Kerala

കെ ശ്രീകുമാർ തിരുവനന്തപുരം കോർപറേഷൻ മേയർ

ചാക്ക വാർഡ്‌ കൗൺസിലറും കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമാണ്‌ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ കെ ശ്രീകുമാർ.

കെ ശ്രീകുമാർ തിരുവനന്തപുരം കോർപറേഷൻ മേയർ
X

തിരുവനന്തപുരം: എൽഡിഎഫിലെ കെ ശ്രീകുമാർ (സിപിഎം) തിരുവനന്തപുരം കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. മേയറായിരുന്ന വി കെ പ്രശാന്ത്‌ വട്ടിയൂർക്കാവ്‌ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ്‌ പുതിയ മേയറെ തിരഞ്ഞെടുത്തത്‌. ചാക്ക വാർഡ്‌ കൗൺസിലറും കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമാണ്‌ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ കെ ശ്രീകുമാർ.



രാവിലെ കൗൺസിൽ ഹാളിൽ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി പേട്ട കൗൺസിലർ ഡി അനിൽകുമാറിനേയും ബിജെപി സ്ഥാനാർഥി നേമം കൗൺസിലർ എം ആർ ഗോപനേയുമാണ്‌ തോൽപ്പിച്ചത്‌. മൂന്നു സ്ഥാനാര്‍ഥികള്‍ വന്നതിനാല്‍ രണ്ടു റൗണ്ടായിരുന്നു വോട്ടെടുപ്പ്. ആദ്യ റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി അനില്‍കുമാർ പുറത്തായി. രണ്ടാം റൗണ്ടില്‍ കെ ശ്രീകുമാറും ബിജെപിയിലെ എം ആര്‍ ഗോപനും തമ്മിലായി മത്സരം.



ആദ്യ റൗണ്ടിൽ കെ ശ്രീകുമാറിന് 42 വോട്ടും എം ആർ ഗോപന് 35 വോട്ടും ഡി അനിൽകുമാറിനു 20 വോട്ടും ലഭിച്ചു. മൂന്ന് വോട്ട് അസാധുവായി. കോൺഗ്രസ് അംഗം സി ഓമന, ബിജെപി അംഗം ജ്യോതി സതീഷ്, സ്വതന്ത്ര അംഗം എൻ എസ് ലതാകുമാരി എന്നിവരുടെ വോട്ടാണ് അസാധുവായത്. സ്വതന്ത്ര അംഗം ആർക്കും വോട്ട് ചെയ്തില്ല. രണ്ടാം റൗണ്ടില്‍ ശ്രീകുമാറിന് 42 വോട്ടും എം ആർ ഗോപന് 34 വോട്ടും ലഭിച്ചതോടെ ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.

100 അംഗങ്ങളുള്ള കോർപറേഷനിലെ കക്ഷിനില: എൽഡിഎഫ്‌-42, ബിജെപി-35, യുഡിഎഫ്‌ -21, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ്‌. പ്രശാന്ത് ജയിച്ച കഴക്കൂട്ടം ഡിവിഷന്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലാ കലക്ടർ കെ ഗോപാലക്യഷ്ണൻ വോട്ടെടുപ്പിൽ വരണാധികാരിയായി.

Next Story

RELATED STORIES

Share it