Kerala

ദോഹ-കണ്ണൂര്‍ വിമാനം 14 മണിക്കൂര്‍ വൈകി: പുറത്തിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം

ദോഹ-കണ്ണൂര്‍ വിമാനം 14 മണിക്കൂര്‍ വൈകി: പുറത്തിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം
X

കണ്ണൂര്‍: ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാനം 14 മണിക്കൂര്‍ വൈകിയതോടെ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ യാത്രക്കാരുടെ പ്രതിഷേധം. ദോഹയില്‍ നിന്നും ഇന്നലെ രാത്രി പത്ത് മണിക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോയുടെ 6C1716 വിമാനമാണ് പതിനാല് മണിക്കൂറോളം വൈകിയത്.

ഇന്നലെ വൈകിട്ട് ദോഹ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട വിമാനം പുലര്‍ച്ചെ നാല് മണിക്ക് ഇന്ത്യയിലേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം നല്‍കിയ വിവരം. എന്നാല്‍ രാത്രി 12 മണിയോടെ അടുത്ത അറിയിപ്പ് വന്നത് രാവിലെ പത്ത് മണിയോടെ വിമാനം പുറപ്പെടും എന്നായിരുന്നു. തലേദിവസം വൈകിട്ട് ഏഴുമണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ ഇതോടെ ഭക്ഷണം പോലും കിട്ടാതെ വലഞ്ഞു. പരാതിയുമായി ഇവര്‍ എയര്‍പോര്‍ട്ട് മാനേജറെ സമീപിച്ചതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വിമാനക്കമ്പനി നീക്കം ആരംഭിച്ചത്. യാത്രാക്കാരില്‍ ചിലര്‍ക്ക് ഫുഡ് കൂപ്പണുകള്‍ കമ്പനി വിതരണം ചെയ്തു. പൈലറ്റില്ല എന്നതാണ് വിമാനം വൈകിയതിന് കാരണമായി അധികൃതര്‍ പറഞ്ഞത്. യാത്രക്കാരുടെ പ്രതിഷേധത്തോടെ പതിനാല് മണിക്കൂര്‍ വൈകി ദോഹ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വിമാനം കണ്ണൂരിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ പ്രതിഷേധിച്ചു.

വിമാനക്കമ്പനി ജീവനക്കാര്‍ പലവട്ടം അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞ് പോലിസും ഇന്‍ഡിഗോ മാനേജറും കൂടി നടത്തിയ അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. 150ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it