- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിചാരണക്കോടതി എന്തുകൊണ്ട് ദിലീപിനെ വെറുതെവിട്ടു ?

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്ന കേസിലെ സെഷന്‍സ് കോടതി വിധിയിലെ പൂര്‍ണ്ണവിവരങ്ങള്‍ പുറത്ത്. നടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് വ്യക്തമാക്കിയ കോടതി നടന്‍ ദിലീപിനെതിരേ യാതൊരു തെളിവുകളും ഇല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ വിചാരണയില്‍ പോലിസിന് പറ്റിയ വീഴ്ചകളും പോലിസിന്റെ ചില പ്രവൃത്തികളിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയെന്ന് പറയുന്ന കത്ത്, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവിലെ വ്യത്യാസം തുടങ്ങിയ വിവാദ വിഷയങ്ങളിലും കോടതി വിശദമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പോലിസ് കോടതിയില്‍ വാദിച്ചത്-പോലിസ് കേസിന്റെ ഉള്ളടക്കം ചുരുക്കത്തില്‍
ആക്രമണത്തിന് ഇരയായ നടി, നടന്‍ ദിലീപിന് നടി കാവ്യമാധവനുമായ് ഉണ്ടെന്ന് പ്രചരിപ്പിക്കപ്പെട്ട ബന്ധത്തെ കുറിച്ച് ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ക്ക് സന്ദേശം അയച്ചു. കൂടാതെ മറ്റു രണ്ടു നടിമാരോടും പറഞ്ഞു. അതുകൊണ്ട് യുവനടിയെ നശിപ്പിക്കണമെന്ന ആഗ്രഹം ദിലീപിനുണ്ടായിരുന്നുവെന്ന് പോലിസ് ആരോപിക്കുന്നു.
2013 മാര്‍ച്ചിലും ഏപ്രിലിലും കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലേക്ക് ദിലീപ് പള്‍സര്‍ സുനിയെ വിളിപ്പിച്ചുവത്രെ. നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിര്‍ദേശം നല്‍കിയത്രെ. സുനി അതിന് സമ്മതിച്ചു. 2015ല്‍ തൃശൂരിലെ ജോയ് പാലസ് ഹോട്ടലിലെ പാര്‍ക്കിങില്‍ സുനിയും ദിലീപും ഗൂഡാലോചന നടത്തി. അന്ന് പതിനായിരം രൂപ നല്‍കി. പിന്നീട് ഒരുലക്ഷം നല്‍കാമെന്ന് പറഞ്ഞു. കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമയുടെ ഷൂട്ടിങ് സൈറ്റില്‍ വച്ച് ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ 30,000 രൂപ സുനിക്ക് നല്‍കി.
2016 നവംബര്‍ എട്ടിന് ദിലീപും പള്‍സര്‍ സുനിയും വീണ്ടും ഗൂഡാലോചന നടത്തി. ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ തോപ്പുംമ്പടിയില്‍ വച്ചാണ് ഇത് നടന്നതെന്ന് പോലിസ്. യുവനടി ഉടന്‍ വിവാഹം കഴിക്കുമെന്നും അവര്‍ സിനിമയില്‍ നിന്നും പോവുമെന്നും അതിന് മുമ്പ് വേണമെന്നും ദിലീപ് ആവശ്യപ്പെട്ടത്രെ. പിന്നീട് തൃശൂരും തൊടുപുഴയിലും ഗൂഡാലോചന നടത്തി.
അടുത്ത ഗൂഡാലോചന നടക്കുന്നത് 2017 ജനുവരിയിലാണെന്നും പോലിസ് ആരോപിച്ചു. ഹണിബീ എന്ന സിനിമയുടെ ഷൂട്ടിങ് ഗോവയില്‍ നടക്കുമ്പോള്‍ പള്‍സര്‍ സുനി കുറ്റകൃത്യത്തിന് ശ്രമിച്ചു. പക്ഷേ, നടന്നില്ല. പിന്നീട് 2017 ഫെബ്രുവരി പതിനേഴിനും ഗൂഡാലോചന നടത്തി. 2017 ഫെബ്രുവരി പതിനേഴിന് രാവിലെ പള്‍സര്‍ സുനിയും രണ്ടാം പ്രതി മാര്‍ട്ടിനും കൊച്ചി പാലാരിവട്ടത്തെ ലാല്‍ മീഡിയ സ്റ്റുഡിയോ കോമ്പൗണ്ടില്‍ ഗൂഡാലോചന നടത്തി.
