Kerala

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ

ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയ സുപ്രിംകോടതി വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ പാടില്ലെന്നും അറിയിച്ചു. മാത്രമല്ല, അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതു വരെയാണ് സ്റ്റേ നല്‍കിയത്.

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ
X

ന്യൂഡല്‍ഹി: അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയ സുപ്രിംകോടതി വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ പാടില്ലെന്നും അറിയിച്ചു. മാത്രമല്ല, അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതു വരെയാണ് സ്റ്റേ നല്‍കിയത്. ഹരജിയില്‍ എതിര്‍കക്ഷിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ്‌കുമാറിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. വര്‍ഗീയപ്രചാരണത്തിലൂടെയും വ്യക്തിഗതമായി അധിക്ഷേപിച്ചും പ്രചാരണം നടത്തിയെന്ന പരാതിയിലാണ് ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതിനു കെ എം ഷാജിയെ ഹൈക്കോടതി ജഡ്ജി പി ഡി രാജന്‍ അയോഗ്യനാക്കിയത്.

അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ 6 വര്‍ഷത്തേക്കു മല്‍സരിക്കുന്നതില്‍നിന്നും വിലക്കുകയും ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അമുസ്്‌ലിമായ നികേഷ് കുമാറിനു വോട്ട് ചെയ്താല്‍ സിറാത്തിന്റെ പാലം കടക്കില്ലെന്നും മുസ്്‌ലിമായ കെ മുഹമ്മദ് ഷാജിക്ക് വോട്ട് ചെയ്യണമെന്നുമുള്ള നോട്ടീസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിടികൂടിയെന്ന പരാതിയിലായിരുന്നു നടപടി. എന്നാല്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ പോവാന്‍ സമയം തേടിയതിനെ തുടര്‍ന്ന് ഇതേ ബെഞ്ച് തന്നെ അയോഗ്യതയ്ക്കു രണ്ടാഴ്ച സ്‌റ്റേ നല്‍കി. സ്‌റ്റേ കാലാവധി 23നു കഴിഞ്ഞതോടെ ഷാജി നിയമസഭാംഗമല്ലാതായതായി പിറ്റേന്ന് നിയമസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചിരുന്നു. ഇതിനിടെ ഷാജിക്ക് നിയമസഭയില്‍ പങ്കെടുക്കാമെന്ന് സുപ്രിംകോടതി വാക്കാല്‍ അറിയിപ്പ് നല്‍കിയെങ്കിലും രേഖാമൂലം നല്‍കാത്തതിനാല്‍ ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ലീഗ് നേതാവും എംഎല്‍എയുമായ പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞിരുന്നു.

Next Story

RELATED STORIES

Share it