Latest News

ചിറ്റൂരില്‍ ആറു വയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത

ചിറ്റൂരില്‍ ആറു വയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത
X

പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറു വയസ്സുകാരനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് (6) ഇന്ന് രാവിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂര്‍ പോലിസിന്റെ നേതൃത്വത്തില്‍ 21 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങുന്നത് പതിവായിരുന്നതിനാല്‍ കാണാതായ വിവരം വീട്ടുകാര്‍ വൈകിയാണ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു.

തിരച്ചിലിന്റെ ഭാഗമായി സ്ഥലത്തെത്തിയ ഡോഗ് സ്‌ക്വാഡിലെ പോലിസ് നായ വീടിനടുത്തുള്ള ഒരു കുളത്തിന്റെ അരികിലേക്ക് മണം പിടിച്ചെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആ കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ ഇന്ന് മൃതദേഹം കണ്ടെത്തിയത് ഇതിന് ഏകദേശം 100 മീറ്റര്‍ അകലെയുള്ള മറ്റൊരു കുളത്തിലാണ്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കാണാതായതില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ സഹോദരന്‍ കുട്ടിയെ ബാഡ് ബോയ് എന്ന് വിളിച്ചതിനെ തുടര്‍ന്ന് സുഹാന്‍ പിണങ്ങി പുറത്തേക്ക് പോയതായിരിക്കാമെന്നാണ് ബന്ധുക്കളുടെ നിഗമനം. എന്നിരുന്നാലും, നിമിഷങ്ങള്‍ക്കകം ഇത്ര ദൂരം കുട്ടിക്ക് തനിയെ പോകാന്‍ സാധിക്കില്ലെന്നും, ആരോ കുട്ടിയെ കൊണ്ടുപോയിരിക്കാമെന്നുമാണ് സംശയം. മൃതദേഹം കണ്ടെത്തിയ കുളം പ്രധാന റോഡില്‍ നിന്ന് അകലെയാണ്. റോഡില്‍ നിന്ന് ചാല്‍ കടന്നാണ് കുളത്തിനരികിലെത്തേണ്ടത്. ചെറിയ പാലങ്ങളിലൂടെയോ ചാലുകളിലൂടെയോ ഒരു ആറു വയസ്സുകാരന്‍ തനിയെ അവിടെയെത്തുക അസ്വാഭാവികമാണെന്ന് നഗരസഭാ ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു. കുട്ടി സാധാരണയായി സഹോദരനൊപ്പം സമീപത്തെ പാര്‍ക്കിലേക്കാണ് കളിക്കാന്‍ പോകാറുള്ളതെന്നും, ഈ കുളത്തിന്റെ ഭാഗത്തേക്ക് വരാറില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

മൃതദേഹം കണ്ടെത്തിയ കുളത്തില്‍ ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയും ആളുകള്‍ കുളിച്ചിരുന്നുവെന്നും, അപ്പോഴൊന്നും അസാധാരണമായ ഒന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. കുളത്തിന്റെ ഘടന അനുസരിച്ച് കാല്‍ വഴുതി വീഴാനുള്ള സാധ്യത വളരെ കുറവാണെന്നും, കുളത്തിലേക്ക് ഇറങ്ങിയാല്‍ മാത്രമേ അപകടം സംഭവിക്കുകയുള്ളുവെന്നും നഗരസഭാ ചെയര്‍മാന്‍ വ്യക്തമാക്കി. കുട്ടിയുടെ മരണം അപകടമാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണൊ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ബന്ധുക്കളും നാട്ടുകാരും ഉന്നയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it