ഹണിബീ സിനിമയുടെ വീഡിയോ ഇറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിന് യുവനടിയെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ മാര്‍ട്ടിന്‍ ഉത്തതിരിഞ്ഞ് 4.30ന് തൃശൂരിലേക്ക് മഹീന്ദ്ര എക്‌സിയുവിയുമായി പുറപ്പെട്ടു. സുനിയടക്കം മൂന്നുപ്രതികള്‍ ടെമ്പോ ട്രാവലറില്‍ പോയി കറുകുറ്റിയിലെ അഡ്‌ലക് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപത്തെ സര്‍വീസ് റോഡില്‍ വാഹനം നിര്‍ത്തിയിട്ടു. അഞ്ചും ആറും പ്രതികള്‍ കളമശേരി അപ്പോളോ കമ്പനിക്ക് സമീപം കാത്തുനിന്നു. തൃശൂരില്‍ എത്തിയ മാര്‍ട്ടിന്‍ വൈകീട്ട് നടിയുടെ വീട്ടില്‍ നിന്നും 7.45ന് പുറപ്പെട്ടു.
ദേശീയപാത 47ലൂടെ വരുമ്പോള്‍ തങ്ങളുടെ ലൊക്കേഷന്‍ മാര്‍ട്ടിന്‍, സുനിയെ അറിയിച്ചു. അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നിലൂടെ വാഹനം പോയപ്പോള്‍ ഒന്നും മൂന്നും നാലും പ്രതികള്‍ അത് കണ്ടു. അവര്‍ ട്രാവലറില്‍ പിന്തുടര്‍ന്നു. നടിയുടെ കാര്‍ അത്താണിക്ക് സമീപമുള്ള കോട്ടായിക്ക് സമീപം എത്തിയപ്പോള്‍ 9.15ഓടെ ട്രാവലര്‍ അതില്‍ ഇടിച്ചു. മാര്‍ട്ടിന്‍ കാറില്‍ നിന്നും പുറത്ത് ഇറങ്ങി ദേഷ്യപ്പെട്ടതായി അഭിനയിച്ചു. ആ സമയത്ത് ട്രാവലറില്‍ ഉണ്ടായിരുന്ന മൂന്നും നാലും പ്രതികള്‍ പുറത്തിറങ്ങി നടിയുടെ വാഹനത്തില്‍ കയറി. അവര്‍ നടിയുടെ ചുറ്റും ഇരുന്നു. കൈ പിടിച്ചു, വായ് പൊത്തിപിടിച്ചു. ടെമ്പോ ട്രാവലര്‍ ഓടിച്ച് പള്‍സര്‍ സുനി പിന്നാലെ എത്തി. പിന്നീട് സുനി കാറില്‍ കയറി.
തട്ടിക്കൊണ്ടുപോയി നഗ്നവീഡിയോ പകര്‍ത്താന്‍ ക്വട്ടേഷന്‍ ലഭിച്ചെന്ന് സുനി നടിയോട് പറഞ്ഞു. സഹകരിക്കാനും പറഞ്ഞു. സഹകരിച്ചില്ലെങ്കില്‍ ബോധം കെടുത്തുമെന്നും പറഞ്ഞു. സുനി നടിയെ മടിയില്‍ ഇരുത്തുകയും വസ്ത്രം അഴിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തു. പിന്നീട് ബലമായി പീഡിപ്പിച്ചു. ഇതോടെ സുനിയുടെ ശരീര സ്രവങ്ങള്‍ നടിയുടെ ശരീരത്തിലും വസ്ത്രത്തിലും പുരണ്ടു. അതിനാല്‍ എല്ലാവരും കൂട്ടബലാല്‍സംഗത്തില്‍ പങ്കെടുത്തുവെന്നാണ് കേസ്. നടിയുടെ വിവാഹ എന്‍ഗേജ്‌മെന്റ് മോതിരം കാണുന്ന രീതിയിലായിരുന്നു വീഡിയോ ചിത്രീകരിച്ചത്.
