Kerala

കാട്ടാക്കടയില്‍ ജെസിബി ഇടിപ്പിച്ച് കൊല: നാല് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കാട്ടാക്കട സ്‌റ്റേഷനിലെ എഎസ്‌ഐ അനില്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഹരികുമാര്‍, ബൈജു, സുകേശ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്.

കാട്ടാക്കടയില്‍ ജെസിബി ഇടിപ്പിച്ച് കൊല: നാല് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: കാട്ടാക്കടയില്‍ പുരയിടത്തില്‍നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ ജെസിബി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. കാട്ടാക്കട സ്‌റ്റേഷനിലെ എഎസ്‌ഐ അനില്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഹരികുമാര്‍, ബൈജു, സുകേശ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. മണ്ണ് മാഫിയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്. കേസ് കൈകാര്യം ചെയ്തതില്‍ പോലിസിനു വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മണ്ണുമാഫിയയുടെ അതിക്രമത്തി നിന്ന് രക്ഷതേടി സംഗീതും കുടുംബവും വിളിച്ചിട്ടും പോലിസ് എത്തിയില്ലെന്നാണു അന്വേഷണത്തിലെ കണ്ടെത്തല്‍. സംഗീത് വിളിക്കുന്നത് രാത്രി 12.50നാണ്.

എന്നാല്‍, പോലിസ് എത്തിയത് രാത്രി 1.45നാണ്. അപ്പേഴേക്കും സംഗീത് ആക്രമിക്കപ്പെട്ട് മൃതപ്രായനായിരുന്നു. എട്ട് കിലോമീറ്റര്‍ ദൂരമെത്താന്‍ പോലിസെടുത്തത് ഒരുമണിക്കൂറിലേറെ സമയമാണ്. 15 മിനിറ്റുകൊണ്ട് എത്താവുന്ന ദൂരം സഞ്ചരിക്കാന്‍ ഇത്രയും സമയമെടുത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോലിസിന്റെ അനാസ്ഥയ്‌ക്കെതിരേ കൊല്ലപ്പെട്ട സംഗീതിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മണ്ണുമാഫിയക്കാര്‍ അനുവാദമില്ലാതെ മണ്ണെടുക്കുന്നുവെന്ന് അറിയിച്ചിട്ടും പോലിസ് എത്തിയില്ല. പരിസരത്ത് പോലിസ് സംഘമുണ്ടായിരുന്നിട്ടും ആക്രമണം നടന്നത് വിളിച്ചുപറഞ്ഞിട്ടും എത്തിയില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

വിളിച്ചസമയത്ത് എത്തിയിരുന്നെങ്കില്‍ സംഗീതിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് സംഗീതിന്റെ ഭാര്യ സംഗീത ആരോപിച്ചിരുന്നു. പോലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ സമ്മതിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ റൂറല്‍ എസ്പി ബി അശോക് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടിയുണ്ടായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള എട്ടുപേരെയും പോലിസ് പിടികൂടിയിരുന്നു. മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പര്‍ ഉടമ ഉത്തമന്‍, ജെസിബി ഓടിച്ച വിജിന്‍, ടിപ്പര്‍ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുന്‍, ഇവരെ സഹായിച്ച ലാല്‍കുമാര്‍, അനീഷ്, ബൈജു എന്നിവരാണ് പോലിസ് പിടിയിലായ പ്രതികള്‍.

Next Story

RELATED STORIES

Share it