Kerala

ബാലഭാസ്കറുടെ മരണം: മൊഴികളില്‍ കുരുങ്ങി അന്വേഷണസംഘം; കൂടുതല്‍പേരെ ചോദ്യം ചെയ്യും

ക്രൈംബ്രാഞ്ച് സംഘം നാളെ യോഗം ചേരും. അന്വേഷണ പുരോഗതി വിലിയിരുത്താനാണ് യോഗം ചേരുന്നത്. ഒളിവിലുള്ള ഡ്രൈവര്‍ അര്‍ജുന്‍, പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണു എന്നിവരെയും ആവശ്യമെങ്കില്‍ പ്രകാശ് തമ്പിയേയും വീണ്ടും ചോദ്യം ചെയ്യും.

ബാലഭാസ്കറുടെ മരണം: മൊഴികളില്‍ കുരുങ്ങി അന്വേഷണസംഘം; കൂടുതല്‍പേരെ ചോദ്യം ചെയ്യും
X

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിലെ ദൂരൂഹത നീക്കാന്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഒളിവിലുള്ള ഡ്രൈവര്‍ അര്‍ജുന്‍, പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണു എന്നിവരെയും ആവശ്യമെങ്കില്‍ പ്രകാശ് തമ്പിയേയും വീണ്ടും ചോദ്യം ചെയ്യും.

ക്രൈംബ്രാഞ്ച് സംഘം നാളെ യോഗം ചേരും. അന്വേഷണ പുരോഗതി വിലിയിരുത്താനാണ് യോഗം ചേരുന്നത്. പ്രകാശന്‍ തമ്പി നല്‍കിയ മൊഴി ശരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അര്‍ജുനെ പിടികൂടിയാല്‍ ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വിശദമായ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. മറ്റ് ചില പരിശോധനാഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.

അതിനിടെ ബാലഭാസ്‌കര്‍ യാത്രക്കിടെ കൊല്ലത്തെ ജ്യൂസ് കടയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് താന്‍ പരിശോധിച്ചതായി സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സഹായി പ്രകാശ് തമ്പി അന്വേഷണ സംഘത്തോട് സമ്മതിച്ചു. കാര്‍ ഓടിച്ചത് താനാണെന്ന് സമ്മതിച്ച അര്‍ജുന്‍ പിന്നീട് മാറ്റിപ്പറഞ്ഞപ്പോള്‍ സ്ഥിരീകരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ബാലഭാസ്കറിന്‍റെ ഫോണ്‍ സൂക്ഷിച്ചത് ലക്ഷ്മിയുടെ അനുമതിയോടെയാണെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കിയിട്ടുണ്ട്. ഈ ഫോണ്‍ ഡിആര്‍ഐയുടെ കസ്റ്റഡിയിലാണ്. തന്‍റെ ഫോണുകളും ലാപ് ടോപ്പുകളും കസ്റ്റഡിയിലെടുത്ത കൂട്ടത്തില്‍ ബാലഭാസ്കറിന്‍റെ ഫോണും ഉണ്ടെന്നാണ് പ്രകാശന്‍ തമ്പി നല്‍കിയ മൊഴി.

വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്ന് അര്‍ജുന്‍ മൊഴി നല്‍കിയതിനെ ചൊല്ലി വഴക്കുണ്ടായെന്നും പ്രകാശന്‍ തമ്പി പറഞ്ഞു. തുടര്‍ന്ന് അര്‍ജുന്‍ ഫോണ്‍ കോളുകളും വാട്സ്ആപ്പിലും ഫേസ് ബുക്കിലും ബ്ലോക്ക് ചെയ്തെന്നും പ്രകാശന്‍ തമ്പി മൊഴി നല്‍കി. മൂന്ന് മാസമായി അര്‍ജുനുമായി യാതൊരു ബന്ധവുമില്ല. ജമീല്‍, സനല്‍രാജ് എന്നിവര്‍ക്കൊപ്പമാണ് ജ്യൂസ് കടയിലെത്തിയതെന്നും തമ്പി പറഞ്ഞു. പ്രകാശ് തമ്പിയുടെ മൊഴി ജമീലും സനല്‍രാജും മാധ്യമങ്ങളോട് ശരിവച്ചു. ജ്യൂസ് കട നടത്തുന്ന ഷംനാദ് നേരത്തേ ഇക്കാര്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാകുകയാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായി ജമീലിനെയും സനല്‍രാജിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

അര്‍ജുന്‍ അസമിലേക്കും ജിഷ്ണു ഹിമാലയത്തിലേക്കും പോയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ അര്‍ജുന്‍ ഗള്‍ഫിലാണെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചനയുണ്ട്. അര്‍ജുനെ കണ്ടെത്തിയാല്‍ ചോദ്യം ചെയ്യാനായി പ്രത്യേക ചോദ്യാവലി ക്രൈംബ്രാഞ്ച് സംഘം തയ്യാറാക്കിയിട്ടുണ്ട്.

എന്നാൽ, ബാലഭാസ്‌കറാണ് അപകടം നടന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് കെഎസ്ആര്‍ടിസി ബസിന്റെ കണ്ടക്ടര്‍ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ ലക്ഷ്മി ഇരുന്നിരുന്നത് മുന്‍ഭാഗത്ത് ഇടതുവശത്താണെന്നും വിജയന്‍ പറഞ്ഞു. അപകടത്തില്‍പെട്ട ബാലഭാസ്‌കറിന്റെ വാഹനത്തിന് പിന്നിലുണ്ടായിരുന്നത് സ്വിഫ്റ്റ് കാറാണെന്നും വെളിപ്പെടുത്തലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ അജിയാണ് ഇക്കാര്യം പറഞ്ഞത്. അപകടം നടന്നതിന് ശേഷം ആ വാഹനം കാണാതായെന്നും അജി പറഞ്ഞു.

Next Story

RELATED STORIES

Share it