ക്വട്ടേഷന്‍ തന്നയാള്‍ ഫോണിലുടെ ബന്ധപ്പെടുമെന്നും സുനി നടിയോട് പറഞ്ഞു. പീഡനം കഴിഞ്ഞപ്പോള്‍ സുനിയും മൂന്നാം പ്രതിയും കാറില്‍ നിന്നും പുറത്തിറങ്ങി. മാര്‍ട്ടിന്‍ നടിയുമായി അഞ്ചാം സാക്ഷി സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മാര്‍ട്ടിനെ അപ്പോള്‍ തന്നെ പിടികൂടി. അതിനിടെ മാര്‍ട്ടിന്‍ ഫോണും സിമ്മും നശിപ്പിച്ചിരുന്നു.
സംഭവം നടക്കുന്നതിന് മൂന്നു ദിവസം മുമ്പ്, 2017 ഫെബ്രുവരി 14ന് രാമലീല സിനിമയുടെ ഷൂട്ടിങ് സമയത്ത് ദിലീപ് അസുഖം പറഞ്ഞ് ഷൂട്ടിങ് നിര്‍ത്തിവച്ചു. തുടര്‍ന്ന് ആലുവയിലെ അന്‍വര്‍ മെമോറിയല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ആക്രമണ ശേഷം ഒന്നാം പ്രതിയും മൂന്നു നാലും പ്രതികള്‍ കോയമ്പത്തൂരിലേക്ക് പോയി. ആ സമയത്ത് വീഡിയോ ഒരു വക്കീലിനെ ഏല്‍പ്പിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട വക്കീല്‍ വീഡിയോ കോടതിയില്‍ നല്‍കി. പോലിസ് അന്വേഷിച്ച് കുറ്റപത്രവും നല്‍കി
പ്രതികള്‍
ഒന്നാം പ്രതി-പള്‍സര്‍ സുനി
രണ്ടാം പ്രതി -മാര്‍ട്ടിന്‍ ആന്റി
മൂന്നാം പ്രതി-ബി മണികണ്ഠന്‍
നാലാം പ്രതി-വി പി വിജീഷ്
അഞ്ചാം പ്രതി-എച്ച് സലീം
ആറാം പ്രതി-പ്രദീപ്
ഏഴാം പ്രതി-ചാര്‍ളി തോമസ്
എട്ടാം പ്രതി-ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്
ഒമ്പതാം പ്രതി-സനില്‍ കുമാര്‍
പത്താം പ്രതി- വിഷ്ണു
പതിനൊന്നാം പ്രതി- പ്രതീഷ് ചാക്കോ (നേരത്തെ ഹൈക്കോടതി വിട്ടയച്ചു)
പന്ത്രണ്ടാം പ്രതി-രാജു ജോസഫ് (നേരത്തെ ഹൈക്കോടതി വിട്ടയച്ചു)
പതിമൂന്നാം പ്രതി-ബി എല്‍ വിപിന്‍ ലാല്‍
പതിനാലാം പ്രതി-പി കെ അനീഷ്
പതിനഞ്ചാം പ്രതി-ശരത് ജി നായര്‍
വിചാരണയില്‍ കോടതി പരിഗണിച്ച വിഷയങ്ങള്‍
1)ഒന്നാം പ്രതിയും രണ്ടാം പ്രതിയും ക്രിമിനല്‍ ഗൂഡാലോചന നടത്തി നടി തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് സഞ്ചരിക്കുന്നതിന്റെ വിവരങ്ങള്‍ ശേഖരിച്ചോ?
2) രണ്ടാം പ്രതി മഹീന്ദ്ര എക്‌സിയുവില്‍ തൃശൂരിലേക്ക് പോയോ ?
3) കോട്ടായിയില്‍ വച്ച് ടെമ്പോ ട്രാവലര്‍ കാറില്‍ ഇടിച്ചോ ?
4) ഒന്ന്, മൂന്ന്, നാല് പ്രതികള്‍ ടെമ്പോ ട്രാവലറുമായി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപത്തെ സര്‍വീസ് റോഡില്‍ കാത്തുനിന്നോ ?
5) നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തിയോ ?
6) സംഭവ ദിവസം വൈകീട്ട് 7.45 മുതല്‍ രാത്രി 10.45 വരെ പ്രതികള്‍ നടിയെ തടഞ്ഞുവച്ചോ ?
7) ഒന്ന്, മൂന്ന്, ആറ് പ്രതികള്‍ നടിയുടെ അന്തസ് നശിപ്പിച്ചോ ?
8) രണ്ട് മുതല്‍ ആറുവരെയുള്ള പ്രതികള്‍ നടിയുടെ വസ്ത്രം ഉരിഞ്ഞോ ?
