Kerala

ഉരുള്‍പൊട്ടല്‍: തിരച്ചില്‍ 12ാം ദിവസത്തിലേക്ക്; കണ്ടെത്താനുള്ളത് 18 പേരെ

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്. 20ഓളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.

ഉരുള്‍പൊട്ടല്‍: തിരച്ചില്‍ 12ാം ദിവസത്തിലേക്ക്; കണ്ടെത്താനുള്ളത് 18 പേരെ
X

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തംവിതച്ച മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉള്‍പ്പടെ ഇനി കണ്ടെത്താനുള്ളത് 18 പേരെ. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തുന്നത്. 20ഓളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. ഹൈദരാബാദില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങുന്ന സംഘം ജിപിആര്‍ സംവിധാനമുപയോഗിച്ച് നടത്തിയ തിരച്ചില്‍ വിഫലമായിരുന്നു. കവളപ്പാറയില്‍ ഇതുവരെയുള്ള തിരച്ചിലില്‍ 46 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 13 പേരെക്കൂടിയാണ് കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ രാവിലെ മുതല്‍ വൈകീട്ടുവരെ തിരച്ചില്‍ നടത്തിയിട്ടും ആരെയും കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല.

പുത്തുമല ദുരന്തത്തില്‍ കാണാതായ അഞ്ചുപേരെയാണ് ഇനി കണ്ടെത്തേണ്ടത്. പുത്തുമലയിലെ തിരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന് തിരച്ചില്‍. ദുരന്തമേഖലയില്‍നിന്ന് ആറുകിലോമീറ്റര്‍ മാറിയാണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസവും ഈ മേഖലയില്‍നിന്ന് മൃതദേഹങ്ങള്‍ കിട്ടിയിരുന്നു. പുത്തുമലയില്‍ അപകടത്തില്‍പ്പെട്ടവര്‍ മലവെള്ളപ്പാച്ചിലില്‍ സൂചിപ്പാറയിലെത്തിയേക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് തിരച്ചില്‍ ഇങ്ങോട്ടുമാറ്റിയത്. പുത്തുമലയില്‍ ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച് ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

Next Story

RELATED STORIES

Share it