Kerala

വീണ്ടും പോലിസിന്റെ ക്രൂരത; വാഹനമോഷ്ടാവെന്ന പേരില്‍ ആളുമാറി യുവാവിനെ തല്ലിച്ചതച്ചു

നട്ടെല്ലില്‍ പൊട്ടലുണ്ടെന്നു കണ്ടെത്തിയതോടെ മര്‍ദ്ദനമേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാവുമായി രൂപസാദൃശ്യമുണ്ടെങ്കിലും ആളുമാറിയെന്നാണ് പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

വീണ്ടും പോലിസിന്റെ ക്രൂരത; വാഹനമോഷ്ടാവെന്ന പേരില്‍ ആളുമാറി യുവാവിനെ തല്ലിച്ചതച്ചു
X

തിരുവനന്തപുരം: വാഹനമോഷ്ടാവെന്ന പേരില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിനെ പോലിസ് തല്ലിച്ചതച്ചു. ടെക്നോപാര്‍ക്ക് ജീവനക്കാരനായ യുവാവിനെയാണ് പോലിസ് കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. നെടുമങ്ങാട് പൂവത്തൂര്‍ വിജയവിലാസം വീട്ടില്‍ ബാബുവിന്റെ മകന്‍ സജിത് ബാബു(23)വാണു പോലിസിന്റെ മര്‍ദ്ദനമുറകള്‍ക്ക് ഇരയായത്. പോലിസിന്റെ മൂന്നാംമുറ പ്രയോഗത്തില്‍ നട്ടെല്ലിന് പൊട്ടലുണ്ടെന്നു കണ്ടെത്തിയതോടെ മര്‍ദ്ദനമേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാവുമായി രൂപസാദൃശ്യമുണ്ടെങ്കിലും ആളുമാറിയെന്നാണ് പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

വ്യാഴാഴ്ച രാവിലെ പൂവത്തൂരിലെ വീട്ടില്‍നിന്നാണു സിഐയുടെ നേതൃത്വത്തിലെത്തിയ മൂന്നംഗസംഘം സജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഷര്‍ട്ട് ധരിക്കാന്‍ പോലും അനുവദിക്കാതെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കണ്‍മുന്നില്‍വച്ചു ക്രൂരമായി മര്‍ദിച്ചശേഷം വിലങ്ങണിയിച്ച് ജീപ്പില്‍ കയറ്റി. വാഹനമോഷ്ടാവാണെന്നു പറഞ്ഞായിരുന്നു മര്‍ദനമെന്ന് വീട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ 15ന് ഉഴമലയ്ക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. മോഷ്ടാവ് ബൈക്കുമായി പോകുന്നതിന്റെയും ഹോട്ടലിനു മുന്നില്‍വന്ന് മുഖം കഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ ഒരു കടയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ബൈക്ക് പിറ്റേന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കണ്ടാണ് പോലിസിന്റെ അന്വേഷണം സജിത് ബാബുവിലെത്തിയത്. ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായിട്ടും സജിത് കുറ്റം സമ്മതിച്ചില്ല. വാഹനപരിശോധനയ്ക്കിടയില്‍ പിടികൂടിയ മോഷ്ടാവെന്ന നിലയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് ഇന്നലെ രാവിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. എന്നാല്‍ എഫ്ഐആറിലെ പിഴവുകള്‍ കണ്ടെത്തിയ മജിസ്ട്രേറ്റ് മൊഴിയെടുത്തതോടെ പോലിസിന്റെ കള്ളക്കളി പുറത്തായി. ഉടനടി ജാമ്യം അനുവദിച്ചു. ആരോഗ്യനിലയില്‍ മജിസ്ട്രേറ്റ് ആശങ്ക പ്രകടിപ്പിച്ചതായി സജിത് ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചു.

സ്റ്റേഷനില്‍ കെട്ടിത്തൂക്കിയെന്നും വിലങ്ങിനിടയിലൂടെ ലാത്തി കയറ്റി കറക്കിയെന്നും സജിത് ബാബു പറഞ്ഞു. ബെഞ്ചില്‍ കിടത്തി ഉരുട്ടി. സിഐയും രണ്ടു പോലിസുകാരും ചേര്‍ന്ന് ഉള്ളംകാലില്‍ ലാത്തികൊണ്ടു തുടരെ മര്‍ദിച്ചു. ആദ്യം നെടുമങ്ങാട് താലൂക്കാശുപത്രിയിലും പിന്നീടു ജനറലാശുപത്രിയിലും പ്രവേശിപ്പിച്ച സജിത് ബാബുവിനെ നട്ടെല്ലിലെ പൊട്ടല്‍ കണ്ടെത്തിയതോടെയാണു മെഡിക്കല്‍ കോളജിലെത്തിച്ചത്. നെടുമങ്ങാട് സിഐക്കും രണ്ടു പോലിസുകാര്‍ക്കുമെതിരേ സജിത് ബാബുവിന്റെ പിതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കി. നിരന്തരമുള്ള കസ്റ്റഡി മരണങ്ങളും മര്‍ദ്ദനങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതോടെ കര്‍ശന നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പോലും വിലകല്‍പ്പിക്കാതെ ധാര്‍ഷ്ട്യം തുടരുകയാണ് പോലിസിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍.

Next Story

RELATED STORIES

Share it