9) ഓടുന്ന കാറില്‍ നടിയെ ഇരുത്താന്‍ പ്രതികള്‍ ബലം പ്രയോഗിച്ചോ ?
10) നടിയെ ബലാല്‍സംഗം ചെയ്യാന്‍ പ്രതികള്‍ തട്ടിക്കൊണ്ടുപോയോ ?
11) ഒന്നാം പ്രതി മാത്രം ബലാല്‍സംഗം ചെയ്‌തെങ്കില്‍ മറ്റെല്ലാം പ്രതികളും അതേ കുറ്റം ചെയ്തവരാണോ ?
12) പ്രതികളുടെ ഗൂഡാലോചന പ്രകാരമാണോ ഇതെല്ലാം സംഭവിച്ചത് ?
13) സംഭവ ദിവസം, കേസിലെ പതിനേഴാം സാക്ഷിയുടെ വീട്ടില്‍ പ്രതികള്‍ എത്തി നടിയുടെ വീഡിയോ കാണിച്ചിരുന്നോ ?
14) അപ്പോള്‍ തന്നെ മൊബൈലില്‍ നിന്നും വീഡിയോ ദൃശ്യം മെമ്മറി കാര്‍ഡിലേക്ക് മാറ്റിയോ ?
15) പ്രതികള്‍ ടെമ്പോ ട്രാവലറില്‍ പോയി അഡ്‌ലക്‌സ് സെന്ററിന് സമീപം നടിയുടെ കാറിനെ കാത്തുകിടന്നോ ?
16) ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ കാറില്‍ കയറിയോ ?
17) നടിയെ ആക്രമിച്ചെന്ന് പറയുന്ന സമയത്ത് ഫോണ്‍ കൈയ്യില്‍ പിടിച്ചിരുന്നോ ?
18) ആക്രമണത്തില്‍ കാറും ടെമ്പോ ട്രാവലറും ഉപയോഗിച്ചു എന്ന് തെളിയുന്നുണ്ടോ ?
19) 12ാം സാക്ഷി നെല്‍സന്റെ വീട്ടില്‍ 2017 ഫെബ്രുവരി പതിനൊന്നിന് ഗൂഡാലോചന നടത്തിയെന്ന കാര്യം തെളിഞ്ഞോ ?
20) സംഭവദിവസം രണ്ടാം പ്രതി മാര്‍ട്ടിന്‍ തന്റെ ഫോണ്‍ നശിപ്പിച്ചോ ?
21) പ്രതികള്‍ കുറ്റം ചെയ്തത് അറിഞ്ഞിട്ടാണോ ഏഴാം പ്രതി അവര്‍ക്ക് കോയമ്പത്തൂരില്‍ ഒളിവില്‍ പാര്‍ക്കാന്‍ സഹായം നല്‍കിയത് ?
22) നെടുമ്പാശേരി പോലിസ് രജിസ്റ്റര്‍ ചെയ്്ത പ്രഥമവിവര മൊഴി തെളിയിച്ചോ ?
23)എട്ടാം പ്രതിയും കാവ്യാമാധവനും തമ്മിലുള്ള ബന്ധം എട്ടാം പ്രതിയുടെ ഭാര്യയെ അറിയിച്ചതിന് ഒന്നാം പ്രതിയും എട്ടാം പ്രതിയും ഗൂഡാലോചന നടത്തി നടിയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞോ ?
24) കുറ്റകൃത്യത്തില്‍ എട്ടാം പ്രതിയുടെ ഉദ്ദേശ്യം തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞോ ?
25) പള്‍സര്‍ സുനി ജയിലില്‍ നിന്നും എഴുതിയ കത്ത് കുറ്റകൃത്യത്തില്‍ എട്ടാം പ്രതിയുടെ പങ്ക് വെളിപ്പെടുത്തുന്നുണ്ടോ ?
26) ഈ കത്ത് പള്‍സര്‍ സുനി തന്നെ എഴുതിയതാണോ ?
27) കാക്കനാട് ജില്ലാ ജയിലില്‍ ഫോണ്‍ രഹസ്യമായി എത്തിയെന്ന വാദം തെളിയിക്കാനായോ ?
28) പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ ചെയ്‌തെന്ന കാര്യം ദിലീപും നാദിര്‍ഷായും പോലിസിനെ അറിയിക്കുന്നതില്‍ കാലതാമസം വന്നോ ?
