Kerala

കെ എം ബഷീറിന്റെ മരണം: ശ്രീറാമിനെ രക്ഷിക്കാൻ ഉന്നതർ ഇടപെട്ടുവെന്ന സംശയം ബലപ്പെടുന്നു

അപകടം നടന്ന് അൽപ്പസമയത്തിനകം സ്ഥലത്ത് നിന്നും കാണാതായ ബഷീറിന്റെ ഫോൺ ഇതുവരേയും കണ്ടെത്താനായിട്ടില്ല. വഫയും ശ്രീറാമും ഈ സമയങ്ങളിൽ നടത്തിയ ഫോൺ കോളുകളുടെ വിവരങ്ങൾ ശേഖരിച്ചാൽ ഉന്നത ഇടപെടൽ നടന്നതിന്റെ തെളിവുകൾ പുറത്തുവരുമെന്നതിൽ സംശയമില്ല.

കെ എം ബഷീറിന്റെ മരണം: ശ്രീറാമിനെ രക്ഷിക്കാൻ ഉന്നതർ ഇടപെട്ടുവെന്ന സംശയം ബലപ്പെടുന്നു
X

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടുവെന്ന വാദങ്ങളെ ബലപ്പെടുത്തുന്ന വിവരങ്ങൾ പുറത്ത്. അപകടം നടന്നതിന് പിന്നാലെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കിയെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. പ്രതിയായ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫാ ഫിറോസിന്റെ ഉന്നത ബന്ധങ്ങളാണ് ഇതിനാധാരം. വഫ ഫിറോസിന്‍റെ അവകാശ വാദങ്ങളും ചില അഭിമുഖങ്ങളില്‍ നടത്തിയ വിശദീകരണങ്ങളും തെറ്റാണെന്ന് ഭർത്താവ് ഫിറോസ് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉന്നതരുമായി തനിക്ക് ബന്ധമില്ലെന്ന വഫയുടെ വാദങ്ങളെ തള്ളി ഭർത്താവ് ഫിറോസ് വിവാഹമോചനത്തിനായി വക്കിൽ നോട്ടീസും അയച്ചു.

സംഭവം നടന്നയുടൻ പോലിസ് സഹായത്തോടെ അപകട സ്ഥലത്ത് നിന്നും വഫയെ വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. അതിധാരുണമായ മരണം കൺമുന്നിൽ നടന്നപ്പോഴാണ് യാതൊരു ചോദ്യം ചെയ്യലിനും മുതിരാതെ വഫയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത്. തുടർന്ന് മാധ്യമ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടതോടെ മൂന്ന് മണിക്കൂറിന് ശേഷമാണ് വഫയെ പോലിസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നത്. ഈ മൂന്ന് മണിക്കൂറിനിടയിലാണ് തെളിവുകൾ വഴിതിരിച്ചുവിടാനുള്ള നീക്കങ്ങൾ നടന്നതെന്ന സംശയമാണ് ബലപ്പെടുന്നത്. ബഷീറിന്റെ ഫോൺ അപകടസ്ഥലത്തു നിന്നും കാണാതായതും ഈ സമയത്തിനുള്ളിലാണ്. അപകടം നടന്ന് അൽപ്പസമയത്തിനകം സ്ഥലത്ത് നിന്നും കാണാതായ ഫോൺ ഇതുവരേയും കണ്ടെത്താനായിട്ടില്ല. വഫയുടേയും ശ്രീറാമിന്റേയും ഫോണുകളിൽ നിന്നും ഈ സമയങ്ങളിൽ നടത്തിയിട്ടുള്ള ഫോൺകോളുകളുടെ വിവരങ്ങൾ ശേഖരിച്ചാൽ ഉന്നത ഇടപെടൽ നടന്നതിന്റെ തെളിവുകൾ പുറത്തുവരുമെന്നതിൽ സംശയമില്ല.

എന്തായാലും തനിക്ക് കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും ഉന്നത ബന്ധമില്ലെന്നുമുള്ള വഫയുടെ വാദങ്ങൾ പൊളിയുകയാണ്. വഫയില്‍ നിന്നും വിവാഹ മോചനം നേടുവാനുള്ള നടപടികളുമായി ഫിറോസ് ഇപ്പോള്‍ മുന്നോട്ടുപോവുകയാണ്. ഇതോടെ കുടുംബത്തില്‍ ഇവര്‍ ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ശ്രീറാം ഉൾപ്പടെ നിരവധിപേരുമായി വഫക്ക് ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്ന വാദങ്ങൾ നിരത്തിയാണ് ഭർത്താവ് ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മറ്റിയായ വെള്ളൂർക്കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കൾക്കും വക്കീല്‍ നോട്ടീസിന്‍റെ കോപ്പി അയച്ചിട്ടുണ്ട്.

കാര്‍ അപടത്തിനുശേഷം വഫ ഫിറോസ് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പിന്തുണയുമായി ഭര്‍ത്താവും കുടുംബവുമുണ്ടെന്ന വാദഗതികള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ് വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍. ഇസ്‌ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തംപേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഏഴുപേജുള്ള വക്കീല്‍ നോട്ടീസിലുള്ളത്. വഫയുടെ വഴിവിട്ട ജീവിതരീതികള്‍ ചോദ്യംചെയ്യുന്ന ഘട്ടങ്ങളില്‍, തനിക്ക് കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും ഫിറോസ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ ഏഴിന് തിരുവനന്തപുരത്തെത്തിയ ഫിറോസ് വിവാഹമോചനത്തിനുള്ള പ്രാഥമികനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് മഹല്ല് കമ്മിറ്റി ഓഫിസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഭിച്ചതെന്ന് ഭാരവാഹികള്‍ സ്ഥിരീകരിച്ചു. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹജീവിതം ആരംഭിച്ചത് മുതല്‍ അപകടം നടന്ന ദിവസം വരെയുള്ള, വഫയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നോട്ടീസില്‍ വിശദീകരിക്കുന്നുണ്ട്.

നടപടികള്‍ക്കായി കഴിഞ്ഞ ഒരാഴ്ച്ച തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഫിറോസ് സ്വന്തം വീട്ടിലോ വഫ ഇപ്പോള്‍ താമസിക്കുന്ന പട്ടത്തിന് സമീപത്തുള്ള വീട്ടിലോ പോയിരുന്നില്ല. ഇതിനിടെ വഫയുടെ മാതാപിതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഫിറോസ് വഴങ്ങിയില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം അബുദാബിയിലേക്ക് മടങ്ങിയ ഫിറോസ് ഈ മാസം അവസാനത്തോടെ വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. ഇപ്പോള്‍ വഫയ്ക്കൊപ്പമുള്ള മകളെ അബുദാബിയിലേക്ക് കൂട്ടികൊണ്ട് പോകുവാനാണ് ഫിറോസ് എത്തുന്നത്.

അതിനിടെ വഫ ഫിറോസിന്‍റെ പിതാവ് കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തി. ഫിറോസിന്‍റെ മാതാപിതാക്കളെ കണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ലെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്.

Next Story

RELATED STORIES

Share it