ സവര്‍ണവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത് ഏതുമാനദണ്ഡപ്രകാരണമാണെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്രയും സീറ്റുകള്‍ അനുവദിച്ചിരിക്കുന്നതില്‍ അപേക്ഷകര്‍ കേവലം 7,744 പേര്‍ മാത്രം. 8,967 സീറ്റുകള്‍ അപേക്ഷകര്‍ പോലുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു.

കേന്ദ്ര മാനദണ്ഡപ്രകാരം 10 ശതമാനം അനുവദിച്ചാല്‍ പോലും 13,642 സീറ്റിനു മാത്രമാണ് അര്‍ഹതയുള്ളത്. കേവലം 15 ശതമാനം മാത്രം വരുന്ന വിഭാഗത്തിനാണ് ഇത്രയും സീറ്റുകള്‍ സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്. 27 ശതമാനത്തോളം വരുന്ന മുസ്ലിം വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത് 11,313 സീറ്റുകള്‍ മാത്രം. ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കാതെ വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുമ്പോള്‍ സവര്‍ണ സംവരണ സീറ്റുകളായി 2,335 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് മാനേജ്മെന്റുകള്‍ കോഴവാങ്ങുന്നതിനുള്ള അവസരംകൂടി നല്‍കുന്നതാണ്. ഈഴവ വിഭാഗത്തിന് 13,002 സീറ്റുകളാണ് സംവരണം ചെയ്തിരിക്കുന്നത്.

സംവരണവിഭാഗങ്ങളായ പിന്നാക്ക മതന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ പോലും നിഷേധിച്ചാണ് എല്ലാ മാനദണ്ഡങ്ങളും മറികടന്ന് സവര്‍ണവിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ മാറ്റിവച്ചിരിക്കുന്നത്. ഈ അലോട്ട്മെന്റ് പട്ടിക റദ്ദാക്കണമെന്നും സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ പട്ടിക തയ്യാറാക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പിന്നാക്കവിഭാഗങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭസമരങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it