29) പോലിസുകാരനായ സാക്ഷിയോട് സുനി 2017 മാര്‍ച്ച് ആറിന് ഗൂഡാലോചന അടക്കമുള്ള കാര്യങ്ങളില്‍ കുറ്റസമ്മതം നടത്തിയെന്നത് തെളിയിക്കാനായോ ?
30) സാക്ഷി രണ്ടു തവണ ലക്ഷ്യ എന്ന സ്ഥാപനത്തിലേക്ക് ഫോണ്‍ വിളിച്ചിരുന്നോ ?
31) ഫെബ്രുവരി 22ന് സുനിയും നാലാം പ്രതിയും ലക്ഷ്യയില്‍ ചെന്നിരുന്നോ ?
32) ദിലീപ് ആലുവയിലെ അന്‍വര്‍ ആശുപത്രിയില്‍ കിടന്നോ ? അതിന് സംഭവവുമായി ബന്ധമുണ്ടോ ?
33) ഗോവയിലെ ഹണിബീ സിനിമയുടെ ഷൂട്ടിങ്ങിനിടെ 2017 ഫെബ്രുവരിയില്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചിരുന്നോ?
34) 26-12-2016ന് പള്‍സര്‍ സുനിയും ദിലിപൂം ഗൂഡാലോചന നടത്തിയോ. ഒന്നാം പ്രതി പണം വാങ്ങിപ്പോയോ
35) 26-12-2016ന് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ എത്തിയത് തെളിഞ്ഞോ ? സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി തെളിവാണോ ?
36) ബാലചന്ദ്ര കുമാര്‍ നല്‍കിയ വോയ്‌സ് ക്ലിപ്പുകള്‍ തെളിയിച്ചോ ?
37) പതിനഞ്ചാം പ്രതി വീഡിയോദൃശ്യങ്ങള്‍ ടാബ്ലറ്റിലാക്കി 15-11-2017ന് ദിലീപിന്റെ വീട്ടില്‍ എത്തിച്ചെന്ന ആരോപണം തെളിഞ്ഞോ ?
38) 15-11-2017ന് വീഡിയോ കണ്ടശേഷമാണോ 182ാം സാക്ഷി ഫോണില്‍ വിവരണങ്ങള്‍ തയ്യാറാക്കിയത് ?
39) പതിനഞ്ചാം പ്രതി ഈ വീഡിയോ എട്ടാം പ്രതിക്ക് നല്‍കാന്‍ ശ്രമിച്ചോ ?
40) പതിനഞ്ചാം പ്രതി നല്‍കിയ ടാബ്ലറ്റ് ദിലീപിന് പോലിസിന് നല്‍കാതിരുന്നോ ?
41) ദിലീപ് ഈ തെളിവ് നശിപ്പിച്ചെന്ന് തെളിയിക്കാനായോ ?
42) ഒരു സ്ത്രീയാണ് ഗൂഡാലോചന നടത്തിയെന്ന ആരോപണം പോലിസ് അന്വേഷിച്ച് എഴുതിതള്ളിയോ. ആക്രമണ സമയത്ത് പള്‍സര്‍ സുനി നടിയോട് അങ്ങനെ പറഞ്ഞതാണല്ലോ ?
43) ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറുന്നത് അതിന്റെ തെളിവ് മൂല്യത്തെ ബാധിക്കുമോ ?
44) ദിലീപില്‍ നിന്നും പണം തട്ടാന്‍ ഒമ്പതാം പ്രതിയും പള്‍സര്‍ സുനിയും ഗൂഡാലോചന നടത്തിയെന്ന വാദം തെളിയിക്കാനായോ ?
45) പ്രതികള്‍ കുറ്റം ചെയ്താല്‍ എന്ത് ചെയ്യണം ?
