Top

തീപ്പിടുത്തം തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

കെട്ടിടങ്ങളില്‍ തീപ്പിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തില്‍ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികള്‍, ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് അറിയിച്ചു.

തീപ്പിടുത്തം തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

തിരുവനന്തപുരം: കെട്ടിടങ്ങളില്‍ തീപ്പിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തില്‍ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികള്‍, ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് അറിയിച്ചു.

കെട്ടിടങ്ങളില്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. കേടായവ മാറ്റി സ്ഥാപിക്കണം. എര്‍ത്തിങ് സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാനായി എര്‍ത്ത് ഇലക്ട്രോഡിന് ചുറ്റും വെള്ളം ഒഴിക്കുക. എര്‍ത്ത് കമ്പിയില്‍ പൊട്ടലുകളോ ലൂസ് കോണ്ടാക്ടോ ഇല്ലെന്ന് ഉറപ്പുവരുത്തണം.

വൈദ്യുത ജോലികള്‍ സ്വയം ചെയ്യരുത്. താത്കാലിക വയറിങ് ഒഴിവാക്കുക. ആവശ്യമുള്ളപക്ഷം പിവിസി പൈപ്പിനകത്തു കൂടി മാത്രം ചെയ്യുക. ഇതിനായി ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ സേവനം തേടണം. നിലവാരം കുറഞ്ഞ അലങ്കാര ദീപങ്ങള്‍, എല്‍ഇഡി, സിഎഫ്എല്‍ വിളക്കുകള്‍ ഉപയോഗിക്കരുത്. ഇവ പൊട്ടിത്തെറിക്കാനും വൈദ്യുതാഘാതം, തീപിടുത്തം എന്നിവയ്ക്കും കാരണമാകും. നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ വൈദ്യുത നഷ്ടത്തിനും കാരണമാകും. വൈദ്യുത ഉപകരണങ്ങള്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് മാത്രം വാങ്ങുക. ഇവയ്ക്ക് ഐഎസ്ഐ മുദ്രണമുണ്ടെന്ന് ഉറപ്പുവരുത്തണം. ഗുണനിലവാരം കുറഞ്ഞവ പെട്ടെന്ന് കേടാവുകയും ഇവ ഉപേക്ഷിക്കുമ്പോള്‍ പരിസ്ഥിതി മലിനീകരണമുണ്ടാവുകയും ചെയ്യും.

സ്വിച്ചുബോര്‍ഡുകളും പാനലുകളും തുറന്നിടരുത്. അകത്ത് കടക്കുന്ന ഇഴജന്തുക്കളോ മറ്റ് വസ്തുക്കളോ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും. കൂടാതെ സ്വിച്ച് ബോര്‍ഡ്, പാനല്‍ എന്നിവയ്ക്ക് മുകളില്‍ വിളക്ക്, മെഴുകുതിരി, ചന്ദനത്തിരി എന്നിവ കത്തിച്ചുവയ്ക്കരുത്. കട്ടികൂടിയ കമ്പികള്‍ ഫ്യൂസ് വയറുകളായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റി ആവശ്യമായ അളവിലുള്ള ഫ്യൂസുകള്‍ മാത്രം ഉപയോഗിക്കുക. തീപിടുത്തമുണ്ടായാല്‍ ആദ്യം തന്നെ കെട്ടിടത്തിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിക്കണം. ഇതിനായി കെട്ടിടത്തിലെ പ്രധാന സ്വിച്ച് എവിടെയാണെന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും ബന്ധപ്പെട്ടവരെ പരിശീലിപ്പിച്ചിരിക്കണം. സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ഇതില്‍ നിന്നുള്ള വൈദ്യുതബന്ധം വിച്ഛേദിക്കാന്‍ മറക്കരുത്.

അടിയന്തര അവസരങ്ങളില്‍ പുറത്തേക്ക് പോകേണ്ട വഴി അടയാളപ്പെടുത്തിവയ്ക്കുന്നതോടൊപ്പം ഇത് സുഗമമായി പരിരക്ഷിക്കുകയും ചെയ്യണം. വൈദ്യുത സ്വിച്ച് ബോര്‍ഡുകള്‍ക്ക് മുന്നില്‍ സാധനസാമഗ്രികള്‍ കൂട്ടിയിട്ട് വഴി തടസ്സപ്പെടുത്തരുത്. ഒരു പ്ലഗ് സോക്കറ്റില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. ഓരോ ദിവസവും സ്ഥാപനം അടയ്ക്കുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. അല്ലെങ്കില്‍ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

ഇന്‍വെര്‍ട്ടര്‍/ യുപിഎസ്/ സോളാര്‍ എന്നിവയുടെ ബാറ്ററികളില്‍ ആവശ്യമായ വെള്ളം നിറയ്ക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ബാറ്ററിക്ക് ചുറ്റും ആവശ്യമായ വായു സഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുക. ഇവയ്ക്ക് സമീപം തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തുക.

ഫയര്‍ പമ്പുകള്‍, അവയുടെ സ്വിച്ചുകള്‍, ഫയര്‍ അലാറം എന്നിവ പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുക. ബന്ധപ്പെട്ടവര്‍ക്ക് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കണം. ആവശ്യമായ അഗ്‌നിശമനകങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. ബന്ധപ്പെട്ടവര്‍ക്ക് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നല്‍കണം. ഗ്യാസ് സിലിണ്ടറുകള്‍, ഡീസല്‍ എന്നിവ സ്വിച്ച് ബോര്‍ഡ്, പാനല്‍ എന്നിവയ്ക്കരികില്‍ സൂക്ഷിക്കരുത്. വ്യാവസായിക സ്ഥാപനങ്ങളിലെ ബോയിലറിനടുത്ത് തീപിടിക്കുന്ന വസ്തുക്കള്‍ കൂട്ടിയിടരുത്. വൈദ്യുത പാനലുകള്‍, കേബിളുകള്‍, സ്വിച്ചുകള്‍ മുതലായവയ്ക്ക് സാധാരണയില്‍ കവിഞ്ഞ ചൂടുണ്ടായാല്‍ ഇവ ശരിയാക്കാനുള്ള നടപടി സ്വീകരിക്കണം.

Next Story

RELATED STORIES

Share it