Kerala

കൊച്ചി കോര്‍പറേഷന്‍:ഡെപ്യൂടി മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്; കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ എല്‍ഡിഎഫ്

മേയര്‍ സൗമിനി ജെയിനെ നീക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് ഭിന്നത രൂക്ഷമായതിനിടെയാണ് തിരഞ്ഞെടുപ്പ്. ഐ വിഭാഗത്തില്‍ നിന്നുള്ള കൗണ്‍സിലര്‍ കെ ആര്‍ പ്രേമകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പ്രതിപക്ഷനേതാവ് കെ ജെ ആന്റണിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കൗണ്‍സിലറും ഡെപ്യൂടി മേയറുമായിരുന്ന ടി ജെ വിനോദ് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ നിയമസഭാംഗമായതോടെയാണ് ഡെപ്യുട്ടി മേയര്‍സ്ഥാനത്ത് ഒഴിവുണ്ടായത്

കൊച്ചി കോര്‍പറേഷന്‍:ഡെപ്യൂടി മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന്; കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ എല്‍ഡിഎഫ്
X

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ ഒരു വിഭാഗം കലാപമുയര്‍ത്തി നില്‍ക്കുന്നതിനിടയില്‍ കോര്‍പറേഷനിലെ ഡെപ്യൂടി മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയര്‍ സൗമിനി ജെയിനെ നീക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷത്ത് ഭിന്നത രൂക്ഷമായതിനിടെയാണ് തിരഞ്ഞെടുപ്പ്. ഐ വിഭാഗത്തില്‍ നിന്നുള്ള കൗണ്‍സിലര്‍ കെ ആര്‍ പ്രേമകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പ്രതിപക്ഷനേതാവ് കെ ജെ ആന്റണിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കൗണ്‍സിലറും ഡെപ്യൂടി മേയറുമായിരുന്ന ടി ജെ വിനോദ് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ നിയമസഭാംഗമായതോടെയാണ് ഡെപ്യുട്ടി മേയര്‍സ്ഥാനത്ത് ഒഴിവുണ്ടായത്. വിനോദ് രാജിവച്ചതോടെ കൗണ്‍സിലില്‍ 73 അംഗങ്ങളാണുള്ളത്. സ്വതന്ത്രാംഗം ഗീതാ പ്രഭാകരന്റെതുള്‍പ്പെടെ യുഡിഎഫിന് 37 അംഗങ്ങളുടെ പിന്തുണയാണുണ്ടായിരുന്നത്. എന്നാല്‍ മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ മാറ്റുന്ന പ്രശ്നത്തില്‍ ഗീതാ പ്രഭാകരന്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ അംഗബലം 36 ആയി കുറഞ്ഞു.

കോണ്‍ഗ്രസിലെ തന്നെ മറ്റു ചില വനിതാ കൗണ്‍സിലര്‍മാര്‍ക്കും സൗമിനിയെ മാറ്റുന്നതിനോട് എതിര്‍പ്പുണ്ട്.കോണ്‍ഗ്രസിന് 33 കൗണ്‍സിലര്‍മാരും മുസ്ലിം ലീഗിന് രണ്ടും കേരള കോണ്‍ഗ്രസ് എമ്മിന് ഒന്നും അംഗങ്ങളാണുള്ളത്.എല്‍ഡിഎഫിന് 34 അംഗങ്ങളുടെ പിന്തുണയുണ്ട്.ബിജെപിക്ക് രണ്ടംഗങ്ങളാണുള്ളത്.യുഡിഎഫും എല്‍ഡിഎഫുമായി നിലവില്‍ 2 അംഗങ്ങളുടെ വ്യത്യാസമാണുള്ളത്.കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ക്ക് തുല്യഅംഗബലമാണുള്ളതെങ്കിലും മേയര്‍ സ്ഥാനം എ ഗ്രൂപ്പിനും ഡെപ്യുട്ടി മേയര്‍ സ്ഥാനം ഐ ഗ്രുപ്പിനുമാണ് പങ്കുവച്ചിട്ടുള്ളത്. മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗം സൗമിനി ജെയിനൊപ്പമാണ്. എന്നാല്‍ ഐ ഗ്രൂപ്പ് പരസ്യമായി തന്നെ സൗമിനി വിരുദ്ധപക്ഷത്താണ്. സൗമിനിയെ മേയര്‍സ്ഥാനത്തു നിന്നു നീക്കുന്ന കാര്യത്തില്‍ നേതൃത്വത്തില്‍ നിന്ന് വ്യക്തമായ ഉറപ്പൊന്നും കിട്ടിയിട്ടില്ല.

മേയര്‍ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന രണ്ട് അംഗങ്ങളെ അനുനയിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിന് ശേഷംകെപിസിസിയില്‍ മേയറെ മാറ്റുന്നതിനായി സമ്മര്‍ദം ചെലുത്തുകയാണ് ലക്ഷ്യം.അതിന് മുന്നോടിയായി സൗമിനി ജെയിനെ അനുനയിപ്പിക്കാനും ശ്രമംനടക്കുന്നുണ്ട്.ഇതിനിടെ മേയര്‍ മാറ്റം സംബന്ധിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടിമേയര്‍ സ്ഥാനംപിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നീക്കം ശക്തമാക്കിയിട്ടുണ്ട്.യുഡിഎഫിലെ ആശയക്കുഴപ്പങ്ങള്‍ മുതലെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ നേതാവിനെയാണ് അങ്കത്തിന് ഇറക്കിയിരിക്കുന്നത്.യുഡിഎഫിന് നേരിയ ഭൂരിപക്ഷം മാത്രമുള്ള കോര്‍പ്പറേഷനില്‍ ഇടഞ്ഞു നില്‍ക്കുന്ന യുഡിഎഫ് അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it