Kerala

പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക്

പരിയാരം മെഡിക്കല്‍ കോളജ്, ഡെന്റല്‍ കോളജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളജ് ഓഫ് നഴ്‌സിങ്, സ്‌കൂള്‍ ഓഫ് നഴ്‌സിങ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളജ് പബ്ലിക് സ്‌കൂള്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്

പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക്
X

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാക്കി മാറ്റാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പരിയാരം കേരള സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസും അക്കാദമി ഓഫ് മെഡിക്കല്‍ സര്‍വീസസും അതിന്റെ എട്ട് അനുബന്ധ സ്ഥാപനങ്ങളും നിലവിലുള്ള ഓര്‍ഡിനന്‍സ് പ്രകാരം പരിമിത കാലത്തേക്കാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനം വഴി ഏറ്റെടുത്തിരുന്നത്. എന്നാല്‍, പുതിയ ഓര്‍ഡിനന്‍സിലൂടെ പരിയാരം മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളജ്, ഡെന്റല്‍ കോളജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളജ് ഓഫ് നഴ്‌സിങ്, സ്‌കൂള്‍ ഓഫ് നഴ്‌സിങ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളജ് പബ്ലിക് സ്‌കൂള്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

മാലിന്യ നിര്‍മാര്‍ജനത്തിന് ആധുനിക സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതിന് കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതികള്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും ഭരണനിര്‍വഹണഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഡോ. എം എ ഖാദര്‍ അധ്യക്ഷനായ വിദഗ്ധസമിതി സമര്‍പ്പിച്ച റിപോര്‍ട്ട് തത്വത്തില്‍ മന്ത്രിസഭ അംഗീകരിച്ചു. ഇത് സംബന്ധിച്ച് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തും.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍ സീക്കുന്ന് നിവാസികള്‍ നേരിടുന്ന പട്ടയപ്രശ്‌നം പരിഹരിക്കും. കൈവശക്കാര്‍ക്ക് വീട് വയ്ക്കാന്‍ 10 സെന്റ് ഭൂമി കണ്‍സഷന്‍ നിരക്കില്‍ വില ഈടാക്കി പട്ടയം നല്‍കും. കൈവശഭൂമിയില്‍ വീടുള്ളവര്‍ക്കും 10 സെന്റ് വരെ പതിച്ചു നല്‍കും.സുല്‍ത്താല്‍ ബത്തേരി വില്ലേജില്‍ ഫെയര്‍ ലാന്റ് കോളനി എന്നറിയപ്പെടുന്ന 18.8 ഹെക്ടര്‍ ഭൂമിയിലെ പട്ടയപ്രശ്‌നം പരിഹരിക്കാന്‍ കൈവശക്കാര്‍ക്ക് 10 സെന്റ് വരെ ഭൂമി പതിച്ചു നല്‍കും. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന് നിലവിലുള്ള അധിക ചുമതലകള്‍ക്ക് പുറമെ തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കാന്‍ തീരുമാനിച്ചു.കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിച്ച ഡോ. ബി അശോകിനെ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.സര്‍വ ശിക്ഷാ അഭിയാന്‍ സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരുന്ന ഡോ. എ പി കുട്ടിക്കൃഷ്ണനെ സമഗ്ര ശിക്ഷാകേരളയുടെ സ്‌റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറായി പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനിച്ചു. വിവിധ വകുപ്പുകളിലായി 85 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കിഫ്ബി പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്റ് അക്വിസിഷന്‍ യൂനിറ്റ് അനുവദിക്കും. ഇതിനുവേണ്ടി ഓരോ യൂനിറ്റിലും 13 തസ്തികകള്‍ സൃഷ്ടിക്കും. കണ്ണൂര്‍ സിറ്റി റോഡ് വികസന പദ്ധതിക്ക് 26 ഹെക്ടര്‍ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കാന്‍ 8 തസ്തികകളുള്ള ലാന്റ് അക്വിസിഷന്‍ യൂനിറ്റ് അനുവദിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എസ്എടി ആശുപത്രിയില്‍ പീഡീയാട്രിക് നെഫ്രോളജി വിഭാഗത്തില്‍ ഡിഎം കോഴ്‌സ് ആരംഭിക്കാന്‍ ഒരു പ്രഫസര്‍ തസ്തികയും 2 സീനിയര്‍ റസിഡന്റ് തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള ആരോഗ്യ സര്‍വകലാശാലയില്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്റെ(ടെക്‌നിക്കല്‍) ഒരു തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കൊല്ലം ജില്ലയിലെ വെണ്‍ചേമ്പ് എംജിപിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലിന്റേതുള്‍പ്പെടെ 15 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സുപ്രണ്ട് ഉള്‍പ്പെടെ 5 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളജില്‍ പഞ്ചകര്‍മ്മ വകുപ്പില്‍ ഒരു പ്രഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലവില്‍ കര്‍ഷകര്‍ക്ക് സംഭരണ വിലയുടെ ഭാഗമായി നല്‍കിവരുന്ന സംസ്ഥാന പ്രോല്‍സാഹന ബോണസ് വിഹിതത്തില്‍ അടുത്ത സംഭരണ സീസണ്‍ മുതല്‍ കിലോഗ്രാമിന് ഒരു രൂപയുടെ വര്‍ധനവ് വരുത്താനാണ് തീരുമാനം.

Next Story

RELATED STORIES

Share it