Kerala

വെടിയുണ്ട കാണാതായ സംഭവം: അന്വേഷണം കൂടുതല്‍ പോലിസുകാരിലേക്ക്; സിഎജി റിപോര്‍ട്ടിനെതിരേ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍

ക്യാംപിലേക്ക് കൊടുത്തിട്ടുള്ളതും തിരികെയെത്തിയിട്ടുള്ളതുമായ വെടിയുണ്ടകളുടെയും കെയ്‌സുകളുടെയും കണക്കാവശ്യപ്പെട്ട് ചീഫ് പോലിസ് സ്‌റ്റോറിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.

വെടിയുണ്ട കാണാതായ സംഭവം: അന്വേഷണം കൂടുതല്‍ പോലിസുകാരിലേക്ക്; സിഎജി റിപോര്‍ട്ടിനെതിരേ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍
X

തിരുവനന്തപുരം: എസ്എപി ക്യാംപില്‍നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പോലിസുകാരിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതിപ്പട്ടികയിലുള്ള 11 പോലിസുകാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെടിയുണ്ട കാണാതായതായി സിഎജി കണ്ടെത്തിയ കാലഘട്ടത്തില്‍ ആയുധപ്പുരയുടെ ചുമതലക്കാരായിരുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. ചോദ്യംചെയ്യല്‍ വരുംദിവസങ്ങളില്‍ തുടരും. ക്യാംപിലേക്ക് കൊടുത്തിട്ടുള്ളതും തിരികെയെത്തിയിട്ടുള്ളതുമായ വെടിയുണ്ടകളുടെയും കെയ്‌സുകളുടെയും കണക്കാവശ്യപ്പെട്ട് ചീഫ് പോലിസ് സ്‌റ്റോറിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കി.

കേരളാ പോലിസിന്റെ ആയുധശേഖരത്തില്‍നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയത്. എന്നാല്‍, തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി കണ്ടെത്തലുകള്‍ തള്ളി ആഭ്യന്തരസെക്രട്ടറി കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ ശരിവച്ചാണ് റിപോര്‍ട്ട്. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണുണ്ടായതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, സിഎജി റിപോര്‍ട്ടില്‍ സര്‍ക്കാരിനും പോലിസിനുമെതിരേ ഉയര്‍ന്ന രൂക്ഷവിമര്‍ശനങ്ങളെ പ്രതിരോധിച്ച് ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.

രാഷ്ട്രീയലാഭത്തിന് വേണ്ടി സിഎജി പരാമര്‍ശത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ കരുവാക്കുന്നുവെന്ന് ഐഎഎസ്- ഐപിഎസ് അസോസിയേഷന്‍ സംയുക്തപ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നു. കുടുംബത്തിന്റെ സ്വകാര്യതയെ പോലും മാനിക്കാതെയുള്ള കടന്നുകയറ്റങ്ങള്‍ സാക്ഷരസമൂഹത്തിന് അപമാനകരമാണെന്നും നിര്‍ഭയമായി ജോലിചെയ്യാനുള്ള സാഹചര്യമുണ്ടാവണമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it