Kerala

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: അന്വേഷണംസിബിഐയ്ക്ക്കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

സിപിഎം നേതാക്കള്‍ പ്രതികളായ കേസ് രാഷ്ട്രീയസമ്മര്‍ദംമൂലംഅട്ടിമറിക്കപ്പെടാന്‍സാധ്യതയുള്ളതുകൊണ്ടു കേന്ദ്ര ഏജന്‍സിയുടെ ്അന്വേഷണം അനിവാര്യമാണെന്നു ഹരജിയില്‍ പറയുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: അന്വേഷണംസിബിഐയ്ക്ക്കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിന്റെ അന്വേഷണം സിബിഐക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. തൃശ്ശൂര്‍ പൊറത്തിശ്ശേരി സ്വദേശി എം വി സുരേഷ് ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് സിപിഎം നേതാക്കള്‍ പ്രതികളായ കേസ് രാഷ്ട്രീയ സമ്മര്‍ദം മൂലം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടു കേന്ദ്ര ഏജന്‍സിയുടെ ്അന്വേഷണം അനിവാര്യമാണെന്നു ഹരജിയില്‍ പറയുന്നു.ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വലിയ സാമ്പത്തിക തിരിമറി ആയതിനാല്‍ സി.ബി.ഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റൊ കേസ് അന്വേഷിക്കണം.

പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നും ഹര്‍ജിയിലെ ആവശ്യപ്പെടുന്നു. 300 കോടിയുടെ ക്രമക്കേടാണ് കേസില്‍ ആരോപിക്കുന്നത്. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും പോലിസ് അന്വേഷണം മന്ദഗതിയിലായതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനിടയാകുമെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്ന തട്ടിപ്പില്‍ യാതൊരുവിധ സര്‍ക്കാര്‍ നടപടിയും ഡയറക്ടര്‍ ബോര്‍ഡിനെതിരെയുണ്ടായിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട പ്രതികള്‍ക്കെതിരെ ഒരു പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. സാധാരണക്കാരായ നിക്ഷേപകരുടെ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിച്ചിട്ടുണ്ടോയെന്നു അന്വേഷണ വിധേയമാക്കണമെന്നും ഹരജിയില്‍ പറയുന്നു. ഇതുവരെ നടന്നിട്ടുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിളിച്ചു വരുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.വായ്പ നല്‍കിയ വസ്തുക്കളില്‍ തന്നെ വീണ്ടും വായ്പ നല്‍കിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവയെല്ലാം തട്ടിപ്പിന്റെ ഭാഗമാണെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it