Kerala

മൃതദേഹം സംസ്‌കരിക്കല്‍: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്

ഓര്‍ഡിനന്‍സ് അനുസരിച്ച് ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങള്‍ക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അവകാശം ലഭിക്കും.

മൃതദേഹം സംസ്‌കരിക്കല്‍: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്
X

തിരുവനന്തപുരം: ക്രൈസ്തവസഭകള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ക്രൈസ്തവ വിഭാഗങ്ങളില്‍പെട്ടവരുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. ചില പള്ളികളും വിവിധ ഇടവകകളും ഇതുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ചില പള്ളി അധികാരികള്‍ മൃതദേഹം അടക്കംചെയ്യാന്‍ വിസമ്മതിച്ചതുമൂലമുണ്ടായ പ്രശ്‌നങ്ങള്‍ നാം കണ്ടതാണ്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പലവട്ടം ഇടപെട്ടിരുന്നു. ഒടുവില്‍ വിവിധ സഭകളുടെ അധ്യക്ഷന്‍മാരും ഈ പ്രശ്‌നത്തില്‍ ഒത്തുത്തീര്‍പ്പിന് ശ്രമിച്ചു. എന്നാല്‍, ഒരുവിഭാഗം ഇതിനോടൊന്നും സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് നിയമനിര്‍മാണത്തിന് തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് അനുസരിച്ച് ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങള്‍ക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അവകാശം ലഭിക്കും. മരണമടഞ്ഞ ഇടവക അംഗത്തിന്റെ ബന്ധുക്കള്‍ക്ക് മരണാനന്തര ചടങ്ങുകള്‍ ആ ഇടവകപള്ളി സെമിത്തേരിയില്‍ വേണ്ടെന്നുവയ്ക്കാനും അവര്‍ക്കു താല്‍പര്യമുള്ള പുരോഹിതനെക്കൊണ്ട് അവര്‍ തിരഞ്ഞെടുക്കുന്ന മറ്റു സ്ഥലങ്ങളില്‍ മരണാനന്തര ചടങ്ങുകള്‍ നടത്താനും അവകാശമുണ്ടാവും.സഭാതര്‍ക്കത്തില്‍ സുപ്രിംകോടതിയില്‍നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് കല്ലറ തര്‍ക്കം ഉടലെടുത്തത്.

നേരത്തെ മൃതദേഹവുമായി യാക്കോബായ വിഭാഗം സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ മനുഷ്യാവകാശപ്രവര്‍ത്തകരടക്കം വിഷയത്തില്‍ ഇടപെട്ടു. ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ യാക്കോബായ വിഭാഗം സ്വാഗതം ചെയ്തു. അതേസമയം, സുപ്രിംകോടതി വിധിയെ അട്ടിമറിക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ് എങ്കില്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ഓര്‍ത്തഡോക്‌സ് സഭ പ്രതികരിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ചര്‍ച്ചകളൊന്നും നടത്തിയില്ല. സുപ്രിംകോടതി വിധിക്കെതിരായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. സുപ്രിംകോടതി വിധിക്ക് വിരുദ്ധമാണ് ഓര്‍ഡിനന്‍സ് എങ്കില്‍ നിയമപരമായി നേരിടുമെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.

Next Story

RELATED STORIES

Share it