Kerala

മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

മലപ്പുറം, പൊന്നാനി, വെളിയങ്കോട്, പുതുവളപ്പില്‍ വീട്ടില്‍, അജ്മല്‍(21), മലപ്പുറം, പൊന്നാനി, കറുത്ത കുഞ്ഞാലിന്റെ വീട്ടില്‍, അനസ് (25), എന്നിവരാണ് ഇടപ്പിള്ളി ഭാഗത്ത് നിന്നും പിടിയിലായത്.ഇവരില്‍ നിന്ന് സിന്തറ്റിക് ഡ്രഗ്‌സായ 10 ഗ്രാം മെത്തലിന്‍ ഡയോക്‌സി മെത്താ ഫിറ്റമിന്‍ (എംഡിഎംഎ) പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു

മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍
X

കൊച്ചി: കൊച്ചിയില്‍ വില്‍പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ എംഡിഎയുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയിലായി.മലപ്പുറം, പൊന്നാനി, വെളിയങ്കോട്, പുതുവളപ്പില്‍ വീട്ടില്‍, അജ്മല്‍(21), മലപ്പുറം, പൊന്നാനി, കറുത്ത കുഞ്ഞാലിന്റെ വീട്ടില്‍, അനസ് (25), എന്നിവരാണ് ഇടപ്പിള്ളി ഭാഗത്ത് നിന്നും പിടിയിലായത്.ഇവരില്‍ നിന്ന് സിന്തറ്റിക് ഡ്രഗ്‌സായ 10 ഗ്രാം മെത്തലിന്‍ ഡയോക്‌സി മെത്താ ഫിറ്റമിന്‍ (എംഡിഎംഎ) പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.ഇത് കമേഴ്‌സ്യല്‍ ക്വാണ്ടിറ്റിയാണ്. കൈവശം വയ്ക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പോലിസ് പറഞ്ഞു.

പ്രതികള്‍ ഇരുവരും മാസങ്ങളായി ലോഡ്ജുകളില്‍ താമസിച്ച് മയക്കു മരുന്നു വില്‍പന നടത്തുന്നതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ ഡാന്‍സാഫിന്റെനിരീക്ഷണത്തിലായിരുന്നു.കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രേയുടെ നിര്‍ദ്ദേശപ്രകാരം അസി. കമ്മീഷണ്‍ കെ എ അബ്ദുള്‍ സലാം, പാലാരിവട്ടം ഇന്‍സ്പക്ടര്‍ അനീഷ്(ഇന്‍ ചാര്‍ജ് ), ഡാന്‍സാഫ് ,എസ് ഐ ജോസഫ് സാജന്‍, എളമക്കര എസ് ഐ സി കെ രാജു, എഎസ്‌ഐ ഫൈസല്‍,,ഡാന്‍സാഫിലെ പോലിസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.എളമക്കര പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം ആരംഭിച്ചു.


ബംഗളുരു,ഗോവ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇടനിലക്കാര്‍ വഴി മയക്ക് മരുന്ന് വടക്കന്‍ ജില്ലകളില്‍ എത്തിച്ചതിനു ശേഷം ഇവിടെ നിന്നും കൊച്ചിയില്‍ കൊണ്ടുവന്ന് ചില്ലറ വില്‍പന നടത്തുകയാണ് ചെയ്യുന്നത്.എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ മുതലായവ 'വല്ല്യവന്‍' എന്ന പേരിലറിയപ്പെടുന്ന ചാവക്കാടുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവനെ പൊന്നാനിയില്‍ വച്ച് രണ്ടര ലിറ്റര്‍ ഹാഷിഷ് ഓയിലുമായി പിടികൂടുന്നതിനിടയില്‍ രക്ഷപെട്ട് ഒളിവിലാണ്. ഇയാളാണ് ഇവര്‍ക്ക് ലഹരി മരുന്നുകള്‍ വില്‍പനക്കായി കൊടുക്കുന്നതെന്ന് പോലിസ് പറഞ്ഞു.

കൊച്ചിയിലെ ഷോപ്പുകളിലും മറ്റും ജോലിക്കാരായി നിന്നാണ് കൂടുതല്‍ പേരും മയക്ക് മരുന്ന് കച്ചവടം ചെയ്യുന്നത്.മയക്കുമരുന്നു വില്‍പന സംഘത്തെ പിടികൂടുന്നതിനായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍, നാഗരാജുവിന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചിയിലെ വൈറ്റില ഹബ്ബ്, കെഎസ്ആര്‍ ടി സി, നോര്‍ത്ത്, സൗത്ത് റയില്‍വേ സ്റ്റേഷനുകള്‍, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ,പള്ളുരുത്തി കാക്കനാട് തുടങ്ങിയ പ്രദേശങ്ങളില്‍ കൊച്ചി സിറ്റി ഡാന്‍സാഫും, അതാത് പ്രദേശത്തെ പോലിസും ചേര്‍ന്ന് കര്‍ശനമായ രഹസ്യ പരിശോധനകള്‍ നടത്തിവരികയാണ്.

കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന്, കഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നതായി വിവരം ലഭിച്ചാല്‍ കമ്മീഷണറെ നേരിട്ട് വീഡിയോ , ഓഡിയോ, ചിത്രങ്ങളായോ യോദ്ധാ എന്ന രഹസ്യ വാട്ട്‌സ് ആപ്പിലേക്ക് 9995966666 എന്ന നമ്പറില്‍ അയക്കുകയോ, ഡാന്‍സാഫിന്റെ 9497980430 എന്ന നമ്പറില്‍ അയക്കുകയോ ചെയ്യണമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഇത്തരത്തില്‍ വിവരം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it