Kerala

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പിലെ കൊലപാതകം: പ്രതി അറസ്റ്റില്‍

കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടില്‍ പൊടിക്കുട്ടിയുടെ മകന്‍ സത്യന്‍ (45) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട പൊന്നമ്മയുമായി ബന്ധമുണ്ടായിരുന്ന സത്യന്‍ നിരീക്ഷണത്തിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ഗാന്ധിനഗര്‍ എസ്എച്ച്ഒ അനൂപ് ജോസ് പറഞ്ഞു. നേരത്തെ പൊന്നമ്മയുമായി സത്യന് അടുപ്പമുണ്ടായിരുന്നു. എന്നാല്‍, മൂന്നുമാസമായി ഇരുവരുമായി അകല്‍ച്ചയിലായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പിലെ കൊലപാതകം: പ്രതി അറസ്റ്റില്‍
X

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്‍പനക്കാരി തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേപറമ്പില്‍ പൊന്നമ്മ (55) കൊല്ലപ്പെട്ട കേസിലെ പ്രതി അറസ്റ്റിലായി. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടില്‍ പൊടിക്കുട്ടിയുടെ മകന്‍ സത്യന്‍ (45) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട പൊന്നമ്മയുമായി ബന്ധമുണ്ടായിരുന്ന സത്യന്‍ നിരീക്ഷണത്തിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ഗാന്ധിനഗര്‍ എസ്എച്ച്ഒ അനൂപ് ജോസ് പറഞ്ഞു. നേരത്തെ പൊന്നമ്മയുമായി സത്യന് അടുപ്പമുണ്ടായിരുന്നു. എന്നാല്‍, മൂന്നുമാസമായി ഇരുവരുമായി അകല്‍ച്ചയിലായിരുന്നു.

സത്യനെ പൊന്നമ്മ ഒഴിവാക്കാന്‍ ശ്രമിച്ചു. രണ്ടുതവണ പൊന്നമ്മ സത്യനെ ഉപദ്രവിക്കുകയും ചെയ്തു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. ഈമാസം എട്ടിന് രാത്രി ഒമ്പതു മണിയോടെ കാന്‍സര്‍ വാര്‍ഡിന്റെ പിന്‍വശത്തുവച്ച് ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. പ്രശ്‌നം മൂര്‍ച്ഛിച്ചതോടെ സത്യന്‍ കമ്പിവടിക്ക് പൊന്നമ്മയുടെ തലയ്ക്കടിച്ചു. അടികൊണ്ട് പൊന്നമ്മ ഓടി ഒരു കുഴിയില്‍ വീണു. അവിടെവച്ച് വീണ്ടും രണ്ടുതവണ തലയ്ക്കടിച്ചു. ഇതോടെ രക്തം വാര്‍ന്ന് കുഴിയില്‍ കിടന്നു മരിച്ചു. കൊല്ലാനുപയോഗിച്ച കമ്പിവടി കാട്ടിലേക്കെറിഞ്ഞു കളഞ്ഞതായി പ്രതി പോലിസിന് മൊഴി നല്‍കി.

പൊന്നമ്മയുടെ രണ്ടുപവന്റെ ആഭരണം പ്രതി കൈക്കലാക്കി. ഇതെവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല. ലോട്ടറിയും 40 രൂപയുമാണ് പൊന്നമ്മയുടെ പക്കലുണ്ടായിരുന്നത്. ശനിയാഴ്ചയാണ് പൊന്നമ്മയുടെ അഴുകിയ മൃതദേഹം മെഡിക്കല്‍ കോളജ് കാന്‍സര്‍ വാര്‍ഡിനു പിന്നിലെ കാട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലിസ് നടത്തിയ പരിശോധനയില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ഗാന്ധിനഗര്‍ എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ പി ഐ റെനീഷ്, എഎസ്‌ഐമാരായ പി കെ അജിമോന്‍, എം പി അജി, നോബിള്‍, സിപിഒമാരായ സന്തോഷ്, ഗിരീഷ്, കെ എന്‍ അംബിക, ഷീജ എന്നിവരാണ് കേസന്വേഷിച്ചത്.

Next Story

RELATED STORIES

Share it