Top

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം

മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയ പശ്ചാത്തലത്തിൽ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു രാവിലെ 9ന് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം
X

തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി പൂർണമായി കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയ പശ്ചാത്തലത്തിൽ ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു രാവിലെ 9ന് പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചത്. ശംഖുംമുഖം എസിപി ഐശ്വര്യ ദോംഗ്രെയായിരുന്നു പരേഡ് കമാൻഡർ. സ്‌പെഷ്യൽ ആംഡ് പോലിസ് അസി. കമാൻഡന്റ് വൈ. ഷമീർഖാൻ ആയിരുന്നു സെക്കന്റ് ഇൻ കമാൻഡ്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് പാസ്റ്റ് ഒഴിവാക്കി ചടങ്ങ് പത്തു മിനിട്ടിൽ അവസാനിപ്പിച്ചു. ബിഎസ്എഫ്, സ്‌പെഷ്യൽ ആംഡ് പോലിസ്, കേരള ആംഡ് പോലിസ് അഞ്ചാം ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലിസ്, കേരള ആംഡ് വിമൻ പോലിസ് ബറ്റാലിയൻ, എൻസിസി സീനിയർ ഡിവിഷൻ ആർമി (ആൺകുട്ടികൾ), എൻ. സി. സി സീനിയർ വിംഗ് ആർമി (പെൺകുട്ടികൾ) എന്നിവരുടെ ഓരോ പ്ലാറ്റൂണുകൾ പങ്കെടുത്തു. സ്‌പെഷ്യൽ ആംഡ് പോലിസ്, കേരള ആംഡ് പോലിസ് അഞ്ചാം ബറ്റാലിയൻ എന്നിവയുടെ ബാന്റ് സംഘവും ഉണ്ടായിരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തി.

ജില്ലാ കലക്ടർ ഡോ: നജ്‌ജ്യോത് ഖോസ, സിറ്റി പോലിസ് കമ്മീഷണർ ബൽറാംകുമാർ ഉപാധ്യായ, ജനപ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രത്യേക ക്ഷണിതാക്കൾ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കുട്ടികൾ, മുതിർന്ന പൗരൻമാർ എന്നിവർക്ക് പ്രവേശനം നൽകിയിരുന്നില്ല. പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിംഗിനു ശേഷമാണ് എല്ലാവരേയും വേദിയിലേക്ക് കടത്തിവിട്ടത്. സാനിറ്റൈസറും ഒരുക്കിയിരുന്നു. സമൂഹ്യാകലം പാലിച്ചാണ് വേദിയിൽ കസേരകൾ നിരത്തിയിരുന്നത്. പ്ലാറ്റൂൺ അംഗങ്ങൾ ഉൾപ്പെടെ എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ പതാക ഉയർത്തി.

സ്വാതന്ത്ര്യദിനാഘോഷം സ്വാതന്ത്ര്യസമരപോരാട്ടത്തെ ഓർത്തെടുക്കാനും ധീരർക്കു പ്രണാമം അർപ്പിക്കാനുമുള്ള അവസരം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ

അഹിംസയുടേയും ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതയിലൂടെ ദീർഘകാലം നടന്ന സ്വാതന്ത്ര്യസമരപോരാട്ടത്തെ ഓർത്തെടുക്കാനും അതിന് നേതൃത്വം നൽകിയ ധീരർക്കു പ്രണാമം അർപ്പിക്കാനുമുള്ള അവസരമാണ് സ്വാതന്ത്ര്യദിനാഘോഷമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളുമെല്ലാം അതിജീവിക്കാനും സാമ്രാജ്യത്തിന്റെ പുതിയ വെല്ലുവിളികൾ നേരിടാനും ഈ ലോകത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ സ്‌റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയപതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യമെന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ദിനംപ്രതി ഓർമിപ്പിക്കുന്ന കാലത്തുകൂടിയാണ് നമ്മുടെ പ്രയാണം. രാഷ്ട്രപിതാവ് മഹാത്മജിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ സമര പോരാട്ടത്തിന്റെ ഫലമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി മാറുന്നതിന് ഭാരതത്തിന് സാധിച്ചത് നാനാത്വത്തിൽ ഏകത്വം നിലനിർത്തി മുന്നോട്ടുപോകുന്നതിനാലാണ്. ദേശീയ ഐക്യത്തിന്റെ, മതേതരത്വത്തിന്റെ അടയാളമായാണ് നമ്മുടെ ദേശീയപതാക ഉയർന്നുനിൽക്കുന്നത്.

