Latest News

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50% സീറ്റ് നല്‍കും : വി ഡി സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50% സീറ്റ് നല്‍കും : വി ഡി സതീശന്‍
X

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വന്‍ തലമുറമാറ്റം ഉണ്ടാകുമെന്ന് സൂചന നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50 ശതമാനം പ്രാതിനിധ്യം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സതീശന്‍ നിലപാട് വ്യക്തമാക്കിയത്. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നും, പാര്‍ട്ടിയിലെയും നിയമസഭയിലെയും പ്രതിനിധിത്വത്തില്‍ അന്‍പതു ശതമാനം യുവാക്കളും സ്ത്രീകളും ആയിരിക്കണമെന്ന തീരുമാനമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും സതീശന്‍ പറഞ്ഞു.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ വ്യക്തമായ തലമുറമാറ്റം ഉണ്ടാകും. യുവാക്കളും കഴിവുള്ള പ്രമുഖരുമായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലുണ്ടെന്നും, സിപിഎമ്മിനോട് വ്യത്യസ്തമായി ശക്തമായ രണ്ടാംനിരയും മൂന്നാംനിരയും കോണ്‍ഗ്രസിനുണ്ടെന്നും സതീശന്‍ അവകാശപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം അനുകൂല രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന് നിരവധി നിയമസഭാ സീറ്റുകള്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലതവണ പരാജയപ്പെട്ടവര്‍ സമ്മര്‍ദ്ദം ചെലുത്തി വീണ്ടും മല്‍സരിച്ചതാണ് എല്‍ഡിഎഫിന് ഗുണം ചെയ്തതെന്നും, ഇത്തവണ അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചതായി സതീശന്‍ ചൂണ്ടിക്കാട്ടി. സിപിഎം ജയിച്ച ചേലക്കരയില്‍ പോലും ഭൂരിപക്ഷം 40,000ല്‍ നിന്ന് 12,000 ആയി കുറഞ്ഞതായും, നിലവിലെ യുഡിഎഫ് അനുകൂല പ്രവണത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിന് ഇല്ലെന്നും, യുഡിഎഫ് കൂട്ടായ നേതൃത്വത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം നടപടിക്രമങ്ങള്‍ക്കനുസൃതമായി എഐസിസി ആയിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it