Kerala

തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍പട്ടിക; എതിര്‍പ്പുമായി യുഡിഎഫും എല്‍ഡിഎഫും

2019ലെ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍പട്ടിക പുതുക്കാന്‍ 10 കോടിയോളം രൂപ വേണ്ടിവരുമെന്നും വാര്‍ഡ് വിഭജനമെന്ന ഭാരിച്ച ജോലി മുന്നില്‍ നില്‍ക്കുമ്പോള്‍ വോട്ടര്‍പട്ടിക പുതുക്കുന്ന ജോലികൂടി ഏറ്റെടുക്കുന്നത് അമിതഭാരം സൃഷ്ടിക്കുമെന്നും കമ്മീഷണര്‍ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍പട്ടിക; എതിര്‍പ്പുമായി യുഡിഎഫും എല്‍ഡിഎഫും
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഈവര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍പട്ടിക തന്നെ ഉപയോഗിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശതിരഞ്ഞെടുപ്പിനായി 2019ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്ന എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇതില്‍ എതിര്‍പ്പുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അവരുമായി ചര്‍ച്ച നടത്തി ആശങ്കപരിഹരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ 2015ന് ശേഷം 18 വയസ് പൂര്‍ത്തിയായവരെല്ലാം വീണ്ടും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കേണ്ടിവരും. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്തവരുടെ പേരുകള്‍ തദ്ദേശതിരഞ്ഞെടുപ്പിനുള്ള പട്ടികയിലുണ്ടോ എന്ന് ഉറപ്പാക്കണം.

2019ലെ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍പട്ടിക പുതുക്കാന്‍ 10 കോടിയോളം രൂപ വേണ്ടിവരുമെന്നും വാര്‍ഡ് വിഭജനമെന്ന ഭാരിച്ച ജോലി മുന്നില്‍ നില്‍ക്കുമ്പോള്‍ വോട്ടര്‍പട്ടിക പുതുക്കുന്ന ജോലികൂടി ഏറ്റെടുക്കുന്നത് അമിതഭാരം സൃഷ്ടിക്കുമെന്നും കമ്മീഷണര്‍ പറയുന്നു. ഫെബ്രുവരിയില്‍ തദ്ദേശതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് തദ്ദേശതിരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തെ എല്‍ഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2016 നിയസഭാ തിരഞ്ഞെടുപ്പിലും ഉപയോഗിച്ച വോട്ടര്‍പട്ടിക നിയമസഭാ മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയാണ്.

എന്നാല്‍, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് വേണ്ടത് വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍പട്ടികയാണ്. ഈ രണ്ട് വോട്ടര്‍പട്ടികകള്‍ തമ്മില്‍ പൊരുത്തപ്പെടില്ല. അതുകൊണ്ടാണ് 2015ലെ വോട്ടര്‍പട്ടികയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. 2019ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍പട്ടിക തയ്യാറാക്കുകയാണെങ്കില്‍ അതിനായി വീണ്ടും വീടുകള്‍ തോറുമെത്തി വിവരങ്ങള്‍ പരിശോധിക്കേണ്ടിവരും.

എന്നാല്‍, പുതിയ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകില്ലെന്നുമാണ് ഭരണപക്ഷവും പ്രതിപക്ഷവും പറയുന്നത്. എന്നാല്‍, ഇതിനകംതന്നെ 2015ലെ വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് തിരുത്തലുകള്‍ വരുത്തും. അങ്ങനെ ഏറ്റവും പുതിയ വോട്ടര്‍പട്ടികയിലായിരിക്കും തദ്ദേശതിരഞ്ഞെടുപ്പ് നടക്കുകയെന്ന് ഉറപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. അതേസമയം 2015ലെ വോട്ടര്‍ പട്ടികവച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇത്രയുംകാലം സമയമുണ്ടായിട്ടും അവസാനഘട്ടത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it