Latest News

ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രം, സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും: വി ഡി സതീശന്‍

ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രം, സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും: വി ഡി സതീശന്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വോട്ടെടുപ്പ് തിയതി പ്രഖ്യാപിച്ച് 24 മണിക്കൂറിനകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന മുന്‍ പ്രസ്താവനയില്‍ ഒരു മാറ്റവുമില്ലെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും ടീം യുഡിഎഫ് തയ്യാറാണെന്നും വി ഡി സതീശന്‍.

നിറഞ്ഞ ആത്മവിശ്വാസത്തോടെ ടീം യുഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും, നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ ഉള്‍പ്പെടുന്ന പ്രധാനപ്പെട്ട നേതാക്കളെല്ലാം നാളെ ഡല്‍ഹിയിലെത്തുമെന്നും അവിടെ നിന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്നു. അതില്‍ മാറ്റമില്ല. തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം മൂലമാണ് പ്രഖ്യാപനം വൈകിക്കാന്‍ കാരണം. നാളെ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഒറ്റപ്പെട്ട തര്‍ക്കങ്ങളേയുള്ളൂ. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെയ്ക്കുന്ന കാലം അവസാനിച്ചുവെന്നും നേതാക്കള്‍ കൂടിയാലോചന നടത്തി ഓരോ സീറ്റിലെയും വിജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേയായത് പോസിറ്റീവായാണ് കാണുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. കനത്ത ചൂടാണ് വരുന്നത്. കനത്ത ചൂടിലുള്ള പ്രചരണം എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. മാത്രമല്ല ജനങ്ങളുടെ പണമെടുത്ത് സര്‍ക്കാരിന്റെ പ്രചരണം നടത്താനുള്ള അവസരം കുറയുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണത്തിനുള്ള സമയം കുറവായിരിക്കും എന്നത് മാത്രമാണ് ഒരു കുറവായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ദുര്‍ഭര്‍ണത്തിന് അന്ത്യം കുറിച്ച് പുതുയുഗപ്പിറവിയുണ്ടാകുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടന്ന എല്ലാ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും അത്യപൂര്‍വമായ പ്രകടനമാണ് യുഡിഎഫ് കാഴ്ചവെച്ചത്. അതിനുമുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2019നേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് യുഡിഎഫിനുണ്ടായത്.

ഈ സര്‍ക്കാരിന്റെ തെറ്റായ നടപടികളെ ജനങ്ങളുടെ മുന്നില്‍ യുഡിഎഫ് അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും. എവിടെയെല്ലാം ഗവണ്‍മെന്റ് പരാജയപ്പെട്ടോ അവിടെയെല്ലാം കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള കൃത്യമായ പദ്ധതികളും പരിപാടികളുമായാണ് യുഡിഎഫ് മുന്നോട്ട് വരുന്നത്.

Next Story

RELATED STORIES

Share it