46) എന്ത് ശിക്ഷയാണ് വിധിക്കേണ്ടത്
ദിലീപിന് എതിരായ ആരോപണങ്ങളും പരിശോധനയും
സൗണ്ട് തോമ, കട്ടപ്പനയിലെ ഋതിക് റോഷന്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമകളും ഗൂഡാലോചനാ ആരോപണങ്ങളും
ദിലീപ് നായകനായ സൗണ്ട് തോമ എന്ന സിനിമയുടെ ഷൂട്ടിങ് സൈറ്റില്‍ പ്രാദേശിക ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കിയെന്നും പള്‍സര്‍ സുനിയാണ് അത് സെറ്റില്‍ ചെയ്തതെന്നും പോലിസ് വാദിച്ചു. അന്ന് മുതല്‍ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലിസ് വാദിച്ചത്. അതാണ് നടിയെ ആക്രമിക്കുന്നതിലെ ഗൂഡാലോചനയിലേക്ക് എത്തുന്ന ബന്ധമായി മാറിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നടന്‍ മുകേഷും ഈ സിനിമയില്‍ അഭിനയിച്ചു. മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. മുകേഷ് തന്റെ ഡ്രൈവര്‍ ആയിരുന്നുവെന്നും സൗണ്ട് തോമയുടെ കാലത്ത് സുനി ഡ്രൈവറായിരുന്നോ എന്ന് അറിയില്ലെന്നും മുകേഷ് കോടതിയെ അറിയിച്ചു. സുനി ആലപ്പുഴയില്‍ സിനിമക്ക് വേണ്ടി ഹോട്ടലില്‍ താമസിച്ചിരുന്നോ എന്നതിനും തെളിവില്ല. സുനി ഇക്കാര്യം സമ്മതിക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് സ്ഥിരീകരിക്കുന്നതും മാത്രമാണ് തെളിവായുള്ളത്. ഒരു പ്രതി മറ്റൊരു പ്രതിക്കെതിരെ നല്‍കുന്ന തെളിവ് മറ്റ് തെളിവുകളില്ലാതെ വിശ്വസിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്.
കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് 30,000 രൂപ നാദിര്‍ഷയില്‍ നിന്നും വാങ്ങിയെന്ന് പള്‍സര്‍ സുനി മൊഴി നല്‍കി. പക്ഷേ, അത് തെളിയിക്കാനായില്ല. സിനിമ ഷൂട്ട് ചെയ്ത സീമാസ് ടെക്‌സ്റ്റൈല്‍സ് എന്ന സ്ഥലത്ത് സുനി എത്തിയതും തെളിയിക്കാനായില്ല.
ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് 2016 നവംബറില്‍ സുനി എത്തി ദിലീപിനെ കാരവനില്‍ കയറി കണ്ടെന്ന ആരോപണവും തെളിയിക്കാനായില്ല. പള്‍സര്‍ സുനി കാരവന് സമീപം നില്‍ക്കുന്നുവെന്ന് സുനില്‍ എന്നയാള്‍ കണ്ടെന്ന് പോലിസ് പറഞ്ഞു. പക്ഷേ, അയാളെ പോലിസ് കോടതിയില്‍ സാക്ഷിയാക്കിയില്ല. സിനിമാ ഷൂട്ടിങ് സമയത്ത് കിണറ്റിങ്ങല്‍ ടെന്നീസ് അക്കാദമിയിലും ശാന്തിഗിരി കോളജിലും സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയെന്നതിന് പോലിസ് തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് കോടതി കണ്ടെത്തി.
ഹോട്ടലുകളിലെ ഗൂഡാലോചന
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്‌സലിന്റെ സമയത്ത് കൊച്ചി അബാദ് പ്ലാസയിലെ ദിലീപിന്റെ 410ാം മുറിയില്‍ ഗൂഡാലോചന നടന്നുവെന്ന് പോലിസ് വാദിച്ചു. എന്നാല്‍, ഹോട്ടലിലെ ഒരുതരം രേഖകളും ഇത് തെളിയിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തൃശൂരിലെ ജോയ്‌സ് പാലസ് ഹോട്ടലിലെ പാര്‍ക്കിങില്‍ ദിലീപിനെ കണ്ടുവെന്ന് സുനി പോലിസിനോട് പറഞ്ഞു. പക്ഷേ, ദിലീപിന്റെ കാറോ സുനിയുടെ ബൈക്കോ അവിടെ എത്തിയതായി തെളിവില്ല. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളോ രജിസ്റ്ററോ പോലിസ് ഹാജരാക്കിയില്ല. താന്‍ ഹോട്ടലിലെ രജിസ്റ്ററില്‍ ഒപ്പിട്ടെന്ന് സുനി പറയുന്നുണ്ടെങ്കിലും അത് തെളിവായി പോലിസ് കൊണ്ടുവന്നില്ല.
