Kerala

കീം പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയുടെ രക്ഷിതാവിനും കൊവിഡ്; തലസ്ഥാനത്ത് ആശങ്കയേറുന്നു

ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു. നേരത്തെ പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കീം പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥിയുടെ രക്ഷിതാവിനും കൊവിഡ്; തലസ്ഥാനത്ത് ആശങ്കയേറുന്നു
X

തിരുവനന്തപുരം: തലസ്ഥാനത്ത് കോട്ടൺഹിൽ സ്കൂളിൽ കീം പ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥിക്ക് കൂട്ടുവന്ന രക്ഷിതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിക്കാണ് രോ​ഗം കണ്ടെത്തിയത്. പരീക്ഷ കഴിയും വരെ ഇയാൾ സ്‌കൂൾ പരിസരത്ത് ഉണ്ടായിരുന്നു. ഇതോടെ പരീക്ഷയ്ക്കായി തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ എത്തിയ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം. ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു.

നേരത്തെ പ്രവേശന പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരകുളം സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണർ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാർഥികളെ മുഴുവൻ നിരീക്ഷണത്തിലാക്കും.

പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂൾ, കോട്ടൺഹിൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് കീം പ്രവേശന പരീക്ഷ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ വിദ്യാർഥികൾ പുറത്തേക്ക് വരികയും പുറത്ത് മാതാപിതാക്കൾ കൂട്ടും കൂടി നിൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ കണ്ടാലറിയുന്ന 600 പേർക്കെതിരെ കേസെടുത്തിരുന്നു.

മെഡിക്കൽ കോളജ്, മ്യൂസിയം പോലിസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന 300 വീതം പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്‌ സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ നടത്തിയതെന്നായിരുന്നു സർക്കാർ വാദം. തിരുവനന്തപുരം ജില്ലയിൽ ഇതുവരെ 2,326 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 93 ശതമാനത്തിനും സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. ഇന്നലെ തലസ്ഥാനത്ത് കൊവി‍ഡ് സ്ഥിരീകരിച്ച 182 പേരിൽ 170 ആളുകൾക്കും സമ്പർക്കത്തിലൂടെയായിരുന്നു രോ​ഗബാധ.

Next Story

RELATED STORIES

Share it