Kerala

കോഴിക്കോട്ടെ കലാപാഹ്വാനം: ശക്തമായ നടപടി വേണമെന്ന് കോടിയേരി

സംഘപരിവാര്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സര്‍ക്കാര്‍ ഇത് ഗൗരവത്തോടെ കാണണം

കോഴിക്കോട്ടെ കലാപാഹ്വാനം: ശക്തമായ നടപടി വേണമെന്ന് കോടിയേരി
X

തിരുവനന്തപുരം: കോഴിക്കോട് മിഠായിത്തെരുവില്‍ വര്‍ഗീയകലാപത്തിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘപരിവാര്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സര്‍ക്കാര്‍ ഇത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് ശ്രമം നടത്തുകയാണ്.

ശബരിമലയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഉത്തരേന്ത്യയില്‍ നുണകള്‍ പ്രചരിപ്പിക്കാന്‍ ആര്‍എസ്എസ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു. കേരളത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉയര്‍ത്തി പിടിച്ചു. അതുകൊണ്ടാണ് ഭയപ്പെടുത്തി കീഴ്പ്പെടുത്താന്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നിലപാട് സോണിയാഗാന്ധി തള്ളിക്കളഞ്ഞത് സ്വാഗതാര്‍ഹമാണ്. ഹൈക്കമാന്റ് നിലപാട് തള്ളിയാണ് രമേശ് ചെന്നിത്തല പ്രവര്‍ത്തിക്കുന്നത്. പുതിയൊരു കേരള കോണ്‍ഗ്രസിനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹര്‍ത്താലിലെ അക്രമങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. ശബരിമലയിലേക്ക് സ്ത്രീകളെ ആരും നൂലില്‍ കെട്ടി താഴ്ത്തിയതല്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും ആര് വന്നാലും സുരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ കിളിമാനൂര്‍ കൊടുവഴന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

8, 9 തീയതികളില്‍ കടയടക്കണമെന്ന് ട്രേഡ് യൂനിയനുകള്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടില്ല. കടയടക്കണോ വേണ്ടയോ എന്ന് വ്യാപാരികള്‍ തന്നെ തീരുമാനിക്കട്ടെ. നിര്‍ബന്ധിച്ച് അടയ്ക്കണമെന്ന് ഒരിക്കലും പറയില്ലെന്നും, സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Next Story

RELATED STORIES

Share it