പുതിയതരം രോഗാണുക്കളെ കണ്ടെത്താന്‍ ഔട്ട്ബ്രേക്ക് മാനേജ്മെന്റ് യൂനിറ്റുകള്‍ സജ്ജമെന്ന് ആരോഗ്യവകുപ്പ്‌

തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ രോഗനിര്‍ണയിന് സഹായിക്കുന്ന ബയോസേഫ്റ്റി ലെവല്‍ 2 ലാബുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലെവല്‍ 3 ലാബ് തുടങ്ങാന്‍ അനുമതിയായിട്ടുണ്ട്.

പുതിയതരം രോഗാണുക്കളെ കണ്ടെത്താന്‍ ഔട്ട്ബ്രേക്ക് മാനേജ്മെന്റ് യൂനിറ്റുകള്‍ സജ്ജമെന്ന് ആരോഗ്യവകുപ്പ്‌

തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് ആരംഭിച്ച ആരോഗ്യ ജാഗ്രത പരിപാടി നാലിന് വൈകിട്ട് അഞ്ച് മണിക്ക് ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യ ജാഗ്രതയിലൂടെ കഴിഞ്ഞ വര്‍ഷം പനിയും പകര്‍ച്ചവ്യാധികളിലൂടെയുള്ള മരണവും നിയന്ത്രിക്കാനായി. ഓഖി, നിപ, പ്രളയം തുടങ്ങിയ ദുരന്തങ്ങളെയും നേരിടാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞു. ആരോഗ്യ ജാഗ്രതയ്ക്കായി പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന പത്ത് പുതിയ തരം രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം രോഗാണുക്കളുടെ സാന്നിധ്യമുള്ള ചില രാജ്യങ്ങള്‍ക്ക് കേരളവുമായി ബന്ധവുമുണ്ട്. പുതിയതരം രോഗാണുക്കളെ കണ്ടെത്താനും രോഗം ബാധിച്ചവരെ നിരീക്ഷിക്കാനും ചികിത്സ നല്‍കാനും മെഡിക്കല്‍ കോളജുകളില്‍ ഔട്ട്ബ്രേക്ക് മാനേജ്മെന്റ് യൂണിറ്റുകള്‍ തയ്യാറാണ്. വിദഗ്ധരടങ്ങിയതാണ് ഈ യൂനിറ്റുകള്‍. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ രോഗനിര്‍ണയിന് സഹായിക്കുന്ന ബയോസേഫ്റ്റി ലെവല്‍ 2 ലാബുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലെവല്‍ 3 ലാബ് തുടങ്ങാന്‍ അനുമതിയായിട്ടുണ്ട്. മെഡിക്കല്‍ കോളജുകളിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയ ശേഷം താഴെതലത്തിലെ ആശുപത്രികളില്‍ ഇത്തരം സൗകര്യങ്ങള്‍ ഉറപ്പാക്കും.

കഴിഞ്ഞ നവംബര്‍ മുതല്‍ തന്നെ കേരളം ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗമാണ്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ടതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് കേരളത്തിന്റെ വിവിധ സ്‌കീമുകളില്‍ സഹായം ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്രആരോഗ്യ സുരക്ഷാ പദ്ധതി ഏപ്രിലോടെ നടപ്പാവുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ആരോഗ്യ ജാഗ്രതയുടെ വിജയം, നിപ, വെള്ളപ്പൊക്കം എന്നിവയുടെ അനുഭവ പാഠം, സുസ്ഥിരവികസന ലക്ഷ്യങ്ങള്‍, ഗുജറാത്തിലും രാജസ്ഥാനിലും സിക്കാ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്, കര്‍ണാടകയിലെ കുരങ്ങു പനി എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ ആരോഗ്യ ജാഗ്രതാ പദ്ധതി കൂടുതല്‍ കാര്യക്ഷമമായും സമയബന്ധിതമായും നടത്തേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യനിര്‍മാര്‍ജനത്തില്‍ ശ്രദ്ധിക്കണം. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ കേരളത്തിലെ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Sudheer H

Sudheer H

Our Contributor help bring you the latest article around you


RELATED STORIES

Share it
Top