Kerala News

സാങ്കേതിക സര്‍വകലാശാല വിവാദം: മന്ത്രി കെ ടി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫിസ്

ചാന്‍സിലറുടെ അനുമതിയോടെയാവണം പ്രോ ചാന്‍സലറായ മന്ത്രി സര്‍വകലാശാലയുടെ കമ്മിറ്റികളില്‍ പങ്കെടുക്കേണ്ടത്. തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താനുള്ള തീരുമാനം വിസി അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

സാങ്കേതിക സര്‍വകലാശാല വിവാദം: മന്ത്രി കെ ടി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫിസ്
X

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് മന്ത്രി കെ ടി ജലീല്‍ ഇടപെടല്‍ നടത്തിയെന്ന് ഗവര്‍ണറുടെ ഓഫിസ്. സാങ്കേതിക സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ ഓഫിസ് സെക്രട്ടറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപോര്‍ട്ട് സമര്‍പ്പിച്ചു. ചാന്‍സിലര്‍കൂടിയായ ഗവര്‍ണറുടെ അനുമതിയില്ലാതെ സാങ്കേതിക സര്‍വകലാശാല അദാലത്തില്‍ മന്ത്രി പങ്കെടുത്തത് തെറ്റാണ്. ചാന്‍സിലറുടെ അനുമതിയോടെയാവണം പ്രോ ചാന്‍സലറായ മന്ത്രി സര്‍വകലാശാലയുടെ കമ്മിറ്റികളില്‍ പങ്കെടുക്കേണ്ടത്. തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താനുള്ള തീരുമാനം വിസി അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

വിവരാവകാശ നിയമമനുസരിച്ചാണ് രാജ്ഭവന്‍രേഖ പുറത്തായത്. മന്ത്രിക്കെതിരായ റിപോര്‍ട്ട് ഗവര്‍ണറുടെ പരിഗണനയിലാണ്. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ മന്ത്രി കൂട്ടുനിന്നുവെന്നായിരുന്നു ആരോപണം. അഞ്ചാം സെമസ്റ്ററില്‍ ഒരുവിഷയത്തിന് തോറ്റ വിദ്യാര്‍ഥിക്ക് പുനര്‍മൂല്യനിര്‍ണയം നടത്തിയതിന് ശേഷവും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചില്ല. വീണ്ടും മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടവിരുദ്ധമായതിനാല്‍ സാങ്കേതികസര്‍വകലാശാല അപേക്ഷ തള്ളി. തുടര്‍ന്ന് മന്ത്രിയെ വിദ്യാര്‍ഥി സമീപിച്ചു. 2018 ഫെബ്രുവരി 28ന് മന്ത്രി കെ ടി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ ഈ വിഷയം പ്രത്യേക കേസായി പരിഗണിച്ചു.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി അദാലത്തില്‍ നിര്‍ദേശിച്ചു. പുനര്‍മൂല്യനിര്‍ണയത്തില്‍ വിദ്യാര്‍ഥി ബിടെക് പാസായി. മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപെട്ടതെന്ന സര്‍വകലാശാല വിശദീകരണമാണ് ഗവര്‍ണറുടെ സെക്രട്ടറി തള്ളിയത്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും ഇക്കാര്യത്തില്‍ ഗുരുതരവീഴ്ച പറ്റി. മന്ത്രിയുടെ ഉത്തരവില്‍ ജയിച്ച വിദ്യാര്‍ഥിയുടെ ബിരുദം വിസി അംഗീകരിച്ചത് തെറ്റാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സെക്രട്ടറിയുടെ റിപോര്‍ട്ട് ഗവര്‍ണര്‍ പരിശോധിച്ചുവരികയാണെന്നും ഇതിനുശേഷം തുടര്‍നടപടികളുണ്ടാവുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it