Kerala

പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

നിയമസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സഭാ നടപടികൾ വേഗത്തിലാക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ  നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
X

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നും തടസ്സപ്പെട്ടു. ബഹളത്തെ തുടർന്ന് സഭ ഏറെ നേരം നിർത്തിവച്ചു. തുടർന്ന് നിയമസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സഭാ നടപടികൾ വേഗത്തിലാക്കി നിയമസഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

ഷാഫി പറമ്പിൽ എംഎൽഎക്ക് പോലിസ് മർദ്ദനമേറ്റതിനെ തുടർന്ന് ഇന്നലെ സഭ പ്രക്ഷുബ്ധമായിരുന്നു. ബഹളത്തിനിടെ സ്പീക്കറുടെ ഡയസിൽ കയറി നാല് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചിരുന്നു. ഇവരെ ഇന്ന് സഭ ചേർന്നപ്പോൾ സ്പീക്കർ ശാസിച്ചിരുന്നു. ഇതാണ് ഇന്ന് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ, അന്തസില്ലാത്ത സാഹചര്യത്തില്‍ തുടരാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ചേംബറിലേക്ക് മടങ്ങുകയായിരുന്നു.

എൽഎമാർക്ക് എതിരായ നടപടി ബിജെപി എംഎൽഎ ഒ രാജഗോപാൽ ആവശ്യപ്പെട്ടിട്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തുടർന്ന് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി പോലും പറയാത്ത നടപടി ആരുടേതെന്ന് അറിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

റോജി എം ജോൺ, അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി എന്നിവരെയാണ് ശാസിച്ചത്. സഭയുടെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതിനാൽ നടപടി എടുക്കാതെ നിര്‍വാഹമില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. രാവിലെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചിരുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ഷാഫി പറമ്പിലിനെ മര്‍ദിച്ച പോലിസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ ആവശ്യം അംഗീകരിച്ചിരുന്നില്ല.

Next Story

RELATED STORIES

Share it