Kerala

മോദിക്കും രാഹുലിനും ഒരേ സ്വരമെന്ന് കോടിയേരി

പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ കേരളം നേടിയ നേട്ടങ്ങള്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. ഇക്കാര്യത്തിലാണ് മോദി ചോദിക്കുന്ന ചോദ്യം രാഹുല്‍ ഗാന്ധിയും ചോദിക്കുന്നത്.

മോദിക്കും രാഹുലിനും ഒരേ സ്വരമെന്ന് കോടിയേരി
X

തിരുവനന്തപുരം: കേരളത്തില്‍ വരുമ്പോള്‍ നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊതുവിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ കേരളം നേടിയ നേട്ടങ്ങള്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. ഇക്കാര്യത്തിലാണ് മോദി ചോദിക്കുന്ന ചോദ്യം രാഹുല്‍ ഗാന്ധിയും ചോദിക്കുന്നത്.

യോഗി ആദിത്യനാഥും കേരളത്തിലെ ആശുപത്രികളെക്കുറിച്ച് ഇതേ ചോദ്യം ചോദിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ വലിയ അബദ്ധത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. കേരളത്തിലുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ധാരണകള്‍ മാറിവരുന്നുണ്ട്. സിപിഎമ്മിനെ മുഖ്യശത്രുവായി കാണുകയും ബിജെപിയെ വെള്ളപൂശുകയുമാണ് അദ്ദേഹം ചെയ്യുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഡല്‍ഹിയില്‍ ഒരഭിപ്രായവും കേരളത്തില്‍ വരുമ്പോള്‍ മറ്റൊരു അഭിപ്രായവുമാവുന്നത് എങ്ങനെയാണ്. ജിഎസ്ടിയും നോട്ടുനിരോധനവും ആദ്യം അനുകൂലിച്ചവര്‍ ഇപ്പോള്‍ തിരഞ്ഞടുപ്പ് മുന്നില്‍കണ്ട് ജിഎസ്ടി ഒഴിവാക്കുമെന്ന് പറയുന്നു.

രാഹുലിന്റെ തിരഞ്ഞടുപ്പ് ഗിമ്മിക്കുകളൊന്നും ഇനി ചെലവാകാന്‍ പോവുന്നില്ല. കോണ്‍ഗ്രസിനെ അറിയുന്ന ആരും ഇതില്‍ വീഴില്ല. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്രവിജയം നേടും. 2004ല്‍ ഒരു സീറ്റും നേടാനായിട്ടില്ലെന്ന് കോണ്‍ഗ്രസിന് ഓര്‍മയുണ്ടാവണമെന്നും കോടിയേരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it