Latest News

വണ്ടാനം മെഡിക്കല്‍ കോളേജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോ. ലളിതാംബികയ്‌ക്കെതിരേ കേസെടുത്തു

വണ്ടാനം മെഡിക്കല്‍ കോളേജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോ. ലളിതാംബികയ്‌ക്കെതിരേ കേസെടുത്തു
X

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഉഷ ജോസഫ് എന്ന യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവച്ച സംഭവത്തില്‍ വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയ്‌ക്കെതിരേ കേസെടുത്തു. അമ്പലപ്പുഴ പോലിസാണ് കേസെടുത്തിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയോ മറ്റ് ഡോക്ടേഴ്സോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തി സുരക്ഷയ്ക്കും അപകടകരമാംവിധം പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍. വയറ്റില്‍ കുടുങ്ങിയ കത്രിക മൂലം അഞ്ച് വര്‍ഷത്തോളം വേദന അനുഭവിച്ച ഉഷ ജോസഫിന്റെ ബന്ധുവിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

ബിഎന്‍എസ് 125, 125(എ) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോ. ഷാഹിദയേയും ടീമിലുണ്ടായിരുന്ന നഴ്‌സിങ് ഓഫീസര്‍ പി എസ് ധന്യയേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഡിഎംഇ ഉത്തരവിറക്കി. ഷാഹിദ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലും, ധന്യ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് ഓഫീസറുമാണ്.

ഇന്നലെ ഉച്ചയ്ക്കാണ് ഉഷയുടെ ബന്ധു അമ്പലപ്പുഴ സ്റ്റേഷനിലെത്തി പരാതി സമര്‍പ്പിച്ചത്. 2021 മെയ് മാസം ശസ്ത്രക്രിയ നടത്തിയ ഗൈനക്കോളജി വകുപ്പിന്റെ മേധാവിയാണ് കേസില്‍ പ്രതിചേര്‍ത്ത ഡോ. ലളിതാംബിക. കത്രിക ഏറെക്കാലം വയറ്റിനുള്ളില്‍ കുടുങ്ങിയാലും ഒന്നും സംഭവിക്കില്ലെന്ന വിചിത്രവാദവുമായി ഡോ. ലളിതാംബിക രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

ശസ്ത്രക്രിയയിലെ പിഴവ് വിദഗ്ധസമിതിയും അന്വേഷിക്കുന്നുണ്ട്. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസറും ഫോറന്‍സിക് വിഭാഗം മേധാവിയും സര്‍ജറി വിഭാഗം പ്രൊഫസറുമാണ് വിദഗ്ധ അന്വേഷണസംഘത്തിലുള്ളത്. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ഇന്ന് ശാസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ഇന്നലെ നടന്ന സിടി സ്‌കാനില്‍ കത്രിക ഏത് ഭാഗത്താണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഗ്യാസ്‌ട്രോ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഉഷ നിലവില്‍ നിരീക്ഷണത്തിലാണ്.

ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടര്‍ച്ചയായ രക്തസ്രാവവുമുണ്ടായി. വര്‍ഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവില്‍ ഒരു യൂറോളജി ഡോക്ടറാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം വിശദമായി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും പ്രതികരിച്ചിരുന്നു.

Next Story

RELATED STORIES

Share it