Kerala

ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം: 10 കോടി രൂപ തട്ടിയ യുവതിയടക്കം പ്രതികള്‍ പിടിയില്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 400ല്‍ പരം ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് 10 കോടിയോളം തട്ടിയത്.

ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം:   10 കോടി രൂപ തട്ടിയ യുവതിയടക്കം പ്രതികള്‍ പിടിയില്‍
X
കൊച്ചി: ഓസ്‌ട്രേലിയയില്‍ ജോലി വിസ വാഗ്ദാനം നല്‍കി 10 കോടിയോളം രൂപ തട്ടിയെടുത്ത യുവതിയടക്കമുള്ള പ്രതികള്‍ അറസ്റ്റില്‍. ഒബിഒഇ ഓവര്‍സീസ് എഡ്യൂക്കേഷന്‍ പ്ലേസ്‌മെന്റ് സര്‍വിസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കോഴിക്കോട് തത്തമംഗലം സ്വദേശി അരുണ്‍ദാസ് (28), ഡയറക്ടര്‍ പാലക്കാട് മങ്കര സ്വദേശിനി ചിത്ര സി നായര്‍ (26), സിഇഒ കോയമ്പത്തൂര്‍ വളവടി സ്വദേശി ശാസ്തകുമാര്‍ (46), മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് കണ്ണൂര്‍ മട്ടന്നൂര്‍ എളമ്പാല സ്വദേശി വിഷ്ണു (24) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 400ല്‍ പരം ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് 10 കോടിയോളം തട്ടിയത്.

പള്ളുരുത്തി സ്വദേശി എബിന്‍ എബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിന്‍ ജോണ്‍ തുടങ്ങിയ ആറുപേരില്‍ നിന്നും 13 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. കോയമ്പത്തൂര്‍ പീളമേടിലും, കലൂര്‍ ദേശാഭിമാനി ജംഗ്ഷനിലും, ബാംഗ്ലൂര്‍ എംജി. റോഡിലും ഒബിഒഇ ഓവര്‍സീസ് എഡ്യൂക്കേഷന്‍ പ്ലേസ്‌മെന്റ് സര്‍വിസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ സ്ഥാപനത്തിന്റെ ഓഫീസില്‍ എത്തിയെങ്കിലും ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിന്റെ കോയമ്പത്തൂരിലെ കോര്‍പറേറ്റ് ഓഫീസില്‍ എത്തി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് മാസത്തിനുള്ളില്‍ എല്ലാവരുടെയും പണം തിരികെ നല്‍കാം എന്ന് കരാര്‍ ഒപ്പിട്ടു നല്‍കി തിരിച്ചയച്ചു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിച്ചില്ല. ഇതിനിടെ പരാതിക്കാര്‍ ഓഫിസില്‍ കയറാതിരിക്കാന്‍ കോടതിയില്‍ നിന്ന് അനുകൂല വിധിയും കമ്പനി അധികൃതര്‍ സമ്പാദിച്ചിരുന്നു. പലതവണ പോലീസ് പ്രതികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാറിമാറി സഞ്ചരിച്ചിരുന്ന ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാളായ വിഷ്ണു വീട്ടില്‍ എത്തിയ വിവരം ലഭിച്ചു. തുടര്‍ന്ന് നോര്‍ത്ത് പോലീസ് മട്ടന്നൂര്‍ പോലീസിന്റെ സഹായത്തോടെ ആദ്യം വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അരുണ്‍ദാസിനെയും ചിത്രയെയും പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് ശാസ്തയെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് തടയാന്‍ തമിഴ്‌നാട് പോലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി, നോര്‍ത്ത് എസ്എച്ച്ഒ കെ ജെ പീറ്റര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം എസ് അനസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ശ്രീകുമാര്‍, എസ്‌സിപിഒ മാരായ വിനോദ് കൃഷ്ണ, റെക്‌സിന്‍ പൊടുത്താസ്, സിപിഒ അജിലേഷ് ഡബ്ല്യുസി.പിഒ സരിത എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it