Kerala

കിറ്റക്‌സില്‍ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ്; നടന്നത് മറ്റു വകുപ്പുകളുടെയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റെയും പരിശോധന

നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും. പരാതികള്‍ ഉണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിന് മുമ്പ് സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി

കിറ്റക്‌സില്‍ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ്; നടന്നത് മറ്റു വകുപ്പുകളുടെയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റെയും പരിശോധന
X

കൊച്ചി: കിറ്റക്‌സില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നിട്ടില്ലെന്നും നടന്നത് മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണെന്നും വ്യവസായ മന്ത്രി പി രാജീവ്.സര്‍ക്കാര്‍ അനാവശ്യമായി പരിശോധനകള്‍ നടത്തി ബുദ്ധിമുട്ടിപ്പിക്കുന്നതിനാല്‍ കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്മാറുകയാണെന്നും കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി വ്യവസയാ മന്ത്രി പി രാജീവ് രംഗത്തെത്തിയത്.

സാബു ജേക്കബ് നടത്തിയ പരാമര്‍ശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് നേരിട്ട് ഇടപെട്ടിരുന്നു.ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും മന്ത്രി പി രാജീവ് വ്യക്തമാക്കി.ജൂണ്‍ 28 ന് തന്നെ കിറ്റക്‌സുമായി ബന്ധപ്പെട്ട് പ്രശ്‌നത്തെക്കുറിച്ച് അന്വേഷിച്ചു.വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയുംസെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നുമാണ് അവര്‍ അറിയിച്ചത്.

കിറ്റക്‌സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. വ്യവസായവകുപ്പിന്റെപരിശോധനകളൊന്നും കിറ്റക്‌സില്‍ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം തന്നെ പരിഗണിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും.

വ്യവസായ മന്ത്രിയായി ചുമതലയേറ്റ് 10 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫിക്കി, സി ഐ ഐ തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളുമായി യോഗം ചേരുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു.ആ യോഗത്തില്‍ കിറ്റക്‌സ് പ്രതിനിധികളും പങ്കെടുത്തിരുന്നു.പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതികളോ ഉള്ളതായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നും പി രാജീവ് വ്യക്തമാക്കി.ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനത്തില്‍

ധാരാളം സാധ്യതകള്‍ ഉള്ളപ്പോള്‍ അവ സര്‍ക്കാരിനെ നേരിട്ട് അറിയിക്കുന്നതാണ് ഉചിതം. വ്യവസായ നടത്തിപ്പിനുള്ള കേരളത്തിലെ ഏകജാലക സംവിധാനം ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് ഫിക്കിയാണ്. വ്യവസായ തര്‍ക്ക പരിഹാരത്തിന് നിയമ പിന്‍ബലമുള്ള സംവിധാനം രൂപീകരിക്കാന്‍ ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തിട്ടുണ്ട്. വ്യവസായ മേഖലയില്‍ ഉണര്‍വിന്റെ ഒരന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണം. എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുന്‍പേ സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും പി രാജീവ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it