Kerala

അന്തര്‍ സംസ്ഥാന മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണി 'ചെറി ബൂമര്‍' പിടിയില്‍

ഇയാളുടെ പക്കല്‍ നിന്നും 110 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ഒറീസയിലെ കട്ടക്കില്‍ നിന്നുമാണ് കേരളത്തില്‍ മയക്കുമരുന്ന് എത്തിക്കുന്നത്. മുന്‍കൂട്ടി നല്‍കുന്ന ഓര്‍ഡര്‍ അനുസരിച്ചാണ് ആവശ്യക്കാര്‍ക്ക് മയക്ക് മരുന്നുകള്‍ എത്തിച്ചിരുന്നത്. കേരളത്തില്‍ തീവണ്ടികളില്‍ പരിശോധന കര്‍ശനമാക്കിയതോടെ കട്ടക്കില്‍ നിന്ന് തീവണ്ട മാര്‍ഗം ചെന്നൈയില്‍ എത്തി അവിടെ നിന്ന് ബസ്സില്‍ ആണ് കേരളത്തില്‍ എത്തുന്നത്

അന്തര്‍ സംസ്ഥാന മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണി ചെറി ബൂമര്‍  പിടിയില്‍
X

കൊച്ചി: അന്തര്‍ സംസ്ഥാന മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണികളിലൊരാള്‍ പിടിയിലായി. കേരളത്തില്‍ വിവിധ ഇടങ്ങളായി മയക്ക് മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന ഒഡിഷ സ്വദേശി 'ചെറി ബൂമര്‍' എന്ന വിളിപ്പേരുള്ള സൂര്യ സണ്‍ സേത്ത് (27) എന്നയാളെയാണ് ആലുവ റേഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 110 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ഒറീസയിലെ കട്ടക്കില്‍ നിന്നുമാണ് കേരളത്തില്‍ മയക്കുമരുന്ന് എത്തിക്കുന്നത്. മുന്‍കൂട്ടി നല്‍കുന്ന ഓര്‍ഡര്‍ അനുസരിച്ചാണ് ആവശ്യക്കാര്‍ക്ക് മയക്ക് മരുന്നുകള്‍ എത്തിച്ചിരുന്നത്. കേരളത്തില്‍ തീവണ്ടികളില്‍ പരിശോധന കര്‍ശനമാക്കിയതോടെ കട്ടക്കില്‍ നിന്ന് തീവണ്ട മാര്‍ഗം ചെന്നൈയില്‍ എത്തി അവിടെ നിന്ന് ബസ്സില്‍ ആണ് കേരളത്തില്‍ എത്തുന്നത്. കേരളത്തില്‍ 'ചെറി ബൂമര്‍ '' എന്നറിയപ്പെടുന്ന ഇയാളുടെ മയക്കുമരുന്നുകള്‍ക്ക് ആവശ്യക്കാള്‍ ഏറെയാണ്. മായം ചേര്‍ക്കാത്ത മയക്കുമരുന്നുകളാണ് വില്‍പ്പന നടത്തുന്നത് എന്നതാണ് ഇയാളുടെ മയക്ക് മരുന്നിന് ഡിമാന്റ് കൂടാന്‍ കാരണമത്രെ. കട്ടക്ക് ടൗണിലെ 'അലിഗര്‍ ദാദ ' എന്നയാളില്‍ നിന്നുമാണ് മൊത്തമായി ഹാഷിഷ് ഓയില്‍ വാങ്ങുന്നതെന്നും, ഇതിന് മുന്‍പ് പല തവണ കേരളത്തില്‍ വിവിധ ഇടങ്ങളിലായി കഞ്ചാവും, ഹാഷിഷ് ഓയിലും ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍സമ്മതിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി പറഞ്ഞു.

പാലക്കാടും തൃശുരും, ആവശ്യക്കാര്‍ക്ക് ഹാഷിഷ് ഓയില്‍ നല്‍കിയ ശേഷം കൊച്ചി പനമ്പിള്ളി നഗറില്‍ ഹാഷിഷ് ഓയില്‍ എത്തിക്കുന്നതിന് വേണ്ടി ഇടനിലക്കാരനായ 'ഇക്ക' എന്നയാളെ തിരക്കി ഇയാള്‍ ആലുവ ചൂണ്ടി എന്ന സ്ഥലത്ത് വരുന്നുണ്ടെന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ടീം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 'ചെറി ബൂമര്‍ '' എന്ന ലേബലില്‍ വില്‍ക്കുന്ന ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 2500 രൂപയാണ് ഇയാള്‍ ഈടാക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃത മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ ശക്തമായ നടപടികള്‍ ആണ് സ്വീകരിച്ച് വരുന്നതെന്ന് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഈ മാസമാദ്യം 10 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ആസം സ്വദേശിയെ ആലുവ റേഞ്ച് എക്‌സൈസ് ടീം അറസ്റ്റ് ചെയ്തിരുന്നു. 'ചെറി ബൂമര്‍' എന്ന ഇയാളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന ലോബിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ വാസുദേവന്‍, സജീവ് കുമാര്‍, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it