Kerala

യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷനെ ജോസ് കെ മാണി വിഭാഗം പുറത്താക്കി

പി ജെ ജോസഫിനൊപ്പം നിലകൊള്ളുന്ന സംസ്ഥാന പ്രസിഡന്റ് സജിമോന്‍ മഞ്ഞക്കടമ്പിലിനെയാണ് പുറത്താക്കിയിരിക്കുന്നത്. കോട്ടയത്ത് ചേര്‍ന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയാണ് അധ്യക്ഷനെ പുറത്താക്കി പ്രമേയം പാസാക്കിയത്.

യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷനെ ജോസ് കെ മാണി വിഭാഗം പുറത്താക്കി
X

കോട്ടയം: നേതൃപദവിയെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന അധ്യക്ഷനെ പുറത്താക്കി ജോസ് കെ മാണി വിഭാഗം. പി ജെ ജോസഫിനൊപ്പം നിലകൊള്ളുന്ന സംസ്ഥാന പ്രസിഡന്റ് സജിമോന്‍ മഞ്ഞക്കടമ്പിലിനെയാണ് പുറത്താക്കിയിരിക്കുന്നത്. കോട്ടയത്ത് ചേര്‍ന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയാണ് അധ്യക്ഷനെ പുറത്താക്കി പ്രമേയം പാസാക്കിയത്. സാജന്‍ തൊടുകയെ യൂത്ത് ഫ്രണ്ട് (എം) ന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രമേയം അവതരിപ്പിച്ചത്.

ജില്‍സ് പെരിയപ്പുറം പിന്താങ്ങി. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതിനിടെ ഇരുവിഭാഗവും പരസ്പരം ഭാരവാഹികളെ പുറത്താക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വയനാട് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് എന്നിവരെ പി ജെ ജോസഫ് വിഭാഗം പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ജോസഫിനെ അനുകൂലിക്കുന്ന സജി മഞ്ഞക്കടമ്പിലിനെതിരേ ജോസ് കെ മാണി വിഭാഗം നടപടിയെടുത്തത്.

അതേസമയം, ആള്‍ക്കൂട്ടം കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തിരഞ്ഞെടുത്തതിന് സമാനമായ നടപടിയാണിതെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. സജി മഞ്ഞക്കടമ്പില്‍ പ്രസിഡന്റായി തുടരുമെന്നും ജോസഫ് വ്യക്തമാക്കി. യൂത്ത് ഫ്രണ്ടിന്റെ 49ാം ജന്‍മദിനം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തിരുവനന്തപുരത്തും കോട്ടയത്തുമായി രണ്ടായാണ് ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് എല്‍എംഎസ് ഓര്‍ഫനേജിലെ കുരുന്നുകള്‍ക്കൊപ്പമാണ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷതവഹിക്കുന്ന ആഘോഷം. പി ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോട്ടയത്തു ജന്‍മദിനാഘോഷം ഇന്ന് രാവിലെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് നടന്നത്.

വൈസ് പ്രസിഡന്റ് ജോസഫ് സൈമണ്‍ അധ്യക്ഷതവഹിച്ചു. ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. അതിനിടെ, പുതിയ യൂത്ത് ഫ്രണ്ട് പ്രസിഡന്റ് നേതാവിന് പറ്റിയ അനുയായി ആണെന്ന് കേരള യുവജനപക്ഷം (സെക്യുലര്‍) കോട്ടയം ജില്ലാ പ്രസിഡന്റ് കൃഷ്ണരാജ് കുറ്റപ്പെടുത്തി. കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ പ്യൂണ്‍ പോസ്റ്റില്‍ നിയമനം നടത്തുന്നതിന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിക്കുന്ന ശബ്ദരേഖ ഉള്‍പ്പടെ പുറത്തുവന്ന് തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്ത സാജന്‍ തൊടുകയെ സംസ്ഥാന പ്രസിഡന്റാക്കിയതുവഴി അഴിമതിയെ പ്രോല്‍സാഹിപ്പിക്കുന്ന പാര്‍ട്ടിയുടെ നിലപാട് വീണ്ടും വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it