Latest News

പന്നിയങ്കര ടോള്‍; സൗജന്യപാസ് മൂന്നു മാസത്തിലൊരിക്കല്‍ പുതുക്കണമെന്ന വ്യവസ്ഥയ്‌ക്കെതിരേ പ്രതിഷേധം

പന്നിയങ്കര ടോള്‍; സൗജന്യപാസ് മൂന്നു മാസത്തിലൊരിക്കല്‍ പുതുക്കണമെന്ന വ്യവസ്ഥയ്‌ക്കെതിരേ പ്രതിഷേധം
X

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്ക് അനുവദിച്ച സൗജന്യപാസ് മൂന്നു മാസത്തിലൊരിക്കല്‍ പുതുക്കണമെന്ന വ്യവസ്ഥയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. പുതുക്കല്‍ നടപടികള്‍ ലളിതമാക്കണമെന്നും കാലാവധി വര്‍ഷത്തില്‍ ഒരിക്കല്‍ ആക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലെ വ്യവസ്ഥപ്രകാരം സൗജന്യപാസ് പുതുക്കുന്നതിനായി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ടോള്‍ കമ്പനിയുടെ ഓഫീസില്‍ നേരിട്ട് ഹാജരാക്കണം. പുതുക്കല്‍ കാലയളവ് വര്‍ഷത്തിലൊരിക്കല്‍ ആക്കണമെന്ന ആവശ്യത്തിന് കരാര്‍കമ്പനി അനുകൂല നിലപാട് സൂചിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

മൂന്നു മാസത്തെ കാലാവധി പിന്നിട്ടിട്ടും പാസ് പുതുക്കാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കല്‍ ആരംഭിച്ചതോടെയാണ് പ്രതിഷേധം വീണ്ടും ശക്തമായത്. ടോള്‍ പ്ലാസയില്‍ നിന്ന് 7.5 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശവാസികള്‍ക്കാണ് നിലവില്‍ സൗജന്യപാസ് അനുവദിച്ചിരിക്കുന്നത്. പരിധിക്കുള്ളില്‍ താമസിക്കുന്നവര്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ സൗജന്യം അനുവദിക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച വാഹനയുടമകള്‍ക്ക് മാത്രമാണ് സൗജന്യം തുടരുന്നതെന്നും രണ്ടാംഘട്ടത്തില്‍ അപേക്ഷിച്ചവര്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അപേക്ഷകള്‍ പരിഗണനയിലാണെന്ന് കരാര്‍കമ്പനി വ്യക്തമാക്കുന്നുണ്ടെങ്കിലും നടപടികള്‍ വൈകുന്നതായാണ് ആരോപണം. രണ്ടു വാഹനങ്ങളുള്ള കുടുംബങ്ങള്‍ക്ക് ഒരൊറ്റ വാഹനത്തിനാണ് സൗജന്യം അനുവദിക്കുന്നതെന്ന വ്യവസ്ഥയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പ്രദേശവാസികളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പന്തലാംപാടം സംയുക്ത സമരസമിതി കഴിഞ്ഞ ദിവസം ടോള്‍ പ്ലാസയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിഷയത്തില്‍ ത്വരിതപരിഹാരം ആവശ്യപ്പെട്ട് തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സമരസമിതി പ്രതിനിധികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it