Kerala

താന്‍ ജയിച്ചത് ബിജെപിയുടെ വോട്ടു വാങ്ങിയല്ല; മുഖ്യമന്ത്രി തൃപ്പൂണിത്തുറയിലെ ജനങ്ങളെ അപമാനിക്കന്നുവെന്ന് കെ ബാബു

2016 ല്‍ ബിജെപി ക്ക് ലഭിച്ചത് 29843 വോട്ടായിരുന്നു. പ്രസിദ്ധ ആധ്യാത്മിക പ്രഭാഷകനും മികച്ച കോളജ് അധ്യാപനുമായിരുന്ന പ്രഫ. തുറവൂര്‍ വിശ്വംഭരനായിരുന്നു സ്ഥാനാര്‍ഥി. അദ്ദേഹത്തിന് ഹൈന്ദവ വിശ്വാസികളുടെയും പൂര്‍വ വിദ്യാര്‍ഥികളായ ശിഷ്യന്മാരുടെയും പിന്തുണ നല്ല തോതില്‍ ലഭിച്ചു.ഇന്നലെ വരെ കോണ്‍ഗ്രസ്സില്‍ നിന്ന് എല്ലാം നേടിയ ശേഷം കൂടുതല്‍ ഭാഗ്യം തേടി വന്ന ഇത്തവണത്തെ ബിജെപി സ്ഥാനാര്‍ഥിക്ക് പ്രഫ. തുറവൂര്‍ വിശ്വംഭരനേക്കാള്‍ ഏറെ എന്തു മികവും ആകര്‍ഷകത്വവുമാണ് ഉള്ളതെന്ന് ചിന്തിക്കണമെന്നും കെ ബാബു പറഞ്ഞു

താന്‍ ജയിച്ചത് ബിജെപിയുടെ വോട്ടു വാങ്ങിയല്ല; മുഖ്യമന്ത്രി തൃപ്പൂണിത്തുറയിലെ ജനങ്ങളെ അപമാനിക്കന്നുവെന്ന് കെ ബാബു
X

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ഥിയായ താന്‍ തൃപ്പൂണിത്തുറയില്‍ ജയിച്ചത് ബി ജെ പി യുടെ വോട്ട് വാങ്ങിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നും, അത് തൃപ്പൂണിത്തുറയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും തൃപ്പൂണിത്തുറയിലെ നിയുക്ത എംഎല്‍എ കെ ബാബു പറഞ്ഞു.തൃപ്പൂണിത്തുറയില്‍ 2016 ല്‍ ബിജെപി ക്ക് ലഭിച്ചത് 29843 വോട്ടായിരുന്നു. പ്രസിദ്ധ ആധ്യാത്മിക പ്രഭാഷകനും മികച്ച കോളജ് അധ്യാപനുമായിരുന്ന പ്രഫ. തുറവൂര്‍ വിശ്വംഭരനായിരുന്നു സ്ഥാനാര്‍ഥി. അദ്ദേഹത്തിന് ഹൈന്ദവ വിശ്വാസികളുടെയും പൂര്‍വ വിദ്യാര്‍ഥികളായ ശിഷ്യന്മാരുടെയും പിന്തുണ നല്ല തോതില്‍ തന്നെ ലഭിക്കുകയും അത് വോട്ടില്‍ പ്രതിഫലിക്കുകയും ചെയ്തു.

