Kerala

കേരളയില്‍ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരീക്ഷ നടത്താനും തീരുമാനമായി. പരീക്ഷാ വിഭാഗം കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുളള ആധുനിക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പരീക്ഷ മോണിറ്ററിങ് കമ്മിറ്റിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.

കേരളയില്‍ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും
X

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ചില വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പരീക്ഷ നടത്താനും തീരുമാനമായി. പരീക്ഷാ വിഭാഗം കാര്യക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുളള ആധുനിക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പരീക്ഷ മോണിറ്ററിങ് കമ്മിറ്റിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.

ബിഎ, ബിഎസ്‌സി, എംഎസ്‌സി ഫിസിക്‌സ്, ബിടെക്, സ്പീച്ച് ആന്റ് ലാംഗ്വേജ്, ബാച്ചിലര്‍ ഒഫ് ഡിസൈന്‍ വിഭാഗങ്ങളില്‍പ്പെട്ട 45 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. കാര്യവട്ടം ഗവ. കോളജ്, കാഞ്ഞിരംകുളം ഗവ.കോളജ്, അമ്പലത്തറ നാഷനല്‍ കോളജ്, ആലപ്പുഴ എസ്ഡി കോളജ്, രാജധാനി എന്‍ജി. കോളജ്, യൂനിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണിവ. ഈ ഉത്തരക്കടലാസുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് കൃത്യമായി സര്‍വകലാശാലയില്‍ എത്തിച്ചിരുന്നതായാണ് വിവരം. സംഭവം വിവാദമായതോടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ പരീക്ഷാ കണ്‍ട്രോളറുടെ ചുമതലയുള്ള മിനി ഡിജോ കാപ്പന്‍, പരീക്ഷ സ്റ്റാന്‍ഡിങ് കമ്മിറ്റി കണ്‍വീനര്‍ പി രാജേഷ് കുമാര്‍ എന്നിവരെ പിവിസി നിയോഗിച്ചിരുന്നു.

യൂനിവേഴ്‌സിറ്റി കോളജ് ഹിന്ദി വിഭാഗത്തില്‍നിന്ന് കാണാതായത് 15 ഉത്തരക്കടലാസുകളാണ്. 5 ബണ്ടിലുകളായി 694 ഉത്തരക്കടലാസുകള്‍ അയച്ചതില്‍ പാര്‍ട്ട് രണ്ട് ഹിന്ദിയുടെ ഒരു ബണ്ടിലാണ് നഷ്ടമായത്. 10 വര്‍ഷം മുമ്പ് കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനത്തിനുള്ള എഴുത്തുപരീക്ഷയുടെ അരലക്ഷത്തോളം ഉത്തരക്കടലാസുകള്‍ കാണാതായത് വലിയ വിവാദങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കും വിധേയമായിരുന്നു. ഇതിന് സമാനമായ ക്രമക്കേടാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it