സുനിയുടെ അമ്മയുടെ പേരിലുള്ള അക്കൗണ്ടില്‍ ഒരുലക്ഷം രൂപ എത്തിയത് ദിലീപ് നല്‍കിയതാണെന്ന് പോലിസ് ആരോപിച്ചു. എന്നാല്‍, സുനിയുടെ മൊഴിയില്‍ അതില്ല. ബാങ്ക് അക്കൗണ്ടിലെ ഇടപാടുകള്‍ നോക്കി പോലിസ് തനിക്കെതിരേ തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ദിലീപ് വാദിച്ചു. ദിലീപ്, സുനിക്ക് പണം നല്‍കിയെന്നും സുനി അത് ബാങ്കില്‍ ഇട്ടെന്നും പോലിസ് പിന്നീട് വാദിച്ചു. അതും തെളിയിക്കാനായില്ല. പോലിസ് കസ്റ്റഡിയിലിരിക്കെ സമാനമായ മൊഴി ദിലീപ് നല്‍കിയെങ്കിലും അത് കസ്റ്റഡി മൊഴിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സുനി ജയിലില്‍ നിന്നും അയച്ചെന്ന് പറയുന്ന വിവാദ കത്ത്
കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കാലത്ത് സുനി എഴുതിയെന്ന് പറയുന്ന കത്ത് വിശ്വാസയോഗ്യമല്ലെന്നും കോടതി വ്യക്തമാക്കി. ജയിലില്‍ സുനിയുടെ കൂടെയുണ്ടായിരുന്ന വിപിന്‍ലാല്‍, വിഷ്ണു എന്നിവരാണ് പോലിസ് സാക്ഷിയായി എത്തിയത്. വിഷ്ണു പിന്നീട് കേസില്‍ പത്താം പ്രതിയാവുകയും മാപ്പുസാക്ഷിയായി മാറുകയും ചെയ്തു. വിപിന്‍ലാലും പോലിസിന് അനുകൂലമായി മൊഴി നല്‍കി. രണ്ടുസാക്ഷികളും മറ്റുകേസുകളില്‍ പ്രതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ് ഇരുവരും. കുറ്റപത്രം നല്‍കുന്നതിന് മുമ്പ് തന്നെ പോലിസ് അവര്‍ക്ക് മാപ്പ് നല്‍കി. വിപിന്‍ലാലിനെ കോടതി വിധികളില്ലാതെ തന്നെ വിയ്യൂര്‍ ജയിലില്‍ നിന്നും പോലിസ് മോചിപ്പിച്ചുവെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മറ്റും വ്യാജരേഖകളുണ്ടാക്കിയവര്‍ ഈ രണ്ടുപേരിലുണ്ട്. കാസര്‍കോട് ബേക്കല്‍ സ്വദേശിയായ വിപിന്‍ലാല്‍ കോടതിയില്‍ ഒന്നും മാധ്യമങ്ങളോട് മറ്റൊന്നുമാണ് പറഞ്ഞത്.



വിപിന്‍ലാലിനെ ഹാജരാക്കാന്‍ വാറന്‍ഡ് നല്‍കിയിട്ടും പോലിസ് അത് നടപ്പാക്കിയില്ല. പലകാര്യങ്ങളും നോക്കുമ്പോള്‍ സുനിയുടെ കത്തിനെ വിശ്വസിക്കാനാവില്ല. പണത്തിന് വേണ്ടി സുനി അക്രമം നടത്തിയെന്ന് കരുതാവുന്നതാണ്. ഈ കത്ത് തെളിയിക്കാന്‍ പോലിസ് കൊണ്ടുവന്ന ഒരു സാക്ഷി പോലിസ് കെട്ടിചമച്ച സാക്ഷിയാണ്. ഈ കേസില്‍ പോലിസ് മാപ്പുസാക്ഷിയായ ഒരു പ്രതി ചേരാനെല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മറ്റൊരു കുറ്റകൃത്യവും നടത്തി. ഊഹങ്ങളും തോന്നലുകളുമാണ് പോലിസ് തെളിവാക്കി കൊണ്ടുവന്നിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച ഫോണ്‍ ജയിലില്‍ എത്തിയതില്‍ സംശയമുണ്ടെന്നും സംശയമുണ്ട്.
