Latest News

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന് ജാമ്യം
X

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം . കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലാണ് ജാമ്യം. ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല.കട്ടിളപ്പാളി കേസിൽ റിമാൻഡ് 90 ദിവസം പൂർത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ജാമ്യഹരജി സമർപ്പിച്ചത്. അപേക്ഷയിൽ കൊല്ലം കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.

ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളികള്‍ കടത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല.2025 നവംബർ 20നാണ് പത്മകുമാർ അറസ്റ്റിലായത്. കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയായ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് അറസ്റ്റ് ചെയ്തത്. കവർച്ച പത്മകുമാറിന്റെ കൂടി അറിവോടെയാണെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ബോർഡിന്റെ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും എൻ. വാസുവും അടക്കമുള്ളവർ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു. തന്ത്രിക്കും കോടതി ജാമ്യം നൽകി. പത്മകുമാറിനെതിരെ ദേവസ്വം ബോർഡ് മുൻ അംഗങ്ങൾ അടക്കം മൊഴി നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതി ദേവസ്വം ബോർഡ് മുൻ അംഗമായിരുന്ന കെ പി ശങ്കർദാസ് ആരോഗ്യപ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യഹരജി 23 നാണ് വിജിലൻസ് കോടതി പരിഗണിക്കുക.

Next Story

RELATED STORIES

Share it