Kerala

കേന്ദ്രം നല്‍കിയ മണ്ണെണ്ണയില്‍ 3,72,000 ലിറ്റര്‍ സംസ്ഥാനം ലാപ്‌സാക്കി

യഥാസമയം മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യുന്നതില്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാരും അലോട്ട് ചെയ്യുന്നതില്‍ റേഷനിങ് കണ്‍ട്രോളറും അനാസ്ഥ കാട്ടിയതായി ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആരോപിച്ചു.

കേന്ദ്രം നല്‍കിയ മണ്ണെണ്ണയില്‍ 3,72,000 ലിറ്റര്‍ സംസ്ഥാനം ലാപ്‌സാക്കി
X

തിരുവനന്തപുരം: കേന്ദ്രം കേരളത്തിന് നല്‍കിയ മണ്ണെണ്ണ പൂര്‍ണമായും ഏറ്റെടുത്ത് കാര്‍ഡുടമകള്‍ക്ക് നല്‍കാതെ 3,72,000 ലിറ്റര്‍ മണ്ണെണ്ണ ലാപ്‌സാക്കി. കേരളം ആവശ്യപ്പെട്ടപ്രകാരം പ്രളയസഹായമായി കേന്ദ്രം അനുവദിച്ച 12,000 കിലോലിറ്റര്‍ മണ്ണെണ്ണയില്‍ 300 കിലോലിറ്ററും മാര്‍ച്ച് മാസത്തിലെ വിഹിതമായി അനുവദിച്ച റേഷന്‍ മണ്ണെണ്ണയില്‍ 72 കിലോലിറ്ററുമാണ് ഏറ്റെടുക്കാതെ ലാപ്‌സായത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് അനുവദിക്കുന്ന അടുത്ത വിഹിതത്തില്‍ ഇത്രയും അളവിൽ മണ്ണെണ്ണ കേന്ദ്രം വെട്ടിക്കുറക്കാനാണ് സാധ്യത. മണ്ണെണ്ണ വിഹിതം നഷ്ടപ്പെട്ടതിന് ഇത്തരവാദി ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് ആരോപണമുണ്ട്.

യഥാസമയം മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യുന്നതില്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാരും അലോട്ട് ചെയ്യുന്നതില്‍ റേഷനിങ് കണ്‍ട്രോളറും അനാസ്ഥ കാട്ടിയതായി ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആരോപിച്ചു. ഓയില്‍ കമ്പനികള്‍ക്കുള്ള മണ്ണെണ്ണ ആവശ്യാനുസരണം വീതിച്ചു നല്‍കുന്നതിലും ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. ഇതുമൂലം സംസ്ഥാനത്തെ 5000ലധികം റേഷന്‍ കടകളില്‍ മാര്‍ച്ച് മാസം മണ്ണെണ്ണ എത്തിയില്ല. മണ്ണെണ്ണ മൊത്ത വ്യാപാരികള്‍ പണമടച്ച് കാത്തിരുന്നെങ്കിലും ഭാരത് പെട്രോളിയം കമ്പനിയില്‍ സ്റ്റോക്കില്ലാതിരുന്നതുമൂലം ലഭിച്ചില്ല.

കേന്ദ്രം അനുവദിച്ച സ്‌പെഷ്യല്‍ മണ്ണെണ്ണ ഏറ്റെടുത്തു വിതരണം ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് ഒക്‌ടോബര്‍ മാസത്തില്‍ ഡയറക്ടർ ഉത്തരവ് നല്‍കിയെങ്കിലും മാര്‍ച്ച് മാസം വരെ പല ഡിഎസ്ഒമാരും മൗനം പാലിച്ചു. മാര്‍ച്ച് 29 നാണ് എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിലെ ഡിഎസ്ഒമാര്‍ അനുവദിച്ച വിഹിതം പൂര്‍ണ്ണമായും വേണ്ടെന്ന വിവരം ഡയറക്ടറെ അറിയിച്ചത്. വര്‍ഷാവസാനം ആയതിനാല്‍ രണ്ടുദിവസം കൊണ്ട് ബാക്കി വന്ന 6 ലോഡ് മണ്ണെണ്ണ ഒന്നും ചെയ്യാനാവാതെ ലാപ്‌സായി.

മാര്‍ച്ച് മാസത്തില്‍ 5 ലിറ്റര്‍ വരെ സ്‌പെഷ്യല്‍ മണ്ണെണ്ണ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുമെന്ന് ഡയറക്ടര്‍ ഉത്തരവിറക്കിയെങ്കിലും അതുപ്രകാരം മണ്ണെണ്ണ കടകള്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഒരു ലിറ്റര്‍ പോലും കൊടുക്കാനുള്ള മണ്ണെണ്ണ കടകള്‍ക്ക് നല്‍കാതെ 5 ലിറ്റര്‍ നല്‍കുമെന്ന് ഉത്തരവിറക്കുകയും പിന്നീട് മണ്ണെണ്ണ ലാപ്‌സാക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it