Kerala

രണ്ടുസീറ്റില്‍ മുറുകെപ്പിടിച്ച് കേരളാ കോണ്‍ഗ്രസ്; ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് നേതാക്കള്‍

സ്ഥാനാര്‍ഥി നിര്‍ണയുമായ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കിടെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

രണ്ടുസീറ്റില്‍ മുറുകെപ്പിടിച്ച് കേരളാ കോണ്‍ഗ്രസ്; ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് നേതാക്കള്‍
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുവേണമെന്ന നിലപാടിലുറച്ച് കേരളാ കോണ്‍ഗ്രസ്(എം). നിലവിലുള്ള ഒരു സീറ്റിന് പുറമേ മറ്റൊരു സീറ്റുകൂടി വേണമെന്ന് പി ജെ ജോസഫ് വിഭാഗം നിലപാട് സ്വീകരിച്ചതാണ് തര്‍ക്കവിഷയമായത്. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് വ്യക്തമാക്കി. കോട്ടയത്തിന് പുറമേ ഇടുക്കി സീറ്റോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. കേരളാ കോണ്‍ഗ്രസിന് മുമ്പ് മൂന്ന് സീറ്റുകള്‍ കിട്ടിയപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ട്. അത് ഇത്തവണയും ആവര്‍ത്തിക്കുമെന്നും 12ന് തിരുവനന്തപുരത്ത് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും ജോസഫ് വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ചോദിക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി ചോദിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. സീറ്റ് ചോദിക്കുന്നത് സമ്മര്‍ദ്ദമല്ലെന്നും കൂടിയാലോചനകളിലൂടെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നത്. ഓരോ പാര്‍ട്ടിക്കുമുള്ള അവകാശമാണ് സീറ്റ് ചോദിക്കുന്നതെന്നും കെ മുരളീധരന് മറുപടിയായി മാണി പറഞ്ഞു. തങ്ങളായിട്ട് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

അവഗണനയിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് പി ജെ ജോസഫ് വീണ്ടും കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തുന്നത്. കൈവശമുള്ള ലോക്‌സഭാ സീറ്റും രാജ്യസഭാ സീറ്റും മാണിവിഭാഗം കൈവശപ്പെടുത്തിയാണ് ജോസഫിനേയും കൂട്ടരേയും അലോസരപ്പെടുത്തുന്നത്. ഇനി ഒരുസീറ്റ് മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്.

അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയുമായ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കിടെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസില്‍ മികച്ച സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ പരിഗണിക്കുമെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.

Next Story

RELATED STORIES

Share it