ഇത്തവണ ബി ജെ പി ക്ക് 6087 വോട്ട് കുറയുവാനുള്ള യഥാര്‍ഥ കാരണം സത്യസന്ധമായി ബി ജെ പിയും സി പി എമ്മും വിലയിരുത്തണം. ഇന്നലെ വരെ കോണ്‍ഗ്രസ്സില്‍ നിന്ന് എല്ലാം നേടിയ ശേഷം കൂടുതല്‍ ഭാഗ്യം തേടി വന്ന ഇത്തവണത്തെ ബിജെപി സ്ഥാനാര്‍ഥിക്ക് പ്രഫ. തുറവൂര്‍ വിശ്വംഭരനേക്കാള്‍ ഏറെ എന്തു മികവും ആകര്‍ഷകത്വവുമാണ് ഉള്ളതെന്ന് ചിന്തിക്കണമെന്നും കെ ബാബു പറഞ്ഞു.2016 ല്‍ ബിജെപി യോടൊപ്പം ബിഡിജെഎസ് ശക്തമായി നിലയുറപ്പിച്ചിരുന്നു എന്ന കാര്യം വിസ്മരിക്കാനാവില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചരണത്തിന് എത്തിയതും അവര്‍ക്ക് നേട്ടമായി മാറിയിരുന്നു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3095 വോട്ടും 2011 ല്‍ 4942 വോട്ടുമാണ് ബിജെപിക്ക് ലഭിച്ചത്. 2016 ലെ ഒരു സാഹചര്യവും ഈ തിരഞ്ഞെടുപ്പില്‍ പ്രസക്തം ആയിരുന്നില്ല എന്ന കാര്യവും മറക്കാനാവില്ല.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ക്ക് ലഭിച്ചത് 25,304 വോട്ടുകള്‍ ആയിരുന്നു തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ അത് 23,816 ആയി. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ 23,754 വോട്ട് കിട്ടുകയും ചെയ്തു.

2016ലെ പ്രത്യേക സാഹചര്യത്തില്‍ ലഭിച്ച 29,843 വോട്ട് മുഴുവന്‍ അത് ബിജെപി വോട്ട് ആയിരുന്നു എന്ന് വിലയിരുത്തുന്നത് ശരിയാണോ എന്ന് ആലോചിക്കണം. 15.1 ശതമാനത്തില്‍നിന്ന് 12.47 ശതമാനമായി ബിജെപി വോട്ട് കുറഞ്ഞു.അന്നത്തെ രാഷ്ടീയ കാലാവസ്ഥയും സ്ഥാനാര്‍ഥിയുടെ പൊതുസ്വീകാര്യതയും അന്ന് ബി ജെ പി ക്ക് തുണയായി. ഇത്തവണ ഈ അനുകൂല സാഹചര്യമൊന്നും ഉണ്ടായില്ലെന്ന് രാഷ്ടീയം സൂക്ഷമായി നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളുവെന്നും കെ ബാബു പറഞ്ഞു.ബിജെപി യും യു ഡി എഫും തമ്മില്‍ വോട്ടുകച്ചവടം നടന്നിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ വോട്ട് 39.37 ശതമാനമായി കുറയുമായിരുന്നില്ല. എല്‍ ഡി എഫിന്റെ വോട്ട് 45.33 ശതമാനമായി വര്‍ധിക്കുകയും ചെയ്യുമായിരുന്നില്ലല്ലോയെന്നും കെ ബാബു പറഞ്ഞു.

സി പി എം - ബി ജെ പി ബന്ധം ഉണ്ടെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയതും അതിന്റെ പേരില്‍ ബി ജെ പി യില്‍ ഉണ്ടായ കോലാഹലങ്ങളും മുഖ്യമന്ത്രി സൗകര്യപൂര്‍വം മറക്കുന്നു. ബി ജെ പി വോട്ട് എങ്ങോട്ട് മറിഞ്ഞു എന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ മാത്രം തെളിവായി പരിഗണിച്ചാല്‍ മതി.

ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയതുകൊണ്ടാണ് തൃപ്പൂണിത്തുറയില്‍ യുഡിഎഫ് വിജയിച്ചത് എന്ന പിണറായിയുടെ ആരോപണം തന്റെ 'പൊന്നിന്‍കുടം' ഉടഞ്ഞു തകര്‍ന്നതിന്റെ ജാള്യത മറയ്ക്കാന്‍ മാത്രമാണ്. സ്വന്തം സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തന ശൈലിയും, ഹൈന്ദവ സമൂഹത്തെ അദ്ദേഹം വേദനിപ്പിച്ചതുമൊക്കെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് സി പി എം പരിശോധിക്കുന്നത് നന്നായിരിക്കും. കോണ്‍ഗ്രസ്സും ഐക്യമുന്നണിയും പൊരുതി നേടിയ വിജയത്തെ പിണറായി വിജയന്‍ എത്ര തന്നെ ഇകഴ്ത്തിയാലും തൃപ്പൂണിത്തുറയിലെ വോട്ടര്‍മാര്‍ അത് പുച്ഛിച്ചു തള്ളുമെന്നും ബാബു പറഞ്ഞു.

Next Story

RELATED STORIES

Share it