പ്രകൃതി ദുരന്തങ്ങളും മഹാമാരികളുമെല്ലാം അതിജീവിക്കാനും സാമ്രാജ്യത്തിന്റെ പുതിയ വെല്ലുവിളികൾ നേരിടാനും ഈ ലോകത്തിന് സാധിക്കും. അതിൽ ഗണ്യമായ സംഭാവന ചെയ്യാൻ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും കഴിയും. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പുനൽകുന്ന ഭരണവ്യവസ്ഥിതി എക്കാലവും ഇന്ത്യൻ മണ്ണിൽ നിലനിർക്കുന്നതിന് നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഭരണഘടനയുടെ ആമുഖത്തിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്യങ്ങൾ നമുക്കെന്നും വഴികാട്ടിയായിരിക്കും. പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പുരോഗതിക്കും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ഒത്തൊരുമിക്കാമെന്നും സമത്വസുന്ദരമായി നമ്മുടെ രാജ്യത്തെ നിലനിർത്താമെന്നും മന്ത്രി പറഞ്ഞു.

ലോകവും നമ്മുടെ രാജ്യവും കൊവിഡ്19 എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടത്തിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ആരോഗ്യപ്രവർത്തകരും പോലീസ് സേനയും വിവിധ സർക്കാർ വകുപ്പുകളും പൊതുസമൂഹവും ഒറ്റക്കെട്ടായി കൊവിഡിനെതിരെ പ്രതിരോധ വലയം തീർക്കുകയാണ്. നമ്മുടെ ദൈനംദിന ജീവിതത്തെയാകെ ഈ മഹാമാരി പ്രയാസത്തിലാക്കിയിട്ടുണ്ട്.

രോഗം വരാതിരിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കാനും അതീവ ജാഗ്രത ഇനിയും തുടർന്നേ പറ്റൂ. ഏറെ പ്രതിബന്ധങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് നമ്മൾ എല്ലാവരും മുന്നോട്ടുപോകുന്നത്. ലോക്ഡൗൺ കാലത്തും തുടർന്നുള്ള കർശനനിയന്ത്രണ കാലത്തും രോഗവ്യാപനം നിയന്ത്രിച്ചുനിർത്താനും ജനങ്ങൾക്ക് കരുത്തേകാനും ആരും പട്ടിണി കിടക്കാതിരിക്കാനും രോഗബാധിതരെ മികച്ച പരിപാലനത്തിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും രോഗവ്യാപനം ഉണ്ടാകാത്ത രീതിയിൽ പ്രധാനപ്പെട്ട പരീക്ഷകൾ നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സാധിച്ചു. ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്റെ മാതൃകയെ ലോകമാകെ അഭിനന്ദിച്ചിരുന്നു. രോഗവ്യാപനം ഇനിയുമുണ്ടാകുന്ന സാഹചര്യത്തിൽ നാമെല്ലാം ഇനിയും ജാഗരൂകരായിരിക്കണം. ശാരീരിക അകലം പാലിക്കുന്നതിനൊപ്പം സാമൂഹിക ഒരുമ നിലനിർത്തി മുന്നോട്ടുപോകണം. ജനകീയ പിന്തുണയോടെ പ്രതിരോധപ്രവർത്തനങ്ങൾ നടത്താനാവുന്നതുകൊണ്ടാണ് ഈ മഹാമാരിയെ ജനസാന്ദ്രതയേറിയ നമ്മുടെ സംസ്ഥാനത്തിന് മാതൃകാപരമായി നേരിടാനാകുന്നതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it