Kerala

എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്താന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്താന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
X

തിരുവനന്തപുരം: കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ജില്ലകളില്‍ നിയോഗിക്കും. വയനാട്ടിലേക്ക് പിആര്‍ഡി ഡയറക്ടര്‍ യു വി ജോസ്, ഇടുക്കിയിലേക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ ജീവന്‍ ബാബു എന്നിവര്‍ പോവും.

ജില്ലാ ഭരണസംവിധാവുമായി യോജിച്ച് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനവും നടത്താന്‍ പോലിസ്, ഫയര്‍ ആന്റ് റസ്‌ക്യൂ മേധാവികള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദേശീയ ദുരന്തപ്രതികരണസേനയുടെ 13 യൂണിറ്റ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ഇടുക്കി, മലപ്പുറം ജില്ലകളില്‍ എന്‍ഡിആര്‍എഫ് ടീം എത്തിക്കഴിഞ്ഞു. ഭക്ഷണപാക്കറ്റുകള്‍ എത്തിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ സേവനവും തേടിയിട്ടുണ്ട്. ഡിഎസ്‌സി വിഭാഗങ്ങളെ ഇതിനകം തന്നെ വിവിധ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്.

അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മതിയായ സൗകര്യങ്ങളോടെ ആവശ്യാനുസരണം ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കും. അണക്കെട്ടുകളുടെ നില സദാനിരീക്ഷിച്ചുവരികയാണ്. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ പോലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, എന്‍ഡിആര്‍എഫ് എന്നിങ്ങനെ വിവിധ സേനകളുടെ പ്രതിനിധികള്‍ സെന്ററില്‍ തയ്യാറാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വയനാട് ഉള്‍പ്പടെ പല സ്ഥലങ്ങളിലും വന്‍തോതില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെയും വ്യോമസേനയുടെയും സഹായം തേടിയിട്ടുണ്ട്. വയനാട്, മലപ്പുറം ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് ഹെലികോപ്റ്റര്‍ സഹായം തേടിയത്. അടിയന്തരമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കടുത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും കാരണം സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കി. അനുയോജ്യമായ സാഹചര്യമുണ്ടായതിന് ശേഷം മാത്രം പ്രവൃത്തി പുനരാരംഭിച്ചാല്‍ മതിയെന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. നിലമ്പൂര്‍ പോത്തുകല്‍ പാതാറില്‍ മലവെള്ളപ്പാച്ചിലില്‍ പല കുടുംബങ്ങളും ഒറ്റപ്പെട്ടു. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നാല്‍ അതിന് മുമ്പായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ മഴക്കെടുതിയില്‍ 10 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it