Kerala

ഓണ്‍ലൈന്‍ വഴി വിസാ തട്ടിപ്പ് സംഘം സജീവം;ജാഗ്രത വേണമെന്ന് പോലിസ്

നേഴ്സ്മാര്‍ ഉള്‍പ്പടെയുള്ളവരാണ് ഇത്തരം തട്ടിപ്പിന് വിധേയമാകുന്നത്. വിദേശത്തെ സ്ഥാപനങ്ങളുടെ പേരിലാണ് ജോലി തട്ടിപ്പ് നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് അറിയിച്ച് യഥാര്‍ഥത്തില്‍ പരസ്യം നല്‍കിയിട്ടുണ്ടാകും. ഈ പരസ്യം ഉപയോഗിച്ചാണ് സംഘം പണം അപഹരിക്കുന്നതെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു

ഓണ്‍ലൈന്‍ വഴി വിസാ തട്ടിപ്പ് സംഘം സജീവം;ജാഗ്രത വേണമെന്ന് പോലിസ്
X

കൊച്ചി: ഓണ്‍ലൈന്‍ വഴി വിസാ തട്ടിപ്പ് സംഘം സജീവം. വിദേശത്ത് ജോലി സ്വപ്‌നം കണ്ടിരിക്കുന്ന വരുടെ പണം തട്ടിയെടുക്കുന്ന സംഘം വ്യാപകമാകുന്നുവെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ്. നേഴ്സ്മാര്‍ ഉള്‍പ്പടെയുള്ളവരാണ് ഇത്തരം തട്ടിപ്പിന് വിധേയമാകുന്നത്. വിദേശത്തെ സ്ഥാപനങ്ങളുടെ പേരിലാണ് ജോലി തട്ടിപ്പ് നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് അറിയിച്ച് യഥാര്‍ഥത്തില്‍ പരസ്യം നല്‍കിയിട്ടുണ്ടാകും. ഈ പരസ്യം ഉപയോഗിച്ചാണ് സംഘം പണം അപഹരിക്കുന്നതെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

സ്ഥാപനം നല്‍കിയ പരസ്യത്തിന്റെ മാതൃക തയ്യാറാക്കി ഇന്ത്യയിലെ ഇവരുടെ വിലാസമാണ് സംഘങ്ങള്‍ നല്‍കുന്നത്. ഇവരുമായി ബന്ധപ്പെട്ടു കഴിയുമ്പോള്‍ ആദ്യം ചെറിയ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടും. പിന്നിട് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി നല്‍കണം. ഒണ്‍ലൈന്‍ വഴിയാണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ പാസായതായി അറിയിപ്പു ലഭിക്കുകയും പിന്നിട് വിസയ്ക്കും മറ്റുമായി ലക്ഷങ്ങള്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. കുറേയേറെ പണം നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് ഇത് തട്ടിപ്പാണെന്നറിയുന്നത്. തുടര്‍ന്ന് കേസു കൊടുക്കുമ്പോഴേക്കും സംഘം പൊടി തട്ടിപ്പോയിട്ടുണ്ടാകും. ഇത്തരത്തില്‍ ലക്ഷങ്ങള്‍ പോയവര്‍ നിരവധിയാണെന്നും ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രിയുടെ പേരിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്. മാസത്തില്‍ പതിനായിരങ്ങള്‍ സമ്പാദിക്കാം എന്ന പരസ്യം നല്‍കിയാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഫോട്ടോയും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും രജിസ്‌ട്രേഷന്‍ ഫീസായി ഒരു തുകയും വാങ്ങിക്കും. തുടര്‍ന്ന് മാറ്റര്‍ അയച്ചുകൊടുക്കും. ഇതു ശരിയാക്കി അയച്ചു കഴിയുമ്പോള്‍ ഓരോ കാരണം പറഞ്ഞ് നിരാകരിക്കുകയും , നഷ്ടപരിഹാരമായി അയ്യായിരവും പതിനായിരവും ഭീഷണിപ്പെടുത്തി വാങ്ങിക്കുകയുമാണ് ചെയ്യുന്നത്.

പൈസ കൊടുത്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പറയുകയും അതിനായി ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഡിജിറ്റല്‍ ഒപ്പും ചേര്‍ത്ത് മുദ്രപ്പത്രത്തില്‍ സംഘം തയ്യാറാക്കായ നിബന്ധനകള്‍ കാണിക്കുകയാണ് ചെയ്യുന്നത്. ഭയം മൂലം ഉദ്യോഗാര്‍ഥികള്‍ പണം നല്‍കി ഒഴിവാകുകയാണ് പതിവ്. ഇത്തരം സംഘങ്ങളുടെ വലയില്‍പ്പെട്ട് പണം നഷ്ടപ്പെടുത്തരുതെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.

Next Story

RELATED STORIES

Share it