Kerala

എറണാകുളം നിപ മുക്തമായതായി മന്ത്രി കെ കെ ഷൈലജ; സുഖം പ്രാപിച്ച യുവാവ് ആശുപത്രി വിട്ടു

നിപ ബാധിതനായ യുവാവ് പൂര്‍ണമായും രോഗത്തില്‍ നിന്നും മുക്തി നേടിയതായും മന്ത്രി പറഞ്ഞു.എന്നാല്‍ നിപയെ കരുതിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.നിപ വീണ്ടും പ്രത്യക്ഷപ്പെട്ടാലും അതിനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.കോഴിക്കോടിനു ശേഷം എറണാകുളം ജില്ലയിലും നിപ പ്രത്യക്ഷപ്പെട്ടെങ്കിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിരോധിക്കാന്‍ സാധിച്ചു

എറണാകുളം നിപ മുക്തമായതായി മന്ത്രി കെ കെ ഷൈലജ; സുഖം പ്രാപിച്ച യുവാവ് ആശുപത്രി വിട്ടു
X

(ഫയല്‍ ചിത്രം)

കൊച്ചി: എറണാകുളം ജില്ല നിപ മുക്തമായതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ. നിപ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പറവൂര്‍ വടക്കേക്കര സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ യുവാവിനെ ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ് ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.നിപ ബാധിതനായ യുവാവ് പൂര്‍ണമായും രോഗത്തില്‍ നിന്നും മുക്തി നേടിയതായും മന്ത്രി പറഞ്ഞു.എന്നാല്‍ നിപയെ കരുതിയിരിക്കണമെന്നും മന്ത്രി പറഞ്ഞു.നിപ വീണ്ടും പ്രത്യക്ഷപ്പെട്ടാലും അതിനെ നേരിടുമെന്നും മന്ത്രി പറഞ്ഞു.കോഴിക്കോടിനു ശേഷം എറണാകുളം ജില്ലയിലും നിപ പ്രത്യക്ഷപ്പെട്ടെങ്കിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പ്രതിരോധിക്കാന്‍ സാധിച്ചു.

നിപ ബാധ തടയാന്‍ ഇതുവരെ മരുന്നും പ്രതിരോധ കുത്തിവെയ്പും കണ്ടുപിടിക്കാത്തത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും മന്ത്രി കെ കെ ഷൈലജ പറഞ്ഞു.എന്നാല്‍ നിപയെ തുരത്താന്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്ന് കേരളം ഒരിക്കല്‍ കൂടി തെളിയിച്ചു. രോഗത്തെ പ്രതിരോധിക്കാന്‍ വലിയ കൂട്ടായ്മയാണ് ഇവിടെ നടന്നത്. ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ഓസ്‌ട്രേലയിയില്‍ നിന്നടക്കം നമ്മള്‍ മരുന്നു വരുത്തിച്ചെങ്കിലും അത് പ്രയോഗിക്കേണ്ടി വന്നില്ല. മുന്‍കരുതല്‍ എന്ന നിലയിലാണ് അത് നമ്മള്‍ കരുതിവെച്ചതെന്നും മന്ത്രി പറഞ്ഞു. ഇത് പ്രയോഗിക്കുന്നതിനായി ഡോക്ടര്‍മാര്‍ക്കടക്കം പരിശീലനം നല്‍കിയിരുന്നു.

നിപ വീണ്ടും വരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലിനെ തുടര്‍ന്ന് കോഴിക്കോട് രോഗബാധയുണ്ടായതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മുന്‍കരുതല്‍ സ്വീകരിച്ച് നടപടികളുമായി മുന്നോട്ടു പോകുന്നുണ്ടായിരുന്നു.ആശുപത്രികളില്‍ വേണ്ടത്ര സജ്ജീകരണം ഒരുക്കിയിരുന്നു.എറണാകുളത്ത് നിപ റിപോര്‍ട് ചെയ്തതോടെ കളമശേരി മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് പെട്ടന്നു തന്നെ തുടങ്ങാന്‍ സാധിച്ചു.എറണാകുളത്ത് നിപയെ പ്രതിരോധിക്കാന്‍ ഒപ്പം നിന്ന ആരോഗ്യമേഖലയിലെ ഡോക്ടര്‍മാര്‍ അടക്കമുളള മുഴുവന്‍ പേരെയും സംഘടിപ്പിച്ച് ആഗസ്ത് നാലിനെ കളമശേരി മെഡിക്കല്‍ കോളജില്‍ കുട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.നിപയെ പോലെ തന്നെ മറ്റു പകര്‍ച്ച വ്യാധി ഭീഷണിയെയും നേരിടാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്.രോഗത്തെ കരുതിയിരിക്കണം.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പകര്‍ച്ച വ്യാധികള്‍ മൂലമുള്ള മരണം കുറയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും ഇതിന്റെ പേരില്‍ ആശ്വസിച്ചിരിക്കാന്‍ കഴിയില്ല. എപ്പോഴാണ് കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതെന്നോ രോഗം പൊട്ടിപ്പുറപ്പെടുന്നതെന്നോ അറിയാന്‍ കഴിയില്ല.ആരോഗ്യ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തുന്ന നടപടികളുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.കാന്‍സര്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെ കാന്‍സര്‍ കണ്‍ട്രോള്‍ ബോര്‍ഡ് രൂപീകരിക്കുകയാണ്. ഉടന്‍ തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങും.കാന്‍സര്‍ രജിസ്റ്ററിയും രൂപീകരിക്കും.സര്‍ക്കാരിന്റെ എല്ലാ പ്രധാനപ്പെട്ട ആശുപത്രികളിളും സ്‌ട്രോക്ക് യൂനിറ്റുകള്‍ രൂപീക്കാന്‍ പോകുകയാണ്.റോഡപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാനുള്ള സംവിധാനങ്ങളുമായി ഒക്ടോബറില്‍ 315 ആംബുലന്‍സുകള്‍ റോഡിലിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it