Latest News

'കെ ആര്‍ ഇന്ദിരയുടെ വിദ്വേഷപരാമര്‍ശം, പോലിസ് വേട്ടയാടുന്നത് പരാതിക്കാരനെ'; എം ആര്‍ വിപിന്‍ ദാസ്

കെ ആര്‍ ഇന്ദിരയുടെ വിദ്വേഷപരാമര്‍ശം, പോലിസ് വേട്ടയാടുന്നത് പരാതിക്കാരനെ; എം ആര്‍ വിപിന്‍ ദാസ്
X

കോഴിക്കോട്: പൗരത്വ രജിസ്റ്റര്‍ സമരക്കാലത്ത് മുസ് ലിം സ്ത്രീകളെ അപമാനിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട എഴുത്തുകാരിയും ആകാശവാണി ജീവനക്കാരിയുമായ കെ ആര്‍ ഇന്ദിരക്കെതിരേ പരാതി കൊടുത്തയാളെ കൊടുങ്ങല്ലൂര്‍ പോലിസ് വേട്ടയാടിയെന്ന് എം ആര്‍ വിപിന്‍ ദാസ്. കെ ആര്‍ ഇന്ദിര ഫേസ്ബുക്കിലിട്ട കുറിപ്പ് സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണെന്ന് കാണിച്ചാണ് എം ആര്‍ വിപിന്‍ ദാസ് പരാതി നല്‍കിയത്. എന്നാല്‍, പരാതി നല്‍കിയ വിപിന്‍ദാസിനെ കുറിച്ച് നിരന്തരം സ്പെഷ്യല്‍ ബ്രാഞ്ചിനെ വിട്ട് അന്വേഷിപ്പിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചതെന്ന് വിപിന്‍ ദാസ് പറയുന്നു.

സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ നിരന്തരം വിളിക്കുകയും പൊതുപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും എങ്ങനെ അറിയാമെന്ന് അന്വേഷിക്കുകയുമാണ് ചെയ്തത്. പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമവും പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന് വിപിന്‍ദാസ് പറയുന്നു. ദളിതനായ ഞാന്‍ പരാതി കൊടുത്തത് കൊണ്ടാണോ നടപടി എടുക്കാഞ്ഞതെന്നാണ് സംശയിക്കുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഒരു നീതി ആഗ്രഹിക്കുന്നുണ്ട്, ഇപ്പോഴുള്ള ഇടതുപക്ഷത്തെ സംശയത്തോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാതി നല്‍കിയ ശേഷം സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായിട്ടാണ് ഇന്ദിരക്കെതിരേ മതസ്പര്‍ദയുണ്ടാക്കുന്ന കുറ്റത്തിന് ചുമത്തുന്ന 153 A എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും അദ്ദേഹം പറയുന്നു.

2019ലാണ് വിപിന്‍ദാസ് കെ ആര്‍ ഇന്ദിരക്കെതിരേ കൊടുങ്ങല്ലൂര്‍ പോലിസില്‍ പരാതി നല്‍കിയത്. രണ്ട് വര്‍ഷത്തിന് ശേഷം കേസിന്റെ നിലവിലെ അവസ്ഥ അന്വേഷിച്ച് വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കിയപ്പോഴാണ് പ്രതിയെ കിട്ടാനില്ലാത്തതിനാല്‍ പരാതി അവസാനിപ്പിച്ചുവെന്ന മറുപടി പോലിസില്‍ നിന്ന് ലഭിച്ചത്. നീതി തേടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും വിപിന്‍ദാസ് പറഞ്ഞു. ആകാശവാണി ജീവനക്കാരിയായ കെ ആര്‍ ഇന്ദിരയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിച്ചുവെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ഇന്‍സൈറ്റ് എന്ന യുട്യൂബ് ചാനലില്‍ ബാബുരാജ് ഭഗവതിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിപിന്‍ ദാസ്.

Next Story

RELATED STORIES

Share it