Kerala

പാലത്തായി കേസ്: കൂടുതല്‍ സമയം വേണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല; കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും

പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ മാതാവിന്റെ ഹരജി ഇന്ന് പരിഗണിച്ചപ്പോഴാണ് എതിര്‍വാദത്തിനായി പ്രതിഭാഗം ഒരാഴ്ച സാവകാശം ചോദിച്ചത്. എന്നാല്‍, വെള്ളിയാഴ്ച വരെ സമയമനുവദിച്ച കോടതി, പ്രതിഭാഗം എതിര്‍വാദമുന്നയിച്ചാലും ഇല്ലെങ്കിലും വെള്ളിയാഴ്ച ആദ്യകേസായി ഇരയുടെ മാതാവിന്റെ ഹരജി അന്തിമവാദത്തിനായി പരിഗണിക്കുമെന്ന് അറിയിച്ചു.

പാലത്തായി കേസ്: കൂടുതല്‍ സമയം വേണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല; കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും
X

പി സി അബ്ദുല്ല

കൊച്ചി: ബിജെപി നേതാവ് പ്രതിയായ പാനൂര്‍ പാലത്തായി ബാലികാപീഡനക്കേസില്‍ എതിര്‍വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. പ്രതി പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ മാതാവിന്റെ ഹരജി ഇന്ന് പരിഗണിച്ചപ്പോഴാണ് എതിര്‍വാദത്തിനായി പ്രതിഭാഗം ഒരാഴ്ച സാവകാശം ചോദിച്ചത്. എന്നാല്‍, വെള്ളിയാഴ്ച വരെ സമയമനുവദിച്ച കോടതി, പ്രതിഭാഗം എതിര്‍വാദമുന്നയിച്ചാലും ഇല്ലെങ്കിലും വെള്ളിയാഴ്ച ആദ്യകേസായി ഇരയുടെ മാതാവിന്റെ ഹരജി അന്തിമവാദത്തിനായി പരിഗണിക്കുമെന്ന് അറിയിച്ചു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേസ് ഡയറി ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥന്‍ വഴി പ്രതി കുനിയില്‍ പത്മരാജന് നോട്ടീസ് അയക്കാനും നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതുപ്രകാരം അന്തിമവാദത്തിനായി ഇന്ന് കേസെടുത്തപ്പോഴാണ് പ്രതിഭാഗം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

ഹൈക്കോടതിമിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.മുഹമ്മദ് ഷാ മുഖാന്തിരം സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഹരജിയില്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ വാദം. കുറ്റപത്രത്തില്‍നിന്നും പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതിനാലാണ് ജാമ്യം നല്‍കിയതെന്ന വാദം നിലനില്‍കില്ല. പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയതായി ജാമ്യം നല്‍കിയ കോടതി കണ്ടെത്തിയാല്‍ അത് കോടതിയുടെ അധികാരപരിധി ഇല്ലാതാക്കുന്നതാണ്. ആ നിലയിലും തലശ്ശേരി കോടതിക്ക് ജാമ്യം നല്‍കാന്‍ അധികാരമില്ല. കേസില്‍ പോക്‌സോ വകുപ്പുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയാണ് ജാമ്യം നല്‍കിയതെങ്കില്‍ ഇരയുടെ വാദം കേള്‍ക്കേണ്ടതുണ്ടായിരുന്നു.

എന്നാല്‍, പ്രതിക്ക് ജാമ്യം നല്‍കുമ്പോള്‍ ഇരയുടെ പക്ഷം കീഴ്‌കോടതി കേട്ടിട്ടില്ല. പ്രതിക്കെതിരേ പോക്‌സോ കുറ്റമില്ലാത്തതിനാല്‍ ഇരയെ കേള്‍ക്കേണ്ട എന്നാണെങ്കില്‍ പോക്‌സോ ഇല്ലാത്ത കേസ് പരിഗണിക്കാനുള്ള അധികാരവും ജാമ്യം നല്‍കിയ കീഴ്‌ക്കോടതിക്കില്ല. പോക്സോ ഒഴിവാക്കിയ കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപ്പെട്ടു. ക്രിമിനല്‍ ചട്ടനിയമത്തിന്റെ 439(1അ) പ്രകാരം ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം നല്‍കിയത് നിയമവിരുദ്ധമാണ്. പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയനേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനും സ്‌കൂള്‍ രേഖകള്‍ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലടച്ച് കേസിന്റെ വിചാരണ നടത്തണമെന്നുമാണ് പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യം.

Next Story

RELATED STORIES

Share it