Latest News

ജീവപര്യന്തം തടവ് റദ്ദാക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹം: വിമന്‍ ഇന്ത്യ മൂവ്മെന്റ്

ജീവപര്യന്തം തടവ് റദ്ദാക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹം: വിമന്‍ ഇന്ത്യ മൂവ്മെന്റ്
X

ന്യൂഡല്‍ഹി: ഉന്നാവോയിലെ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പുറത്താക്കപ്പെട്ട ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിന് ലഭിച്ച ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധിയില്‍ വിമന്‍ ഇന്ത്യ മൂവ്മെന്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ തീരുമാനം രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ തകര്‍ച്ചയെയും സ്ത്രീ സുരക്ഷ നേരിടുന്ന ഭീഷണിയെയുമാണ് സൂചിപ്പിക്കുന്നത്.

ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിലും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിലും സര്‍ക്കാരും അന്വേഷണ ഏജന്‍സികളും പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം വിധികള്‍ പുറത്തുവരുന്നത്. അന്വേഷണത്തിലെ വീഴ്ചകളും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടി ശിക്ഷാവിധികള്‍ റദ്ദാക്കുന്നത് നീതി തേടുന്ന അതിജീവിതകളുടെ പ്രതീക്ഷകള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്.

ഉന്നാവോ കേസില്‍ അതിജീവിതയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നീതി ആവശ്യപ്പെട്ട് മുന്നോട്ടുവന്നവരെ പോലിസ് ക്രൂരമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും ജനാധിപത്യ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയെയാണ് വെളിപ്പെടുത്തുന്നത്. അധികാരമുള്ളവരെ സംരക്ഷിക്കുകയും നീതിക്കായി ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരാക്കുകയും ചെയ്യുന്ന സമീപനമാണ് ഇത്തരം നടപടികളില്‍ പ്രതിഫലിക്കുന്നത്.

സമാധാനപരമായ പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണെന്നും അതിനെ ക്രിമിനല്‍ കുറ്റമാക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിമന്‍ ഇന്ത്യ മൂവ്മെന്റ് വ്യക്തമാക്കി. അതിജീവിതയ്ക്ക് ഉടനടി സംരക്ഷണം നല്‍കണമെന്നും, പൂര്‍ണ്ണമായ സുതാര്യതയോടെ അന്വേഷണം പുനഃസംഘടിപ്പിക്കണമെന്നും, അന്വേഷണത്തിലും സുരക്ഷാ ചുമതലയിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ (suo motu) ഇടപെടണമെന്നും ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും വിമന്‍ ഇന്ത്യ മൂവ്മെന്റ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it