Latest News

'നീതി പൂര്‍ണമായി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവര്‍ മാത്രം'; മഞ്ജു വാര്യര്‍

നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍

നീതി പൂര്‍ണമായി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവര്‍ മാത്രം; മഞ്ജു വാര്യര്‍
X

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യര്‍. ആസൂത്രണം ചെയ്തവര്‍ പകല്‍വെളിച്ചത്തിലുണ്ട്. അവര്‍ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്ന യഥാര്‍ഥ്യമാണെന്നും അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകൂവെന്നും മഞ്ജു വാര്യര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പോലിസിലും നിയമവിശ്വാസത്തിലും സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ നീതി പൂര്‍ണമാകേണ്ടതുണ്ട്. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും ഓരോ സ്ത്രീക്കും ഓരോ മനുഷ്യര്‍ക്കും തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും തലയുര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പമെന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കേസില്‍ അതിജീവിതയുടെ പ്രതികരണം വന്നതിനു പിന്നാലെയാണ് മഞ്ജു വാര്യരുടേയും പ്രതികരണം.

മഞ്ജു വാര്യര്‍ പങ്കുവെച്ച കുറിപ്പ്:

ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണ്ണമാവുകയുള്ളൂ. പോലിസിലും നിയമസംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാന്‍ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്. അവര്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.

അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം

-മഞ്ജു വാര്യര്‍

Next Story

RELATED STORIES

Share it