Kerala

ഭരണഘടനയുടെ ബഹുസ്വരത കടുത്ത വെല്ലുവിളി നേരിടുന്നു: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

തീര്‍ച്ചയായും നമുക്ക് ജാഗ്രതയോടു കൂടി ഭരണഘടന സംരക്ഷിക്കാന്‍ ഉണര്‍ന്നിരിക്കേണ്ടതുണ്ട്.

ഭരണഘടനയുടെ ബഹുസ്വരത കടുത്ത വെല്ലുവിളി നേരിടുന്നു: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
X

പത്തനംതിട്ട: നമ്മുടെ ഭരണഘടനയുടെ ബഹുസ്വരത ഇന്ന് കടുത്ത വെല്ലുവിളി നേരിടുന്നതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ന് നമ്മുടെ ഭരണഘടന ഉറപ്പേകുന്ന ജനാധിപത്യ അവകാശങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുന്നു. ഈ ഘട്ടത്തിലാണ് രാജ്യത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനം നാം ആഘോഷിക്കുന്നത്. തീര്‍ച്ചയായും നമുക്ക് ജാഗ്രതയോടു കൂടി ഭരണഘടന സംരക്ഷിക്കാന്‍ ഉണര്‍ന്നിരിക്കേണ്ടതുണ്ട്. പൂര്‍വികര്‍ ത്യാഗത്തിലൂടെയും സഹനത്തിലൂടെയും നേടിയെടുത്ത നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കണം. സാമ്രാജ്യത്വത്തിനെതിരായ ജനങ്ങളുടെ പോരാട്ടത്തെ സംരക്ഷിച്ചു നിര്‍ത്തണം. നമ്മുടെ ചേരിചേരാനയം രാജ്യത്തിന്റെ മഹത്വം ലോകമെമ്പാടും ഉയര്‍ത്തിയിരുന്നു. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറല്‍ സംവിധാനവും ജനാധിപത്യ ജീവവായുവും സംരക്ഷിക്കാന്‍ നമുക്ക് അതീവ ജാഗ്രതയോടെ കാവല്‍ ഇരിക്കേണ്ടതുണ്ട്.


ദീര്‍ഘമായ സംവാദങ്ങള്‍, ചര്‍ച്ചകള്‍ വഴി സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി നമ്മുടെ രാഷ്ട്രം പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ അടിത്തറ, ഫെഡറല്‍ സംവിധാനം, ജനാധിപത്യ സംവിധാനം, മതനിരപേക്ഷത, ബഹുസ്വരത കാത്തുസൂക്ഷിക്കുക തുടങ്ങിയ ആണിക്കല്ലുകളാലാണ് നമ്മുടെ ഭരണഘടന എഴുതിച്ചേര്‍ക്കപ്പെട്ടത്. സമാനതകളില്ലാത്ത സഹനത്തിന്റെയും ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും നാളുകളില്‍ കൂടിയാണ് ദേശാഭിമാനികളായ പൂര്‍വികര്‍ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. ആ സ്വാതന്ത്ര്യ ദിനത്തിന് രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നമ്മുടെ പൂര്‍വികര്‍ ഇന്ത്യ എന്തായിരിക്കണം എന്നതിന് ഭരണഘടന തയാറാക്കിയത്.

മഹാനായ കവി ടാഗോര്‍ നമ്മെ പഠിപ്പിച്ചത് എവിടെ മനസ് നിര്‍ഭയം ആയിരിക്കുന്നുവോ, എവിടെ നമ്മുടെ ശിരസ് ഉയര്‍ന്നിരിക്കുന്നുവോ, എവിടെ നമ്മുടെ അറിവ് അതിരുകളില്ലാതെ മുന്നോട്ടു പോകുന്നുവോ, അപ്പോഴാണ് രാജ്യത്തെ സംരക്ഷിക്കാന്‍ നമുക്ക് കഴിയുന്നത്. നമ്മുടെ മനസ് നിര്‍ഭയമായിരിക്കാന്‍, നമ്മുടെ ശിരസ് എപ്പോഴും ഉയര്‍ന്നിരിക്കാന്‍, നമ്മുടെ അറിവിനെ തടസമില്ലാത്തവണ്ണം മുന്നേറാന്‍, നമ്മുടെ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാന്‍, നമുക്ക് ജാഗ്രതയോടെ ഉണര്‍ന്നിരിക്കാമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരി ലോകമാകെ ഗ്രസിച്ചിരിക്കുമ്പോള്‍ അതിന്റെ നടുവിലാണ് 74-ാമത് സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ സ്വാതന്ത്ര്യ ദിന പരേഡുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വളരെ പരിമിതമായ തോതില്‍ പരേഡ് ഒഴിവാക്കി പൊതുജന സാന്നിധ്യം പരമാവധി കുറച്ച് സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിക്കാന്‍ രാജ്യം നിര്‍ബന്ധിതമായെന്നും മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി, വീണാ ജോര്‍ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, എഡിഎം അലക്‌സ് പി തോമസ്, അസിസ്റ്റന്‍ഡ് കളക്ടര്‍ വി. ചെല്‍സാ സിനി, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസ്ലിന്‍ സന്തോഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍ നഗരസഭ അധ്യക്ഷന്‍ എ. സുരേഷ് കുമാര്‍, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it