Kerala

'നിങ്ങളുടെ കൈകളിലും ചോര പുരണ്ടിരിക്കുന്നു' കാനം രാജേന്ദ്രന് ജലീലിന്റെ സഹോദരന്റെ തുറന്ന കത്ത്

സഖാവിനെ വെടിവെച്ചു കൊന്നിട്ട് ഒന്നരമാസത്തോളം കഴിഞ്ഞിട്ടും ഒരക്ഷരം ആ സംഭവത്തെ കുറിച്ച് ഉരിയാടാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടില്ല എന്നതില്‍ നിന്നും ഞങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുന്നത് പിണറായിയുടെ മാത്രമല്ല നിങ്ങളുടെയും കൈകളില്‍ മാവോയിസ്റ്റു വിപ്ലവകാരികളുടെ ചോര പുരണ്ടിരിക്കുന്നു എന്നു തന്നെയാണ്.

നിങ്ങളുടെ കൈകളിലും ചോര പുരണ്ടിരിക്കുന്നു  കാനം രാജേന്ദ്രന് ജലീലിന്റെ സഹോദരന്റെ തുറന്ന കത്ത്
X

കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സി പി ജലീലിന്റെ സഹോദരന്‍ സി പി ജിഷാദിന്റെ തുറന്ന കത്ത്. പിണറായിയുടെ മാത്രമല്ല കാനത്തിന്റെ കൈകളിലും മാവോയിസ്റ്റ് വിപ്ലവകാരിയുടെ ചോര പുരണ്ടിട്ടുണ്ടെന്ന് ജിഷാദ് ആരോപിച്ചു. ജലീലിനെ വെടിവെച്ചു കൊന്നിട്ട് ഒന്നരമാസത്തോളം കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ച് ഒരക്ഷരം ഉരിയാടാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടില്ലെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.


സി പി ജിഷാദിന്റെ കത്തിന്റെ പൂര്‍ണ രൂപം


സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വായിച്ചറിയുന്നതിന് ഒരു തുറന്ന കത്ത്

2019 മാര്‍ച്ച് 6 നു കേരളത്തിന്റെ, അല്ല ഇന്ത്യയിലെ ലോക കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്വരമായ ഒരു രക്ത സാക്ഷിത്വം കേരളത്തില്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. പറഞ്ഞു വരുന്നത് വയനാട് ലക്കിടിയില്‍ സി പി ഐ അടങ്ങുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന കമ്യൂണിസ്റ്റ് വിപ്ലവകാരി സ: സി പി ജലീലിന്റെ രക്തസാക്ഷിത്വത്തെ കുറിച്ചാണ്.

സഖാവിനെ വെടിവെച്ചു കൊന്നിട്ട് ഒന്നരമാസത്തോളം കഴിഞ്ഞിട്ടും ഒരക്ഷരം ആ സംഭവത്തെ കുറിച്ച് ഉരിയാടാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടില്ല എന്നതില്‍ നിന്നും ഞങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുന്നത് പിണറായിയുടെ മാത്രമല്ല നിങ്ങളുടെയും കൈകളില്‍ മാവോയിസ്റ്റു വിപ്ലവകാരികളുടെ ചോര പുരണ്ടിരിക്കുന്നു എന്നു തന്നെയാണ്.

ഒരര്‍ത്ഥത്തില്‍ മാവോയിസ്റ്റു വിപ്ലവകാരികളെ രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ച പിണറായി നിങ്ങളെ അപേക്ഷിച് മാന്യനാണ് താങ്കള്‍ നെറികേടിന്റെ രാഷ്ട്രീയകളിയാണ് കളിക്കുന്നത്. നിലമ്പൂരില്‍ ഭരണകൂടത്തിന്റെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റു വിപ്ലവകാരികളുടെ ചോര കുടിച്ചു ചീര്‍ത്തതാണ് ഇന്ന് താങ്കള്‍ക്കു ഉണ്ടായിരിക്കുന്ന ഈ രാഷ്ട്രീയ ശരീരം. എല്‍ഡിഎഫിനകത്തെ ബലാബലത്തില്‍ തോറ്റു നിലംപരിശായ താങ്കള്‍, സഖാക്കളുടെ രക്തസാക്ഷിത്വത്തെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് ആയുധമാക്കുകയായിരുന്നെന്നത് കാലം സാഷ്യപ്പെടുത്തുകയാണ്. കമ്മ്യൂണിസ്റ്റു വിപ്ലവകാരികളുടെ രക്തം കുടിച്ച സ്വാര്‍ത്ഥനായ തിരുത്തല്‍ വാദി നേതാവായി ജനങ്ങളുടെ ചരിത്രം നിങ്ങളെ അടയാളപ്പെടുത്തും .

ഇന്നത്തെയും അന്നത്തെയും സിപിഐ യുടെയും താങ്കളുടെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തെ അവസ്ഥയെ നിഷ്പക്ഷമായി വിലയിരുത്തുന്ന ഏതൊരാള്‍ക്കും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന വളരെ ലളിതമായ രസതന്ത്രം മാത്രമേ നിലമ്പൂര്‍ കൊലപാതകത്തെ തുടര്‍ന്ന് നിങ്ങള്‍ ഒഴുക്കിയ മുതലക്കണ്ണുനീരിനുള്ളൂ .

നിലമ്പൂരിലെ കരുളായിയില്‍ 2016 നവംബര്‍ 24 നാണ് സഖാക്കള്‍ കുപ്പുദേവരാജിനേയും അജിതയേയും തണ്ടര്‍ബോള്‍ട്ടു ഭീകരസേനയും പോലീസും ചേര്‍ന്നു കൊലപ്പെടുത്തുന്നത് . ഇരുവരും അസുഖ ബാധയാല്‍ കിടപ്പിലായിരുന്നു. ഈ ഭരണകൂട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നിങ്ങള്‍ നടത്തിയ നാടകത്തിനും മറ്റു പല മാവോയിസ്റ്റ് വിഷയങ്ങളിലും വലിയ വായില്‍ സംസാരിച്ച തങ്ങള്‍ക് ഇപ്പോള്‍ എന്തുപറ്റി? ഇതിന്റെ കാരണം ഇലക്ഷനാണോ? അതെ, ഇലക്ഷന്‍ അല്ലാതെ മറ്റൊന്നുമല്ല. ശര്‍ക്കരക്കുടത്തില്‍ കൈയിട്ട നിങ്ങള്‍ ആ വിരല്‍ നക്കിത്തുടക്കുകയാണ്, ഈ വിരലുകളില്‍ നിതിക്കു വേണ്ടി ശബ്ദിച്ച ഒരു വിപ്ലവകാരിയുടെ സഖാവ് സി പി ജലീലിന്റെ ചോരയുടെ രുചിയും നിങ്ങള്‍ക്ക് കിട്ടിക്കാണും. നിങ്ങളുടെ ഈ മൗനം ഇത്തരം ഭരണകൂട കൊലകളുടെ തുടര്‍ച്ചകള്‍ ഉണ്ടാക്കും എന്നതാണ് സൂചിപ്പിക്കുന്നത്. ഓര്‍ക്കുക ജനങ്ങള്‍, അവരാണ് ചരിത്രത്തിന്റെ അവകാശികള്‍, ചരിത്രം കാനം രാജേന്ദ്രന്‍ എന്ന രാഷ്ട്രീയക്കാരനെ രേഖപ്പെടുത്തുക തന്നെ ചെയ്യും.

Next Story

RELATED STORIES

Share it