നടിയുടെ മോതിരവും വീഡിയോയും
നടിയെ തിരിച്ചറിയാന്‍ മോതിരം വീഡിയോയില്‍ കാണണമെന്ന വാദത്തെയും കോടതി തള്ളി.മോതിരം കാണുന്ന വീഡിയോ വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്ന് പള്‍സര്‍ സുനി പറഞ്ഞെന്ന് വിപിന്‍ലാലാണ് മൊഴി നല്‍കിയത്. പക്ഷേ, ദിലീപ് അങ്ങനെ പറഞ്ഞുവെന്ന് ആരോപിക്കപ്പെടുന്ന കാലത്ത് നടിയുടെ വിരലില്‍ വിവാഹ എന്‍ഗേജ്‌മെന്റ് മോതിരമുണ്ടായിരുന്നില്ല. എന്നാല്‍, ക്രോസ് വിസ്താരത്തില്‍ വിപിന്‍ലാല്‍ ഇത് തിരുത്തി. നടിയുടെ മൊഴിയെ സ്ഥിരീകരിക്കുന്ന മൊഴി വിപിന്‍ലാലിനെ കൊണ്ട് കൊടുപ്പിച്ചതാണെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.മുഖം കാണുന്ന വീഡിയോയുള്ളപ്പോള്‍ മോതിരം കാണിക്കുന്നത് എന്തിനാണെന്ന് അവര്‍ ചോദിച്ചു.
''ഇത് ഞാന്‍ അനുഭവിക്കേണ്ടതായിരുന്നില്ല''
തെളിവുകളെന്ന് പറഞ്ഞ് സംവിധായകന്‍ ബാലചന്ദ്രന്‍ കുമാര്‍ കൊണ്ടുവന്ന ഓഡിയോകള്‍ തെളിവുകള്‍ അല്ലെന്നും കോടതി പറഞ്ഞു. വീഡിയോ കിട്ടിയെന്നും കാണാമെന്നും 15-11-2017ന് ശരത് എന്ന പ്രതി ദിലീപിനോട് പറഞ്ഞുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വീഡിയോദൃശ്യങ്ങള്‍ 22-02-2017ന് തന്നെ ദിലീപിന് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയെന്ന് പള്‍സര്‍ സുനിയുടെ മൊഴിയുണ്ടെന്ന് പ്രോസിക്യൂഷന്‍ തന്നെ വാദിക്കുന്നുണ്ട്. അപ്പോള്‍, ദിലീപ് കുറ്റവാളിയാണെങ്കില്‍ രണ്ടാമതും വീഡിയോക്ക് വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ ?
ദിലീപിന്റേതെന്ന് പറയുന്ന ഒരു ശബ്ദ സന്ദേശത്തെ കുറിച്ചും വിധി പറയുന്നുണ്ട്. ''ബൈജുഭായ് ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു; അത് അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ട് പോയിട്ട് ഞാന്‍ ശിക്ഷിക്കപ്പെട്ടു.'' എന്ന് ദിലീപ് പറയുന്നുവെന്ന് കരുതപ്പെടുന്ന ഓഡിയോയാണ് ഇത്. പക്ഷേ, ഓഡിയോ വ്യക്തമല്ല. കോടതി ഓഡിയോ കേട്ടപ്പോള്‍ അതില്‍ ബൈജുഭായ് എന്ന് പറയുന്ന ഭാഗം വ്യക്തമല്ല.
മെമ്മറി കാര്‍ഡും ഹാഷ് വാല്യുവും
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന ആരോപണത്തെ കുറിച്ചും കോടതി വിശദീകരിക്കുന്നുണ്ട്. മെമ്മറി കാര്‍ഡിന്റെ തെളിവ് മൂല്യം നശിപ്പിക്കുന്ന ഒന്നും സംഭവിച്ചിട്ടില്ലെന്നും നടിയുടെ സ്വകാര്യത ഹനിക്കുന്ന ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഫോറന്‍സിക് പരിശോധനാ ഫലമെന്ന് കോടതി വ്യക്തമാക്കി. നടിയുടെ ദൃശ്യങ്ങള്‍ ഉള്ള എട്ട് വീഡിയോകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും വിധി പറയുന്നു. പ്രോസിക്യൂഷന് വേണ്ടി ഹാജരാവുന്ന ഒരു അഭിഭാഷകന്‍ എല്ലാ ദിവസും വൈകീട്ട് ടിവി ചാനലില്‍ പോയിരുന്ന് ലൈംഗികപീഡനം സംബന്ധിച്ച കേസിനെ കുറിച്ച് സംസാരിച്ചത് സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















